?????? ???? ??????
ദുബൈ: തിരുവനന്തപുരത്ത് പുതിയ യു.എ.ഇ കോണ്‍സുലേറ്റ് ബുധനാഴ്ച തുറക്കുമ്പോള്‍ മിര്‍സ അല്‍ സായേഗ് ദുബൈയിലെ ഓഫീസിലിരുന്ന് നാലര പതിറ്റാണ്ടോളം മുമ്പുള്ള തന്‍െറ നിയോഗത്തെക്കുറിച്ച് ഓര്‍ക്കുകയായിരുന്നു. 1973ല്‍ ബോംബെയില്‍ യു.എ.ഇ കോണ്‍സുലേറ്റ് തുറന്നപ്പോള്‍ ആദ്യത്തെ കോണ്‍സുലേറ്റ് ജനറലായി നിയമിതനായത് മിര്‍സ അല്‍ സായേഗായിരുന്നു.
തീര്‍ത്തും ഉചിതമായ സമയത്ത് തന്നെയാണ് തിരുവനന്തപുരത്ത് കോണ്‍സുലേറ്റ് തുടങ്ങിയതെന്ന് ‘ഗള്‍ഫ് മാധ്യമ’ത്തിന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. നൂറ്റാണ്ടുകളായി കേരളവുമായുള്ള ബന്ധത്തെ യു.എ.ഇ എത്രമാത്രം വിലമതിക്കുന്നുവെന്ന് കാണിക്കുന്നതാണ് ഈ തീരുമാനം. ഡല്‍ഹി എംബസിയും മുംബൈ കോണ്‍സുലേറ്റും നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കാര്യങ്ങള്‍ ഏറെ മാറിയിട്ടുണ്ട്. കേരളവുമായുള്ള ബന്ധം ഏറെ വളര്‍ന്നു. യു.എ.ഇയിലേക്ക് ഭക്ഷ്യസാധനങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ വരവ്, തിരിച്ചുള്ള പണമടവ്, വ്യാപാരം, ബാങ്കുകള്‍, വിമാനസര്‍വീസുകള്‍ എല്ലാം കുത്തനെ വര്‍ധിച്ചിരിക്കുന്നു. 
കടല്‍വെള്ളം ശുദ്ധീകരിക്കുന്നതിനുള്ള രാസവസ്തുക്കള്‍ പണ്ട് കൊച്ചിയില്‍നിന്നാണ് യു.എ.ഇയിലേക്ക് കൊണ്ടുവന്നിരുന്നത്. അത് നേരിട്ട് കാണാന്‍ താന്‍ കൊച്ചിയില്‍ പോയിട്ടുണ്ട്. മലയാളികളുടെ പ്രഫഷണലിസവും കഠിനാധ്വാനവുമെല്ലാം അന്നേ തന്നെ വിസ്മയിപ്പിച്ചിരുന്നു. യു.എ.ഇയിലേക്കുള്ള കപ്പലുകളും ഉരുകളും കേരളത്തിലാണ് നിര്‍മിച്ചിരുന്നത്. ഈ ജലയാനങ്ങളിലായിരുന്നു യു.എ.ഇ ഉള്‍പ്പെടെ മറ്റു ഗള്‍ഫ് രാജ്യങ്ങളിലേക്കും ചരക്കുകള്‍ കടത്തിയിരുന്നത്. ആളുകള്‍ യാത്ര ചെയ്തിരുന്നത്.
അതിനുശേഷം ഏറെ പുരോഗതികളുണ്ടായി. വ്യാപാരത്തിനും പഠനത്തിനും ചികിത്സക്കുമായി ഇന്ത്യയിലേക്ക് പോകുന്ന യു.എ.ഇ സ്വദേശികളുടെ എണ്ണവും കൂടി. പുതിയ കാലത്ത് കാര്യങ്ങള്‍ എളുപ്പമാക്കാന്‍ കൂടുതല്‍ ഓഫീസുകളും സംവിധാനങ്ങളും ആളുകളും ആവശ്യമാണ്. യു.എ.ഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്യാന്‍ ഇക്കാര്യത്തില്‍ പ്രത്യേകം താല്‍പര്യമുള്ളയാളാണ്. 
