രോഗവും പ്രാരബ്ധങ്ങളുമായി ഉമ്മര്‍കുട്ടി മടങ്ങുന്നു; വെറുംകൈയോടെ 

ഷാര്‍ജ: നാല് ലക്ഷം രൂപ കടം. പകുതി പോലും പണിതീരാത്ത വീട്. പട്ടിണിയും പരിവട്ടവുമായി കഴിയുന്ന ഭാര്യയും കുട്ടികളും. ഒരുഭാഗം തളര്‍ന്ന് മിണ്ടാനും അനങ്ങാനുമാകാതെ ഷാര്‍ജ അല്‍ ഖാസിമി ആശുപത്രിയില്‍ കഴിയുന്ന പാലക്കാട് ലക്കിടി അകലൂര്‍ സ്വദേശി ഉമ്മര്‍കുട്ടിയുടെ (47) അവസ്ഥയാണിത്. കുടുംബത്തെ എങ്ങനെയെങ്കിലും കരക്കടുപ്പിക്കാനാണ് ഉമ്മര്‍കുട്ടി പ്രവാസിയായത്. കിട്ടിയ ജോലിയുടെ ഭാരം അതുകൊണ്ട് തന്നെ അയാള്‍ക്ക് പ്രശ്നമായിരുന്നില്ല. മക്കള്‍ പട്ടിണിയില്ലാതെ കഴിയണം. കടം വീട്ടണം. എങ്ങനെയെങ്കിലും നാല് ചുവരുകെട്ടി രണ്ട് വാതിലും വെച്ച്  വീടെന്ന സ്വപ്നം സാക്ഷാത്കരിക്കണം. എന്നാല്‍ ഉമ്മര്‍കുട്ടിയുടെ ഇത്തിരിപോന്ന സ്വപ്നങ്ങളെയെല്ലാം തകര്‍ത്തെറിഞ്ഞാണ് വിധിയുടെ വിളയാട്ടമുണ്ടായത്. 
കഴിഞ്ഞ ജനുവരി 30ന് ജോലി സ്ഥലത്തുവെച്ച് ശരീരത്തിന്‍െറ വലതുവശം പൂര്‍ണമായും തളരുകയായിരുന്നു. ഉടന്‍ ഷാര്‍ജയിലെ കുവൈത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നിന്ന് അന്ന് തന്നെ അല്‍ ഖാസിമി ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വെച്ച് തലക്ക് രണ്ട് ശസ്ത്രക്രിയ നടന്നു. തലയോട്ടി എടുത്ത് മാറ്റിയുള്ള ശസ്ത്രക്രിയയായിരുന്നു ഇത്. ശസ്ത്രക്രിയ വിജയകരമായിരുന്നെങ്കിലും ഇയാള്‍ക്ക് പൂര്‍വസ്ഥിതിയിലേക്ക് മടങ്ങാന്‍ സാധ്യമായില്ല. തിങ്കളാഴ്ച ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യും. നാട്ടില്‍ പോയാല്‍ കയറിക്കിടക്കാന്‍ വീടില്ല. ജ്യേഷ്ഠന്‍െറ വീട്ടിലേക്കാണ് പോകുന്നത്. 
ആശുപത്രിയില്‍ ചികിത്സാ ചെലവിനത്തില്‍ കാല്‍ ലക്ഷത്തോളം ദിര്‍ഹം ആയിട്ടുണ്ട്. പോകുന്നതിന് മുമ്പ് ഇത് കണ്ടത്തെണം. പോകാന്‍ ടിക്കറ്റ് വേണം. മക്കളുടെ പഠനവും ജീവിതവും മുന്നോട്ട് കൊണ്ട് പോകാന്‍ ഇനി ഇദ്ദേഹത്തിന് കഴിയില്ല. തിരിച്ച് നാട്ടില്‍ പോയാലും വര്‍ഷങ്ങളോളം ചികിത്സ അത്യാവശ്യമാണ്. അഞ്ച് സെന്‍റ് സ്ഥലവും അതില്‍ പകുതി പോലും പണിതീരാത്ത വീടും നാല് ലക്ഷത്തിന്‍െറ കടവുമാണ് പ്രവാസ ജീവിതത്തിലെ ആകെയുള്ള സമ്പാദ്യം. ഇയാളുടെ ശബ്ദമെങ്കിലും ഒന്നുകേള്‍ക്കാന്‍ കൊതിച്ചാണ് ഭാര്യയും കുട്ടികളും കണ്ണീരുമായി നാട്ടില്‍ കഴിയുന്നത്. 
വീട്ടിലത്തെുന്നവര്‍ക്ക് ഇവരെ ആശ്വസിപ്പിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. അല്‍ ഖാസിമി ആശുപത്രിയിലെ വാര്‍ഡില്‍ ചലിക്കാനോ മിണ്ടാനോ പോലുമാകാതെ കിടക്കുന്ന ഇയാള്‍ക്ക് ഉദാരമതികളായ പ്രവാസികളുടെ സഹായം അത്യാവശ്യമാണ്.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0507762445 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.