പ്രവാസികാര്യ വകുപ്പ് മുഖ്യമന്ത്രി കൈകാര്യം ചെയ്യും; പ്രതീക്ഷയോടെ ഗള്‍ഫ് മലയാളികള്‍

ദുബൈ: പുതിയ ഇടതുപക്ഷ സര്‍ക്കാരില്‍ പ്രവാസികാര്യ വകുപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ കൈകാര്യ ചെയ്യുമെന്ന് ഉറപ്പായതോടെ ഏറെ പ്രതീക്ഷയോടെ പ്രവാസികള്‍. വര്‍ഷങ്ങളായി പ്രവാസികള്‍ ഉന്നയിക്കുന്ന നിരവധി പ്രശ്നങ്ങള്‍ അവരില്‍ നിന്ന് തന്നെ നേരിട്ട് മനസ്സിലാക്കിയ പിണറായിക്ക് വ്യക്തമായ പരിഹാര നടപടികള്‍ സ്വീകരിക്കാന്‍ കഴിയുമെന്ന ശുഭാപ്തിയിലാണ് പ്രവാസലോകം.
പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടന്ന ബുധനാഴ്ച മന്ത്രിമാര്‍ക്ക് വകുപ്പ് നിശ്ചയിച്ചപ്പോള്‍ പ്രവാസികാര്യ വകുപ്പിനെക്കുറിച്ച് പരാമര്‍മൊന്നുമില്ലാഞ്ഞത് പ്രവാസികളില്‍ അല്പം നിരാശ പടര്‍ത്തിയിരുന്നു. മുഖ്യവകുപ്പുകളുടെ കൂട്ടത്തില്‍ പ്രവാസി കാര്യ വകുപ്പിനെ പരിഗണിക്കാത്തത് ചൂണ്ടിക്കാട്ടി പ്രതിപക്ഷ കക്ഷികളുടെ പോഷക സംഘടനകള്‍ വിമര്‍ശവുമായി രംഗത്തുവരികയും ചെയ്തു. എന്നാല്‍ മന്ത്രിമാരുടെ വകുപ്പുകള്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇതു സംബന്ധിച്ച് ഗവര്‍ണറുടെ അംഗീകാരം ലഭിച്ച ശേഷമേ അന്തിമമായി ഉത്തരവ് വരൂ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. 
കേന്ദ്ര സര്‍ക്കാരിനെപ്പോലെ സംസ്ഥാന സര്‍ക്കാരും പ്രവാസികാര്യ വകുപ്പിനെ കൊല ചെയ്തെന്ന രീതിയില്‍ വ്യാഴാഴ്ച സാമൂഹിക മാധ്യമങ്ങളിലും വിമര്‍ശം പരക്കുന്നതിനിടയിലാണ് രാത്രി വൈകി ഒൗദ്യോഗിക ഉത്തരവ് പുറത്തുവന്നത്. അതോടെ നിരാശ ആഹ്ളാദത്തിന് വഴിമാറി. ഇതാദ്യമായി മുഖ്യമന്ത്രി തന്നെ വകുപ്പ് കൈകാര്യം ചെയ്യാന്‍ തീരുമാനിച്ചത് പ്രവാസികളോടുള്ള പ്രത്യേക പരിഗണനയായാണ് വിലയിരുത്തപ്പെടുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പിണറായി വിജയന്‍ പ്രവാസികളുടെ പ്രശ്നങ്ങളും പരാതികളും അഭിപ്രായങ്ങളും നേരിട്ടറിയാന്‍ വേണ്ടി യു.എ.ഇയിലത്തെിയിരുന്നു. കഴിഞ്ഞ ഡിസംബര്‍ രണ്ടു മുതല്‍ നാലു വരെ തീയതികളില്‍ പ്രവാസി സമൂഹത്തിലെ വിവിധ വിഭാഗങ്ങളുമായി നേരിട്ട് സംവദിച്ച അദ്ദേഹം തിരിച്ചുപോകും മുമ്പ് നടന്ന പൗര സമ്മേളനത്തില്‍ പ്രവാസി വിഷയങ്ങളില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കേണ്ടതെന്ന് വിശദമാക്കുകയും ചെയ്തു. 
വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നത്തെിയ പ്രതിനിധികളില്‍ നിന്ന് കേരളത്തിന്‍െറയും പ്രവാസികളുടെയും  പ്രശ്നങ്ങള്‍ മണിക്കൂറുകള്‍ സമയമെടുത്ത് അദ്ദേഹം ചോദിച്ചറിഞ്ഞു. പിന്നീട്  ‘കേരള വികസനം-വെല്ലുവിളികളും സാധ്യതകളും’ എന്ന വിഷയത്തില്‍ മാധ്യമ പ്രവര്‍ത്തകരുമായും അദ്ദേഹം സംവദിച്ചു. പ്രവാസി വിഷയങ്ങള്‍ക്കപ്പുറം കേരളം നേരിടുന്ന വിവിധ പ്രശ്നങ്ങളില്‍ പ്രവാസികളുടെ മനസ്സറിയുകയായിരുന്നു ഇതിന്‍െറ ഉദ്ദേശ്യം.
