ദുബൈയില്‍ പുതിയ മെഡിക്കല്‍  സര്‍വകലാശാല

ദുബൈ: ദുബൈയില്‍ പുതിയ മെഡിക്കല്‍ സര്‍വകലാശാല പ്രഖ്യാപിച്ച് യു.എ.ഇ വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ഉത്തവിറക്കി. മുഹമ്മദ് ബിന്‍ റാശിദ് യൂനിവേഴ്സിറ്റി ഓഫ് മെഡിസിന്‍ ആന്‍ഡ് ഹെല്‍ത്ത് സയന്‍സസ് എന്നായിരിക്കും സര്‍വകലാശാലയുടെ പേര്. ശൈഖ് അഹ്മദ് ബിന്‍ സഈദ് ആല്‍ മക്തൂമിന്‍െറ സര്‍വകലാശാലയുടെ ചാന്‍സലറായി നിയമിച്ചു. 
നിരവധി കോളജുകള്‍, ഗവേഷണ സ്ഥാപനങ്ങള്‍, ലൈബ്രറി, ഇ- ലൈബ്രറി, പ്രത്യേക പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങിയവ സര്‍വകലാശാലക്ക് കീഴിലുണ്ടാകും. 
ബാച്ചിലേഴ്സ്, മാസ്റ്റേഴ്സ്, പി.എച്ച്.ഡി കോഴ്സുകളും പ്രഫഷണല്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സുകളും തുടങ്ങും. വൈദ്യശാസ്ത്ര രംഗത്ത് അറബ് മേഖലയിലെ മികച്ച കേന്ദ്രമായി ദുബൈയെ വളര്‍ത്തിയെടുക്കുകയാണ് സര്‍വകലാശാലയുടെ ലക്ഷ്യം. മികച്ച പരിശീലനം നേടിയ ഡോക്ടര്‍മാരെ വാര്‍ത്തെടുക്കാനും ലക്ഷ്യമിടുന്നു. 
വൈദ്യശാസ്ത്ര രംഗത്ത് ലോകോത്തര നിലവാരത്തിലുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ സര്‍വകലാശാലയില്‍ നടക്കും. 
ഡോ. രാജ ഈസ അല്‍ ഗുര്‍ഗ് ആയിരിക്കും ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് വൈസ് ചെയര്‍മാന്‍. അബ്ദുറഹ്മാന്‍ ബിന്‍ മുഹമ്മദ് അല്‍ ഉവൈസ്, ഹുമൈദ് മുഹമ്മദ് അല്‍ ഖതാമി, അബ്ദുല്ല അബ്ദുറഹ്മാന്‍ അല്‍ ശൈബാനി, അബ്ദുല്ല മുഹമ്മദ് അല്‍ കറാം, ഡോ. ആമിര്‍ അഹ്മദ് ശരീഫ്, ഡോ. പാട്രിക് ജോണ്‍സണ്‍, ഡോ. അലാവി അല്‍ ശൈഖ് അലി എന്നിവര്‍ അംഗങ്ങളാണ്. മൂന്ന് വര്‍ഷമാണ് ബോര്‍ഡിന്‍െറ കാലാവധി. 
അക്കാദമിക കാര്യങ്ങളുടെ മേല്‍നോട്ടത്തിനായി എക്സിക്യൂട്ടിവും സയന്‍റിഫിക് കൗണ്‍സിലും ഉണ്ടാകും. ചാന്‍സലറും ദുബൈ ഹെല്‍ത്ത് കെയര്‍ സിറ്റി അതോറിറ്റിയുടെ രണ്ട് പ്രതിനിധികളും ചേര്‍ന്നായിരിക്കും അധ്യാപകരെയും ജീവനക്കാരെയും നിയമിക്കുക. 
പാഠ്യപദ്ധതി, പ്രവേശ മാനദണ്ഡങ്ങള്‍, അക്കാദമിക് കലണ്ടര്‍ എന്നിവ തയാറാക്കല്‍, അക്കാദമിക പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തല്‍, പരീക്ഷകള്‍ നടത്തല്‍ തുടങ്ങിയവ സയന്‍റിഫിക് കൗണ്‍സിലിന്‍െറ ചുമതലയായിരിക്കും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.