ഷാര്‍ജ: ഏഴാമത് ഷാര്‍ജ വിളക്കുത്സവത്തിന് 13 ഇടങ്ങളില്‍ തിരിതെളിഞ്ഞു. സപ്ത സ്വരങ്ങളും വര്‍ണങ്ങളും കൂടിക്കലര്‍ന്ന ചന്തം കെട്ടിട ചുവരുകളിലും കായല്‍പരപ്പിലും പുല്‍മേടുകളിലും നൃത്തം വെക്കുന്നത് കാണാന്‍ വടക്കന്‍ കാറ്റും മഴയുമത്തെി. പൊടിക്കാറ്റ് ജനജീവിതം ദുസ്സഹമാക്കിയെങ്കിലും ദീപോത്സവം കാണാന്‍ നല്ല ആള്‍ക്കൂട്ടമുണ്ടായിരുന്നു. എന്നാല്‍ മഴകാരണം പലവട്ടം വിളക്ക് അണക്കേണ്ടി വന്നു. മണിക്കൂറുകളാണ് ഉദ്ഘാടന പരിപാടി മാറ്റി വെച്ചത്.
ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രകാശത്തെ ചലിക്കുന്ന ചിത്രങ്ങളാക്കി മാറ്റുന്ന ദൃശ്യ ചാരുതയില്‍ പിറന്നതൊക്കെയും ഷാര്‍ജയുടെ സാംസ്കാരിക മഹിമകളും ഭൂപ്രകൃതിയുമായിരുന്നു. സെക്കന്‍റിടവിട്ട് നിറങ്ങള്‍ മാറിമറിയുന്ന സുന്ദര കാഴ്ചകളാണ് ദീപോത്സവം പകരുന്നത്. തണുത്ത സന്ധ്യയെ തരളിതമാക്കി പാതിരാവോളം തുടരുന്ന ദീപങ്ങളുടെ മാസ്മരികതയില്‍ നിലാവുപോലെ ഒഴുകുന്ന നേര്‍ത്ത സംഗീതവും സുഖം പകരും.
ഷാര്‍ജയിലും ഉപനഗരങ്ങളിലുമായി നടക്കുന്ന ദീപോത്സവത്തിന് 13 ഇടങ്ങളാണ് വേദിയാവുന്നത്. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമിയുടെ പ്രത്യേക നിര്‍ദേശത്തോടെ നടക്കുന്ന ദീപോത്സവം ലോകപ്രസിദ്ധമാണ്. 10 ദിവസം നീളുന്ന വിളക്കുത്സവത്തിന് സാക്ഷിയാകാന്‍ നിരവധി വിദേശ വിനോദ സഞ്ചാരികളാണ് ഷാര്‍ജയിലത്തെിയിരിക്കുന്നത്.
ആല്‍ ഖാസിമിയ സര്‍വകലാശാല, അല്‍ ഖാസിമിയ മസ്ജിദ്, യുണിവേഴ്സിറ്റി സിറ്റി ഹാള്‍, പ്ളാനിറ്റോറിയം, ജുബൈലിലെ പുതിയ പൊതു മാര്‍ക്കറ്റ്, സുപ്രീം കൗണ്‍സില്‍ ഫോര്‍ ഫാമിലി അഫെര്‍സ്, കള്‍ച്ചറല്‍ പാലസ്, കല്‍ബ കോര്‍ണീഷ് പാര്‍ക്ക്, കല്‍ബയിലെ അല്‍ ഫരീദ് സ്ട്രീറ്റിലെ ഗവ. കെട്ടിടം, ദിബ്ബ അല്‍ ഹിസന്‍, ബുഹൈറയിലെ തെരഞ്ഞെടുത്ത കെട്ടിടങ്ങള്‍ എന്നിവിടങ്ങളിലാണ് ഇത്തവണ പ്രകാശം കവിത എഴുതുന്നത്.
വെളിച്ചോത്സവത്തിന്‍െറ പ്രധാന ശ്രദ്ധാകേന്ദ്രം അല്‍ മജാസാണ്. ഖാലിദ് തടാകത്തിലെ അല്‍ നൂര്‍ തുരുത്തില്‍ ഇത്തവണ പ്രകാശവും ചിത്ര ശലഭങ്ങളും സല്ലപിക്കും. ഈന്തപ്പന കാട്ടില്‍ ഇന്‍ററാക്ടീവ് ലൈറ്റ് ഷോയും കോര്‍ണിഷിലെ ഖാലിദ് ലഗൂണില്‍ പരേഡുമുണ്ട്. വെള്ളിയാഴ്ചയാണ് ദീപോത്സവത്തിന് തിളക്കം കൂടുക. വൈകിട്ട് ആറര മുതല്‍ രാത്രി 11 വരെയും വാരാന്ത്യങ്ങളില്‍ വൈകിട്ട് ആറര മുതല്‍ രാത്രി 12 വരെയുമാണ് വെളിച്ചോത്സവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.