തൊഴിലാളികള്‍ക്ക് രാജ്യത്തിന്‍െറ ആദരം

അബൂദബി: രാജ്യത്തിന്‍െറ വളര്‍ച്ചക്കും വികസനത്തിനും നിസ്തുല സംഭാവനകള്‍ നല്‍കിയ തൊഴില്‍ സമൂഹത്തിന് ലോക തൊഴിലാളി ദിനത്തിന്‍െറ ഭാഗമായി യു.എ.ഇ ആദരം അര്‍പ്പിച്ചു.  മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് ആല്‍ നഹ്യാന്‍െറ രക്ഷാകര്‍തൃത്വത്തിലും സാംസ്കാരിക- വിജ്ഞാന വികസന വകുപ്പിന്‍െറ നേതൃത്വത്തിലുമായി യാസ് ഐലന്‍റിലും മുസഫയിലെ കേന്ദ്രങ്ങളിലുമായി സംഘടിപ്പിച്ച തൊഴിലാളി ദിന ആഘോഷങ്ങളില്‍ 10,000 ത്തിലധികം പേര്‍ പങ്കെടുത്തു. ആട്ടവും പാട്ടും സമ്മാനങ്ങളും ആദരിക്കലും എല്ലാമായി തൊഴിലാളികള്‍ക്കുള്ള ആഘോഷം കൂടിയായി പരിപാടി മാറി.  യാസ് ഐലന്‍റിലെ വര്‍ക്കേഴ്സ് വില്ളേജിലും മുസഫയിലെ തൊഴിലാളി കേന്ദ്രങ്ങളിലുമായി യു.എ.ഇ, ഏഷ്യന്‍, അറബ് തദ്ദേശീയ കലാപ്രകടനങ്ങളും സാംസ്കാരിക പരിപാടികളും വിവിധ മത്സരങ്ങളും നടന്നു. യാസ് ഐലന്‍റിലെ വര്‍ക്കേഴ്സ് വില്ളേജില്‍ നടന്ന പരിപാടിയില്‍ സാംസ്കാരിക- വിജ്ഞാന വികസന വകുപ്പ് മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് ആല്‍ നഹ്യാന്‍, സഹിഷ്ണുതാ കാര്യ സഹമന്ത്രി ശൈഖ ലുബ്ന ബിന്‍ത് ഖാലിദ് ആല്‍ ഖാസിമി,   മനുഷ്യവിഭവശേഷി- സ്വദേശിവത്കരണ വകുപ്പ് മന്ത്രി സഖര്‍ ബിന്‍ ഗോബാശ് സഈദ് ഗോബാശ്, അടിസ്ഥാന സൗകര്യവികസന വകുപ്പ് മന്ത്രി  ഡോ. അബ്ദുല്ല ബിന്‍ മുഹമ്മദ് ബെല്‍ഹൈഫ് അല്‍ നുഐമി തുടങ്ങിയവര്‍ സംബന്ധിച്ചു. 
നിങ്ങളില്ലായിരുന്നുവെങ്കില്‍ യു.എ.ഇക്ക് ഈ രീതിയിലുളള വളര്‍ച്ച കൈവരിക്കാന്‍ സാധിക്കുമായിരുന്നില്ളെന്ന് തൊഴിലാളികളെ അഭിസംബോധന ചെയ്തുകൊണ്ട് മന്ത്രി നഹ്യാന്‍ ബിന്‍ മുബാറക്ക് പറഞ്ഞു. സമ്പല്‍സമൃദ്ധമായ രാജ്യവും ഭാവിയും സൃഷ്ടിക്കുന്നതിന് നിങ്ങള്‍ നല്‍കിയ സഹായത്തിന് ഈ രാജ്യം കടപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ പാരമ്പര്യത്തെ നിങ്ങള്‍ ബഹുമാനിക്കുകയും നിങ്ങളുടെ പാരമ്പര്യം കാത്തുസൂക്ഷിക്കുകയും ചെയ്തു. യു.എ.ഇ എന്ന വികാരത്തെ ശക്തമാക്കുകയും ചെയ്തു. നിങ്ങളുടെ മാതൃ രാജ്യത്ത് നിന്ന് അകലെ ജോലി ചെയ്യുകയും ജീവിക്കുകയും ചെയ്യാനുള്ള നിങ്ങളുടെ സന്നദ്ധതയെ ആദരിക്കുന്നു. യു.എ.ഇയെ നിങ്ങള്‍ രണ്ടാം വീടായാണ് കണ്ടത്. രാജ്യത്തിന്‍െറ പുരോഗതിയില്‍ നിസ്തുല സംഭാവനകള്‍ നല്‍കിയ നിങ്ങളെ നമ്മുടെ രാജ്യത്തിന്‍െറയും സമൂഹത്തിന്‍െറയും അവിഭാജ്യ ഘടകമായാണ് കാണുന്നതെന്ന് നഹ്യാന്‍ ബിന്‍ മുബാറക്ക് പറഞ്ഞു.   
രാജ്യത്തെ വികസന പാതയില്‍ എത്തിച്ച തൊഴിലാളികള്‍ക്കുള്ള നന്ദിപ്രകടനം കൂടിയായാണ് പരിപാടി സംഘടിപ്പിച്ചത്.  ശൈഖ് സായിദിന്‍െറ നേതൃത്വത്തില്‍ യു.എ.ഇ സ്ഥാപിതമായത് മുതല്‍ തൊഴിലാളികള്‍ക്ക് പിന്തുണ നല്‍കാനുള്ള ഒരു അവസരവും യു.എ.ഇ പാഴാക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ‘ശൈഖ് സായിദിന്‍െറ യു.എ.ഇ നമ്മളെ ഒരുമിപ്പിച്ചു’എന്ന തലക്കെട്ടില്‍ സാംസ്കാരിക മന്ത്രാലയം യാസ് ഐലന്‍റിലെയും മുസഫയിലെയും ആറ് കേന്ദ്രങ്ങളിലായി പരിപാടികള്‍ സംഘടിപ്പിച്ചത്. ആരോഗ്യ ബോധവത്കരണ പരിപാടികള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, യു.എ.ഇയുടെ ചരിത്രത്തെ ഉയര്‍ത്തിക്കാട്ടുന്ന സാംസ്കാരിക പരിപാടികള്‍ തുടങ്ങിയവ  ഒരുക്കിയിരുന്നു. തൊഴിലാളികള്‍ക്ക് ആവശ്യമായ ബ്ളാങ്കറ്റുകള്‍, ആരോഗ്യ കിറ്റുകള്‍, ദൈനംദിന ജീവിതത്തിന് ആവശ്യമായ ഉല്‍പന്നങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടെ സമ്മാനങ്ങളും തൊഴിലാളികള്‍ക്ക് നല്‍കി. വിവിധ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പ്രശസ്തി പത്രം സമ്മാനിച്ചു.  ‘ശൈഖ് സായിദിന്‍െറ യു.എ.ഇ നമ്മളെ ഒരുമിപ്പിച്ചു’ പരിപാടിയുടെ സജീവ പങ്കാളിത്തത്തിനുള്ള പ്രശസ്തി പത്രം ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസുഫലി നഹ്യാന്‍ ബിന്‍ മുബാറക്കില്‍ നിന്ന് ഏറ്റുവാങ്ങി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.