ദുബൈ: ആരോഗ്യമന്ത്രാലയത്തിന് കീഴിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും അടുത്തവര്‍ഷം മുതല്‍ പ്രവാസികളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡുകള്‍ സ്വീകരിക്കും. ദുബൈ അല്‍ ബറാഹ, ഷാര്‍ജ അല്‍ ഖാസിമി എന്നിവ ഒഴികെയുള്ള ആശുപത്രികളില്‍ സ്വദേശികളുടെ ഇന്‍ഷുറന്‍സ് കാര്‍ഡുകള്‍ മാത്രമേ ഇതുവരെ സ്വീകരിച്ചിരുന്നുള്ളൂ. എന്നാല്‍ അടുത്തവര്‍ഷം മുതല്‍ പ്രവാസികള്‍ക്കും ഈ സൗകര്യം ലഭ്യമാകും. ദുബൈയിലെയും ഫുജൈറയിലെയും സര്‍ക്കാര്‍ ആശുപത്രികളില്‍ ഇതുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ക്കുള്ള പരിശീലനത്തിന് തുടക്കമായിട്ടുണ്ട്.
അടിയന്തര സാഹചര്യങ്ങളില്‍ മാത്രമേ ഇതുവരെ പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ ചികിത്സ ലഭ്യമായിരുന്നുള്ളൂ. അല്ളെങ്കില്‍ ചികിത്സക്ക് ചെലവാകുന്ന മുഴുവന്‍ തുകയും ഈടാക്കുമായിരുന്നു. ഈ അവസ്ഥക്കാണ് അടുത്തവര്‍ഷം മുതല്‍ മാറ്റം വരുന്നത്. എല്ലാ കമ്പനികളുടെയും ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡുകള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സ്വീകരിക്കും. ഇതോടെ മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് ചികിത്സാ ചെലവിനത്തില്‍ വന്‍ തുകയുടെ ലാഭമുണ്ടാകും. ദുബൈയിലെയും ഫുജൈറയിലെയും 15ഓളം സര്‍ക്കാര്‍ ആശുപത്രികളിലാണ് ആദ്യഘട്ടത്തില്‍ സൗജന്യ ചികിത്സ ലഭ്യമാവുക. പിന്നീട് ഇത് എല്ലാ ആശുപത്രികളിലേക്കും വ്യാപിപ്പിക്കും.
ആശുപത്രികളില്‍ സജ്ജമാക്കുന്ന ഇലക്ട്രോണിക് സംവിധാനത്തിലൂടെയാണ് ഇന്‍ഷുറന്‍സ് കാര്‍ഡുകള്‍ സ്വീകരിക്കുക. രോഗികളെക്കുറിച്ച എല്ലാ വിവരങ്ങളും ലഭ്യമാകുന്ന അല്‍ വരീദ് സംവിധാനവുമായ ഇന്‍ഷുറന്‍സ് കമ്പനികളെ ബന്ധിപ്പിക്കും. ഇതോടെ ചികിത്സക്ക് ചെലവാകുന്ന തുക കമ്പനികള്‍ക്ക് നേരിട്ട് ആശുപത്രികള്‍ക്ക് കൈമാറാന്‍ സാധിക്കും. ദുബൈയില്‍ വിവിധ ഘട്ടങ്ങളിലായി എല്ലാവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. അടുത്തവര്‍ഷം ആദ്യത്തോടെ കുടുംബാംഗങ്ങള്‍ക്കും വീട്ടുജോലിക്കാര്‍ക്കും ഇന്‍ഷുറന്‍സ് നിര്‍ബന്ധമാകും. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ കൂടി ഇന്‍ഷുറന്‍സ് കാര്‍ഡുകള്‍ സ്വീകരിക്കപ്പെടുന്നത് ചികിത്സാ ചെലവ് ഗണ്യമായി കുറക്കാന്‍ സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.