ദുബൈ: വേദിയില്‍ നിറയെ സംഗീതത്തിലെ കുലപതികള്‍ ജ്വലിച്ചുനിന്നു. അല്പം മാറി അവരെ നോക്കി കൈയില്‍ ബ്രഷുമായി വരയിലെ കുലപതിയും. മലയാളത്തിന്‍െറ പ്രിയചിത്രകാരന്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരിക്ക് അവിസ്മരണീയ ആദരിക്കല്‍ ചടങ്ങാണ് വെള്ളിയാഴ്ച ദുബൈ ഒരുക്കിയത്.
ഗായകന്‍ പി.ജയചന്ദ്രന്‍, ചെണ്ട വിദ്വാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, താളവാദ്യക്കാരായ ശിവമണി, കരുണാമൂര്‍ത്തി, വയലിനിസ്റ്റ് നെയ്വേലി എസ്.രാധാകൃഷ്ണന്‍, പാരീസില്‍ നിന്നുള്ള പ്രമുഖ ഫ്ളമംഗോ നര്‍ത്തകി ബെറ്റിനോ കാസ്റ്റാനോ, ഏഷ്യയിലെ ഏക ഇരട്ടവീണ വാദകന്‍ രാജേഷ് വൈദ്യ എന്നിവരാണ് സംവിധായകന്‍ എം.എ നിഷാദ് ഒരുക്കിയ ഇന്തോ-അറബ് സാംസ്കാരിക വിരുന്നില്‍ വേദിയിലത്തെിയത്. കീ ബോര്‍ഡില്‍ അനൂപ് ആര്‍.നായര്‍ വിരലോടിച്ചു.
ഒന്നര മണിക്കൂറോളം ഗാനവും നൃത്തവും വാദ്യമേളങ്ങളും ചേര്‍ന്ന് സംഗീതസാഗരമായി നിറഞ്ഞൊഴുകുമ്പോള്‍ നമ്പൂതിരി അത് വലിയ കാന്‍വാസില്‍ പകര്‍ത്തുകയായിരുന്നു.ജുമൈറ എമിറേറ്റ്സ് ടവറിലായിരുന്നു ‘കോണ്‍ഫ്ളുവന്‍സ് എന്ന പേരിട്ട പരിപാടി. പാദം നിലത്തടിച്ച് താളം പെരുക്കിയ ഫ്ളമംഗോ നര്‍ത്തകി ബെറ്റിനോ കാസ്റ്റാനോയുടെ ചുവടുകള്‍ക്ക് ജാസും ചെണ്ടയും വയലിനും അകമ്പടിയായി. അസാധാരണമായ ആ താളപ്രവാഹം തീര്‍ത്ത മാസ്മരികതയില്‍ സദസ്സ് ലയിച്ചിരുന്നു.
അരമണിക്കൂര്‍ വാദ്യവും നൃത്തവും മാത്രമായിരുന്നും വേദിയില്‍. ശേഷം ഭാവഗായകന്‍ ജയചന്ദ്രനും ആര്‍ട്ടിസ്റ്റ് നമ്പൂതിരിയും ചേര്‍ന്നു. നമ്പൂതിരിയുടെ കാല്‍തൊട്ട് വന്ദിച്ച ശേഷമാണ് ജയചന്ദ്രന്‍ മൈക്കെടുത്തത്. ഇളയരാജയുടെ ‘രാസാത്തി വന്ന് കാണാതെ നെഞ്ച്’ ആലപിച്ചു തുടങ്ങിയതോടെ നമ്പൂതിരിയുടെ ബ്രഷ് കാന്‍വാസില്‍ നൃത്തം തുടങ്ങി. മുഹമ്മദ് റഫിയുടെ ‘ഐസ തൂ ന ദേഖോ’ എന്ന പാട്ടിലേക്ക് ജയചന്ദ്രന്‍ കടന്നതോടെ നമ്പൂതിരി വരയുടെ ഒരു ഘട്ടം പിന്നിട്ടു.
ഏതാനും പാട്ടുകള്‍ക്ക് കൂടി ശേഷം ജയചന്ദ്രന്‍ പിന്‍വാങ്ങിയപ്പോള്‍ ബെറ്റിനോ കാസ്റ്റാനോ വീണ്ടും വേദിയിലത്തെി. ബെറ്റിനോയും ശിവമണിയും ചേര്‍ന്നൊരു ജുഗല്‍ബന്ദിയായിരുന്നു പിന്നീട്.
അപ്പോള്‍ കറുത്തവരയും കടന്ന് നിറങ്ങളുടെ ലോകത്തേക്ക് നമ്പൂതിരി കടന്നിരുന്നു. ഈ ചിത്രം പിന്നീട് ലേലത്തില്‍ വില്‍ക്കാനായി വെച്ചു.
നേരത്തെ സംവിധായകന്‍ ഷാജി എന്‍ കരുണ്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കുക്കു പരമേശ്വരന്‍ അവതാരകയായിരുന്നു.
ഈ മാസം 20 മുതല്‍ 23 വരെ അല്‍ഖൂസ് ആര്‍ട്ട് ഗാലറിയില്‍ നമ്പൂതിരിയുടെ തെരഞ്ഞെടുത്ത ചിത്രങ്ങളുടെ പ്രദര്‍ശനം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.