1973ല്‍ ബോബെയില്‍ യു.എ.ഇ കോണ്‍സുലേറ്റ് തുറന്നതിന് പിന്നിലെ ചരിത്രം ഇപ്പോള്‍ ദുബൈ ഉപഭരണാധികാരിയും യു.എ.ഇ ധനകാര്യ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ ഓഫീസ് ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന  മിര്‍സ അല്‍ സായേഗ് വിശദീകരിച്ചു. അന്നത്തെ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സ്വരണ്‍സിങ്ങിന്‍െറ യു.എ.ഇ സന്ദര്‍ശനമായിരുന്നു ഇതിന് വിത്തിട്ടത്.  യു.എ.ഇക്ക് അന്ന് രണ്ടുവയസ്സ് മാത്രം. പിന്തുണയും സഹായവും അഭ്യര്‍ഥിച്ച് യു.എ.ഇ എല്ലാ രാജ്യങ്ങള്‍ക്കും കത്തയച്ചപ്പോള്‍ ആദ്യം പ്രതികരിച്ചത് ഇന്ത്യയായിരുന്നു. അങ്ങനെ ആദ്യമായി ഒരു ഇന്ത്യന്‍ മന്ത്രി, അതും  ലോകം മുഴുവന്‍ ഏറെ ആദരിക്കുന്ന സ്വരണ്‍സിങ് വരുന്നു എന്നറിഞ്ഞപ്പോള്‍ അദ്ദേഹത്തെ എങ്ങനെ സ്വീകരിക്കണമെന്ന പങ്കപ്പാടായിരുന്നു യു.എ.ഇ നേതൃത്വത്തിന്. ഇന്ത്യയുമായുള്ള ബന്ധം വളരെ പ്രധാനമായതിനാല്‍ തന്നെ ആ സന്ദര്‍ശനം വന്‍വിജയമാക്കണമെന്ന് ഉറപ്പിച്ചിരുന്നു. അതിന്‍െറ മുന്നോടിയായി ഇന്ത്യയിലെ യു.എ.ഇ അംബാസഡര്‍ 15 ദിവസം മുമ്പ് തന്നെ അബൂദബിയിലും ദുബൈയിലും ഒരുക്കങ്ങള്‍ വിലയിരുത്താനും കരാറുകള്‍ തയാറാക്കാനും എത്തി. ഇന്ത്യയിലെ ഒരുക്കങ്ങള്‍ക്കും സ്വരണ്‍സിങ്ങിന്‍െറയും സംഘത്തിന്‍െറയും യാത്ര എളുപ്പമാക്കാനുമായി തന്നോട് ഡല്‍ഹിയിലേക്ക് പോകാന്‍ രാഷ്ട്രപിതാവായ ശൈഖ് സായിദ് ആവശ്യപ്പെട്ടു. അങ്ങനെ ഡല്‍ഹി എംബസിയിലത്തെി. സ്വരണ്‍സിങ്ങിന്‍െറ സന്ദര്‍ശന വേളയില്‍ ഇന്ത്യയുമായി നിരവധി കരാറുകളാണ് യു.എ.ഇ ഒപ്പുവെച്ചത്. അതിന്‍െറ ഫലം ഇപ്പോഴും യു.എ.ഇ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. വ്യാപാരം, എണ്ണ കയറ്റുമതി, നിര്‍മാണ മേഖലയിലെ സഹകരണം തുടങ്ങിയവ അതിലുള്‍പ്പെടുന്നു. യു.എ.ഇയില്‍ രാസവള, സിമന്‍റ് ശാലകളെല്ലാം വരുന്നത് അന്നത്തെ കരാറുകളുടെ അടിസ്ഥാനത്തിലാണ്. അന്ന് രണ്ടു ലക്ഷത്തോളം ഇന്ത്യക്കാര്‍ മാത്രമാണ് യു.എ.ഇയിലുണ്ടായിരുന്നത്. ഇന്ന് അത് 26 ലക്ഷമായി.
