ദുബൈ: അജ്മാനില്‍ നിന്ന് മത്സ്യബന്ധനത്തിന് പുറപ്പെട്ട നാല് കന്യാകുമാരി സ്വദേശികള്‍ ഇറാനിലെ ബന്ദര്‍അബ്ബാസില്‍ ജയിലില്‍ കഴിയുന്നു. സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ച് ഇറാനിയന്‍ കോസ്റ്റ്ഗാര്‍ഡ് ഇവരുടെ ബോട്ടിന് നേരെ വെടിയുതിര്‍ക്കുകയും കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. വെടിവെപ്പില്‍ പരിക്കേറ്റ ഒരാളെ ചികിത്സക്ക് ശേഷമാണ് ജയിലിലേക്ക് മാറ്റിയിരിക്കുന്നത്. ഇവരുടെ മോചനത്തിനായി കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
കന്യാകുമാരി സ്വദേശികളായ ഹിലാരിയന്‍ (51), ഡേവിഡ് (40), പ്രഭു (33), ആന്‍റണി രാജ് (41) എന്നിവരാണ് യു.എ.ഇ പൗരനൊപ്പം ഫെബ്രുവരി ആറിന് അജ്മാനില്‍ നിന്ന് മത്സ്യബന്ധനത്തിനായി പുറപ്പെട്ടത്. പിന്നീട് ഇവര്‍ തിരിച്ചുവന്നില്ല. ഇവരുമായുള്ള വാര്‍ത്താവിനിമയ ബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്തു. തൊഴിലാളികളുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇന്‍റര്‍നാഷണല്‍ ഫിഷര്‍മെന്‍ ഡെവലപ്മെന്‍റ് ട്രസ്റ്റ് സ്ഥാപക പ്രസിഡന്‍റ് ജസ്റ്റിന്‍ ആന്‍റണി കേന്ദ്രസര്‍ക്കാറിന് പരാതി നല്‍കി. തൊഴിലാളികള്‍ ഇറാന്‍ കസ്റ്റഡിയിലായിരിക്കാമെന്ന ആശങ്ക ഇവര്‍ പങ്കുവെച്ചിരുന്നു.
കേന്ദ്രസര്‍ക്കാര്‍ പരാതി യു.എ.ഇയിലെ ഇന്ത്യന്‍ എംബസിക്ക് കൈമാറി. ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് നടത്തിയ അന്വേഷണത്തില്‍ തൊഴിലാളികള്‍ ബന്ദര്‍ അബ്ബാസ് ജയിലിലുള്ളതായി വ്യക്തമായി.
അബൂമൂസ ദ്വീപിന് സമീപം മീന്‍പിടിക്കുന്നതിനിടെ ഫെബ്രുവരി ഏഴിന് ഇറാന്‍ കോസ്റ്റ്ഗാര്‍ഡ് ഇവരുടെ ബോട്ടിന് നേരെ വെടിയുതിര്‍ക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ആന്‍റണി രാജിന് വെടിവെപ്പില്‍ പരിക്കേറ്റു. ബന്ദര്‍ അബ്ബാസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഇയാളെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ സന്ദര്‍ശിച്ചിരുന്നു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് തെളിഞ്ഞു. സംഭവത്തെക്കുറിച്ച് വിശദീകരണം ആവശ്യപ്പെട്ട് കോണ്‍സുലേറ്റ് അധികൃതര്‍ ഇറാനിയന്‍ വിദേശകാര്യമന്ത്രാലയത്തിന് രണ്ടുതവണ കത്തയച്ചിരുന്നു. എന്നാല്‍ ഇതിനോട് പ്രതികരിക്കാന്‍ അവര്‍ തയാറായിട്ടില്ല. ആന്‍റണി രാജ് അടക്കം നാലുപേരെയും ഇപ്പോള്‍ ബന്ദര്‍ അബ്ബാസ് ജയിലിലേക്ക് മാറ്റിയെന്നാണ് അറിയാന്‍ കഴിയുന്നത്.
കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായാല്‍ മാത്രമേ ഇവരുടെ മോചനം സാധ്യമാകൂ. അതിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ബന്ധുക്കള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.