പിന്നീട്  ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഹാളില്‍ സാമൂഹിക, വ്യാപാര,വാണിജ്യ രംഗത്തുള്ള പ്രതിനിധികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഈ സംവാദത്തില്‍ സംസാരിച്ചവരെല്ലാം പിണറായി വിജയനെ  ‘ഭാവി മുഖ്യമന്ത്രി’യായി വിശേഷിപ്പിച്ചാണ് ആവലാതികളും അഭിപ്രായങ്ങളും മുന്നോട്ടുവെച്ചത്. രണ്ടരമണിക്കൂര്‍ നീണ്ട സംവാദത്തില്‍ 200 ഓളം പേര്‍ പങ്കെടുത്തു. 
യു.എ.ഇ പര്യടനത്തിലെ അവസാന ദിവസം  ഇന്‍ഡോ-അറബ് ഫെസ്റ്റില്‍  പിണറായി നടത്തിയ ഒരു മണിക്കൂര്‍ നീണ്ട പ്രഭാഷണം വിവിധ വിഷയങ്ങള്‍ അദ്ദേഹം എത്രത്തോളം ആഴത്തിലും ഗൗരവത്തിലും പഠിച്ചുവെന്ന് വ്യക്തമാക്കുന്നതായിരുന്നു. ദുബൈയിലെ  വിവിധ കൂടിക്കാഴ്ചകളില്‍ നിന്ന് ലഭിച്ച ആശയങ്ങളുടെ അടിസ്ഥാനത്തില്‍ കേരളത്തിന്‍െറ വികസനവും  പ്രവാസികളുടെ ആകുലതകളും  സംബന്ധിച്ചായിരുന്നു പിണറായിയുടെ പ്രഭാഷണം. വിമാനടിക്കറ്റ് കൊള്ളയും പ്രവാസി പുനരധിവാസത്തിലെ പ്രശ്നങ്ങളുമെല്ലാം ചൂണ്ടിക്കാട്ടിയ പിണറായി  സര്‍ക്കാരുകള്‍ പ്രവാസികളോട് ശരിയായ സമീപനമല്ല എടുക്കുന്നതെന്നും അഭിപ്രായപ്പെട്ടു.  ഈ രീതിയില്‍ പ്രവാസികളുടെ പ്രശ്നങ്ങള്‍ നേരിട്ട് മനസ്സിലാക്കുകയും ആഴത്തില്‍ പഠിക്കുകയും ചെയ്ത നേതാവ് തന്നെ ആ വകുപ്പിന്‍െറ മന്ത്രിയായി വരുന്നു എന്നതാണ് പ്രവാസികള്‍ക്ക് പ്രതീക്ഷ നല്‍കുന്നത്. 
പിണറായിയുടെ സന്ദര്‍ശനത്തിന്‍െറ പ്രതിഫലനമെന്നോണം ഇടതുപക്ഷ മുന്നണിയുടെ പ്രകടന പത്രികയില്‍ പ്രവാസികളുമായി ബന്ധപ്പെട്ട നിരവധി വാഗ്ദാനങ്ങള്‍ ഇടംപിടിച്ചിരുന്നു. പ്രവാസികളോടുള്ള വിവേചനം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ തീവ്ര ശ്രമം നടത്തുമെന്നും   യാത്രാ ദുരിതം പരിഹരിക്കാന്‍ സ്വന്തം വിമാന കമ്പനി ആരംഭിക്കുമെന്നും പ്രവാസികള്‍ക്ക്  ക്ഷേമവും പ്രോത്സാഹനവും ഉറപ്പു വരുത്തുന്ന സമഗ്ര നിയമത്തിന് ശ്രമിക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.  പുനരധിവാസം, ഓഹരി നിക്ഷേപം, കേരള വികസന നിധി, ഇന്‍കെല്‍ മാതൃകയില്‍ വ്യവസായ സംരംഭങ്ങള്‍, പ്രവാസി സഹകരണസംഘങ്ങളെ പ്രോത്സാഹിപ്പിക്കല്‍,  വ്യവസായ വികസനം ഉന്നം വെച്ച് ഗള്‍ഫിലുടനീളം  കേരള പ്രവാസി വാണിജ്യ ചേമ്പറുകള്‍ , ക്ഷേമ നിധി പെന്‍ഷന്‍  വര്‍ധിപ്പിക്കല്‍,  പ്രവാസി വകുപ്പിനുള്ള ബജറ്റ് വിഹിതം ഉയര്‍ത്തല്‍, നിര്‍ജീവമായ പലിശ രഹിത സ്ഥാപനത്തിന്‍െറ പുനരുദ്ധാരണം തുടങ്ങിയ കാര്യങ്ങളും പ്രകടന പത്രികയിലുണ്ട്. 
മൃതദേഹം നാട്ടിലത്തെിക്കാനുള്ള കാലതാമസം  ഒഴിവാക്കും, ജയിലില്‍ കഴിയുന്നവര്‍ക്കും  കേസുകളില്‍ പെട്ടവര്‍ക്കും സഹായത്തിനായി അഭിഭാഷക പാനല്‍ ഉണ്ടാക്കും,  നോര്‍ക്കയുമായി നേരിട്ട് സംവദിക്കാന്‍ സൗകര്യമുണ്ടാക്കും തുടങ്ങിയവയാണ് മറ്റു വാഗ്ദാനങ്ങള്‍. 
പ്രവാസി വോട്ടവകാശം യാഥാര്‍ഥ്യമാകാന്‍ സാധ്യതയേറെ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ പിണറായി സര്‍ക്കാര്‍ പ്രത്യേക താല്പര്യമെടുക്കുമെന്നാണ് കരുതുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.