സ്വരണ്‍സിങ്ങിന്‍െറ സന്ദര്‍ശനത്തിന് പിന്നാലെ യു.എ.ഇ  വൈസ് പ്രസിഡന്‍റായിരുന്ന ശൈഖ് റാശിദ് ആല്‍ മക്തൂം ഡല്‍ഹിയിലത്തെി. അന്ന് ബോംബെയിലേക്ക് പോകും മുമ്പ് ശൈഖ് റാശിദ് തന്നോട് ചോദിച്ചു നമ്മുടെ ആരാണ് അവിടെയുള്ളതെന്ന്. ആരും ഇല്ളെന്ന് പറഞ്ഞപ്പോള്‍ എങ്കില്‍ താങ്കള്‍ പോകൂ എന്ന് ശൈഖ് റാശിദ് ആവശ്യപ്പെട്ടു. അതായിരുന്നു തന്‍െറ നിയമന ഉത്തരവ്. അധികം വൈകാതെ വിദേശകാര്യവകുപ്പില്‍ മൂന്നാം സെക്രട്ടറിയായിരുന്ന തന്നെ ഒന്നാം സെക്രട്ടറിയാക്കി ഉത്തരവത്തെി. രണ്ടുമാസം കൊണ്ട് കോണ്‍സുലേറ്റ് ജനറലുമാക്കി. 40 വര്‍ഷത്തിലേറെയായി മുംബൈയിലെ കോണ്‍സുലേറ്റാണ് കേരളത്തിലെ കാര്യങ്ങള്‍ നോക്കിയിരുന്നത്. നാലു വര്‍ഷം കോണ്‍സുലേറ്റ് ജനറലായി ബോബെയിലുണ്ടായിരുന്നു. പിന്നീട് ലണ്ടനിലേക്ക് അംബാസഡറായി പോയി.
ബോംബെയിലെ തന്‍െറ ഒൗദ്യോഗിക ജോലിക്കാലത്ത് പ്രധാന ജോലികളിലൊന്ന് മലയാളികള്‍ക്ക് വിസ അനുവദിക്കലായിരുന്നു. അന്ന് 70 പേര്‍ക്ക് വരെ ഒന്നിച്ചു ഗ്രൂപ്പ് വിസ അനുവദിച്ചിരുന്നു. 30 പേര്‍ക്കുള്ള വിസ അപേക്ഷയുമായി വരുന്നവരോട് 40 പേര്‍ക്ക് കൂടി അവസരമുണ്ടെന്നും അത്രയും പേരെകൂടി കൂട്ടിക്കൊണ്ടുവരാനും താന്‍ പറയുമായിരുന്നു. ഇന്ത്യയിലേക്ക് പോയ ഇമറാത്തികളില്‍ കൂടുതല്‍ രോഗികളും വിദ്യാര്‍ഥികളുമായിരുന്നു. ക്ഷയരോഗത്തിന് മുംബൈ,പുണെ എന്നിവിടങ്ങളില്‍ നല്ല ചികിത്സ ലഭിച്ചിരുന്നതിനാല്‍ ധാരാളം ക്ഷയരോഗികള്‍ ഇന്ത്യയിലത്തെി.
1961ലാണ് താന്‍ ആദ്യമായി ഇന്ത്യയില്‍ പോകുന്നത്. തന്‍െറ മൂന്നു അമ്മാവന്‍മാര്‍ 1930 കളില്‍ തന്നെ വ്യാപാര ആവശ്യാര്‍ഥം ഇന്ത്യയിലുണ്ടായിരുന്നു. ഒരാള്‍ അവിടെനിന്നു തന്നെയാണ് വിവാഹം കഴിച്ചത്. തന്‍െറ മുത്തച്ഛനും മുത്തുവ്യാപാരത്തിനായി ഇന്ത്യയില്‍ പോയ ആളാണ്. കോണ്‍സുലര്‍ ജനറലായിരിക്കുമ്പോള്‍ എല്ലാ വര്‍ഷവും താന്‍ കേരളത്തില്‍ പോകുമായിരുന്നെന്ന്  മിര്‍സ അല്‍ സായേഗ് പറഞ്ഞു.
യു.എ.ഇയിലെ ഇന്ത്യക്കാരെക്കുറിച്ച് അദ്ദേഹം ഏറെ ബഹുമാനത്തോടെയാണ് സംസാരിച്ചത്. തങ്ങള്‍ ഇന്ത്യക്കാരെ ആശ്രയിച്ചാണ് പോകുന്നത്. രാജ്യത്തിന്‍െറ വികസനത്തിലൂം സംസ്കാരത്തിലും അവര്‍ പങ്കാളികളാണ്. ഇവിടത്തെ മികച്ച ബിസിനസുകാര്‍ ഇന്ത്യക്കാരാണ്-ഇന്ത്യന്‍ ബിസിനസ് പ്രമോഷന്‍ കൗണ്‍സില്‍ രക്ഷാധികാരി കൂടിയായ സായേഗ് പറഞ്ഞു. 207 രാജ്യക്കാര്‍ ഇവിടെ താമസിക്കുന്നു. അവരില്‍ നിന്നെല്ലാം തങ്ങള്‍ പഠിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.