എ.പി.ജെ. അബ്ദുല്‍ കലാമിന്‍െറ ജീവിതം അറിയാം, കതിരേശനിലൂടെ

ദുബൈ: പത്താം ക്ളാസില്‍ തോറ്റയാളാണ് വി.കതിരേശന്‍ എന്ന തമിഴ്നാട്ടുകാരന്‍. പക്ഷെ അദ്ദേഹമിപ്പോള്‍ തിരുനല്‍വേലി ഗവ.കോളജില്‍ അസി.പ്രഫസറാണ്. പേരിന് പിന്നിലുള്ള ബിരുദങ്ങള്‍ ഇങ്ങനെ: എം.എ, എം.എഡ്,പി.എച്ച്.ഡി. 
പത്തില്‍ തോറ്റ കതിരേശന്‍ എത്തിപ്പെട്ടത് ഇന്ത്യ കണ്ട എക്കാലത്തെയും വലിയ പ്രതിഭാശാലികളിലൊരാളും മുന്‍ രാഷ്ട്രപതിയുമായ എ.പി.ജെ.അബ്ദുല്‍ കലാമിന്‍െറ അടുത്തായിരുന്നു. പ്രതിരോധ ഗവേഷണ,വികസന കേന്ദ്രത്തില്‍ (ഡി.ആര്‍.ഡി.ഒ) ശിപായിയായി ശങ്കരപാണ്ഡ്യപുരം ഗ്രാമത്തില്‍ നിന്നുള്ള കതിരേശന്‍ വരുമ്പോള്‍ അബ്ദുല്‍ കലാം അവിടെ ഡയറക്ടറായിരുന്നു. വാക്കുകളിലുടെ മനസ്സിലേക്ക് ഉണര്‍വിന്‍െറ അഗ്നി പകരുന്ന കലാമിനൊപ്പമുള്ള സഹവാസം കതിരേശന്‍െറ ഭാവി തന്നെ മാറ്റിമറിച്ചു. കതിരേശന്‍െറ കാര്യങ്ങളെല്ലാം ചോദിച്ചറിഞ്ഞ കലാം അദ്ദേഹത്തെ പഠിപ്പിക്കാന്‍ മുന്നിട്ടിറങ്ങി. തിരക്കിനിടയിലും കലാം കതിരേശനെ പത്താം ക്ളാസില്‍ തോറ്റ ഇംഗ്ളീഷ് പഠിപ്പിച്ചു. പത്താം ക്ളാസ് പാസായതോടെ കലാമിന്‍െറ ഡ്രൈവറായി. പിന്നെ 12ാം ക്ളാസും  ബിരുദവുമെല്ലാം കലാമിന്‍െറ സഹായത്തോടെയാണ് പൂര്‍ത്തിയാക്കിയതെന്ന് കതിശേരന്‍ പറയുന്നു. തന്‍െറ ഫീസടച്ചതും പുസ്തകങ്ങള്‍ വാങ്ങിത്തന്നതുമെല്ലാം കലാം സാറായിരുന്നു. കലാമിനെപ്പോലുള്ള വലിയ മനുഷ്യന്‍െറ സ്നേഹ വാല്‍സല്യവും പ്രോത്സാഹനവും തന്‍െറ ജീവിതം മാറ്റിമറിച്ചതിനെക്കുറിച്ച് സംസാരിക്കാന്‍ വി.കരിരേശന്‍ ദുബൈയില്‍ എത്തുകയാണ്. ഏപ്രില്‍ എട്ട്,ഒമ്പത് തീയതികളില്‍ ‘ഗള്‍ഫ് മാധ്യമം’ സംഘടിപ്പിക്കുന്ന ഏജുകഫേയിലെ മുഖ്യപ്രഭാഷകരില്‍ ഒരാളാണ് കതിരേശന്‍. കതിരേശന്‍െറ വാക്കുകളിലൂടെ കലാം എന്ന മുഴുവന്‍ ഇന്ത്യക്കാരുടെയും പ്രിയപ്പെട്ട ഗുരുവിനെയും കൂട്ടുകാരനെയും അടുത്തറിയാനുള്ള അസുലഭ അവസരമാണ് യു.എ.ഇയിലെ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ലഭിക്കാന്‍ പോകുന്നത്. ഇതാദ്യമായാണ് കരിരേശന്‍ ഒരു വിദേശ രാജ്യം സന്ദര്‍ശിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.