കടലിനക്കരെ ദുരിത ജീവിതവുമായി റിച്ചി; സങ്കടക്കടലില്‍ ജോസും റാണിയും

ചവറ: കടലിനക്കരെയുള്ള മകന്‍െറ ദുരിത ജീവിതമോര്‍ത്ത് വീര്‍പ്പുമുട്ടുകയാണ് നീണ്ടകര റിച്ചീസില്‍ റിട്ട. അധ്യാപകനായ ജോസും ഭാര്യ റാണിയും. എം.ടെക് എന്‍ജിനീയറിങ് ബിരുദധാരിയായ ദുബൈയിലുള്ള മകനുമായി ഫോണില്‍ പോലും ബന്ധപ്പെടാന്‍ കഴിയാത്ത വേദനയിലാണ് ഈ ദമ്പതികള്‍.വിസ നല്‍കി കൊണ്ടുപോയ ആള്‍ ചതിച്ചതോടെയാണ് റിച്ചിയുടെ ദുരിതനാളുകള്‍ ആരംഭിച്ചത്.   

ചവറ കോവില്‍ത്തോട്ടം സ്വദേശിയാണ് റിച്ചിയടക്കമുള്ളവരെ വിസ നല്‍കി വിദേശത്തേക്ക് കൊണ്ടുപോയത്. തന്‍െറ മകനെയടക്കമുള്ളവരെ ചതിച്ചെന്നാരോപിച്ച് ബിബിന്‍ ഫെര്‍ണാണ്ടസ് എന്നയാള്‍ക്കെതിരെ ഡി.ജി.പി, മനുഷ്യാവകാശ കമീഷന്‍, വിദേശകാര്യ വകുപ്പ്, നോര്‍ക്ക, എ.സി.പി എന്നിവര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ് ജോസും റാണിയും. റിച്ചിക്ക് വന്‍ ശമ്പളം വാഗ്ദാനം ചെയ്ത് നല്‍കിയ സാലറി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ക്രെഡിറ്റ് കാര്‍ഡ് മുഖേന പല ബാങ്കുകളില്‍നിന്നായി ബിബിന്‍ ലക്ഷക്കണക്കിന് രൂപ തട്ടിച്ചെന്നാണ് പരാതി. സംഭവത്തെക്കുറിച്ച് റിച്ചിയുടെ വീട്ടുകാര്‍ പറയുന്നതിങ്ങനെ: റിച്ചിയെ 10ാം ക്ളാസില്‍ ട്യൂഷന്‍ നല്‍കിയ ആളാണ് ബിബിന്‍. ഇയാളുടെ ഉടമസ്ഥതയില്‍ ദുബൈയിലുള്ള ഒരു സ്വകാര്യ കമ്പനിയിലേക്ക് എന്‍ജിനീയര്‍മാരായി റിച്ചിയടക്കം നാലു യുവാക്കളെ 2014 നവംബര്‍ 16നാണ് ദുബൈയിലേക്ക് കൊണ്ടുപോകുന്നത്.  

2015 സെപ്റ്റംബര്‍ വരെ ശമ്പളയിനത്തില്‍ ചെറിയ തുകയാണ് നല്‍കിയതും. റിച്ചിയോട് വീട്ടുകാര്‍ ശമ്പളത്തിലെ കുറവ് ചോദിച്ചെങ്കിലും വ്യക്തമായ മറുപടി നല്‍കിയില്ല. 2015 ഒക്ടോബറോടെ വീട്ടുകാരുമായുള്ള ഫോണ്‍ വിളിയും കുറഞ്ഞു. ഇതിനിടെ വ്യാജ ചെക്കുകള്‍ നല്‍കിയ കേസില്‍ ബിബിന്‍  2015 ഒക്ടോബര്‍ 24 മുതല്‍ ദുബൈ ജയിലിലായി.ശമ്പളത്തിലെ പൊരുത്തക്കേടിനെ കുറിച്ചുള്ള സംശയത്തില്‍ ജോസ് മകനോടൊപ്പം പോയ മറ്റൊരു യുവാവിന്‍െറ വീട്ടില്‍ അന്വേഷിക്കുമ്പോഴാണ് ബിബിന്‍ ജയിലിലായ വിവരം അറിയുന്നത്.റിച്ചിയുടെ പേരില്‍ എടുത്ത ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് മുഖേന 90,000 ദിര്‍ഹമാണ് ബിബിന്‍ ബാങ്കില്‍നിന്ന് വായ്പയെടുത്തത്. പലതും അടവു മുടങ്ങിയതോടെ റിച്ചിയുടെ ചെക് ലീഫുകളും നല്‍കി.

ഇതിനിടയില്‍ പൊലീസ് പിടിച്ചതോടെ റൂമില്‍നിന്ന് കിട്ടിയ റിച്ചിയുടെ പാസ്പോര്‍ട്ടും ജാമ്യത്തിനായി ബിബിന്‍ കെട്ടിവെച്ചു. തുടര്‍ന്ന് റിച്ചിക്ക് നാട്ടില്‍ വരാന്‍ പറ്റാത്ത സ്ഥിതിയായി. തൊഴില്‍ തട്ടിപ്പിനെതിരെ ദുബൈ ലേബര്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ടങ്കിലും കേസ് നടത്താനോ ജോലിക്ക് പോകാനോ ആകാത്ത സ്ഥിതിയിലാണ് റിച്ചി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.