ചക്രവണ്ടികളില്‍ തെരുവില്‍ കളിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി അബൂദബി പൊലീസ്

അബൂദബി: കൈപ്പിടിയില്ലാത്ത ചക്രവണ്ടികളില്‍ (ഹോവര്‍ബോര്‍ഡ്) തെരുവുകളില്‍ കളിക്കുന്നതില്‍ അപകടങ്ങളുണ്ടെന്നും ജാഗ്രത പുലര്‍ത്തണമെന്നും അബൂദബി പൊലീസ്. യു.എ.ഇയില്‍ വളരെ വേഗം വ്യാപകമായ ഈ ചക്ര വണ്ടികളുടെ അപകട സാധ്യത സംബന്ധിച്ച് രക്ഷകര്‍ത്താക്കള്‍ ജാഗ്രത പുലര്‍ത്തണം. തെരുവുകളില്‍ അശ്രദ്ധമായി ഈ വണ്ടികള്‍ ഉപയോഗിച്ച് കളിക്കുന്നത് അപകടങ്ങള്‍ക്ക് വഴി വെക്കാന്‍ സാധ്യതയുണ്ട്. 
ഇത്തരം കളിപ്പാട്ടങ്ങള്‍ മക്കള്‍ക്ക് എത്രമാത്രം അനുയോജ്യമാണെന്ന് രക്ഷകര്‍ത്താക്കള്‍ ഉറപ്പുവരുത്തണമെന്നും അബൂദബി പൊലീസ് നിര്‍ദേശിച്ചു. റോഡുകളിലും നടപ്പാതകളിലും ചക്രവണ്ടികള്‍ കുട്ടികള്‍ ഉപയോഗിക്കുന്നത് ജീവന് വരെ ഭീഷണിയാകും. ഇത്തരം കാര്യങ്ങളില്‍ നിന്ന് കുട്ടികളെ തടയണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.  കുട്ടികള്‍ക്ക് ശരിയായ കളിപ്പാട്ടങ്ങള്‍ തന്നെയാണ് നല്‍കുന്നതെന്നും അവരുടെ ജീവന് അപകടമുണ്ടാക്കുന്നതൊന്നും ഇല്ളെന്നും രക്ഷകര്‍ത്താക്കള്‍ ഉറപ്പാക്കണമെന്ന് ട്രാഫിക് ആന്‍റ് പട്രോള്‍സ് ഡയറക്ടറേറ്റ് പബ്ളിക് റിലേഷന്‍സ് വിഭാഗം മേധാവി കേണല്‍ ജമാല്‍ സാലെം അല്‍ അമീരി നിര്‍ദേശിച്ചു. വാഹനങ്ങള്‍ക്കിടയിലൂടെയും തെരുവുകളിലും ചക്രവണ്ടികളും സ്കേറ്റ്ബോര്‍ഡുകളും റോളര്‍ സ്കേറ്റുകളും ഉപയോഗിക്കുന്നതിനെതിരെ അബൂദബി, അല്‍ഐന്‍, പശ്ചിമ മേഖല എന്നിവിടങ്ങളില്‍ ബോധവത്കരണം നടത്തുന്നുണ്ട്. ലഘുലേഖകള്‍ വിതരണം ചെയ്യുന്നുമുണ്ട്. സ്കൂട്ടറുകള്‍ കൊണ്ട് കളിക്കുന്നത് മൂലം അമേരിക്കല്‍ മാത്രം വര്‍ഷം ഒരു ലക്ഷം കുട്ടികള്‍ക്ക് പരിക്കുകള്‍ പറ്റുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.  ഇത്തരം കളിപ്പാട്ടങ്ങള്‍ നിര്‍ദിഷ്ട മേഖലകളിലും പാര്‍ക്കുകളിലും കായിക കേന്ദ്രങ്ങളിലും മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്നും ഉറപ്പുവരുത്തണം.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.