തൊഴിലാളി അവകാശ ബോധവത്കരണം;  ലഘുലേഖ മലയാളത്തിലും

അബൂദബി: യു.എ.ഇയിലേക്ക് എത്തുന്ന തൊഴിലാളികള്‍ക്ക് വിമാനത്താവളങ്ങളില്‍ തന്നെ അവകാശങ്ങളെ കുറിച്ച് ബോധവത്കരണം നടത്തുന്നതിനുള്ള പദ്ധതിക്ക് തൊഴില്‍ മന്ത്രാലയം തുടക്കം കുറിച്ചു. . ആദ്യ ഘട്ടത്തില്‍ ദുബൈ വിമാനത്താവളത്തിലാണ് പദ്ധതി ആരംഭിച്ചത്. 
കഴിഞ്ഞദിവസം നടന്ന ചടങ്ങില്‍ ദുബൈ വിമാനത്താവളത്തിലെ ബോധവത്കരണ പരിപാടി മനുഷ്യവിഭവശേഷി- സ്വദേശിവത്കരണ വകുപ്പ് മന്ത്രി സഖര്‍ ബിന്‍ ഗോബാശ് സഈദ് ഗോബാശ് ഉദ്ഘാടനം ചെയ്തു. അധികം വൈകാതെ അബൂദബി വിമാനത്താവളത്തിലും പദ്ധതി പ്രവര്‍ത്തനം ആരംഭിക്കും. 
‘നിങ്ങളുടെ അവകാശം അറിയൂ’ എന്ന തലക്കെട്ടിലുള്ള കാമ്പയിനിലൂടെ ദുബൈ വിമാനത്താവളത്തില്‍ സ്ഥാപിച്ച കിയോസ്കില്‍ നിന്ന് തൊഴില്‍ അവകാശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ലഘുലേഖകളും ബ്രോഷറുകളും ലഭിക്കും.  അറബി, ഇംഗ്ളീഷ് എന്നിവക്കൊപ്പം മലയാളം, ഹിന്ദി, ഉറുദു എന്നീ ഭാഷകളിലും തൊഴിലാളികളുടെ അവകാശങ്ങള്‍ വിശദീകരിക്കുന്നുണ്ട്. 
ദുബൈ വിമാനത്താവളത്തിന്‍െറ ടെര്‍മിനല്‍ മൂന്നിലെ എക്സിറ്റ് ഗേറ്റുകളിലാണ്  കിയോസ്ക് സ്ഥാപിച്ചിരിക്കുന്നത്. രാജ്യത്തേക്ക് ആദ്യമായി എത്തുന്ന വിദേശ തൊഴിലാളികള്‍ക്ക് തൊഴില്‍ നിയമങ്ങള്‍ സംബന്ധിച്ച വിവരങ്ങളും ലഘുലേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്തേക്ക് വരുന്നതിന് മുമ്പും എത്തിയതിന് ശേഷവും ഉള്ള തൊഴിലാളികളുടെ അവകാശങ്ങള്‍, ജോലിയിലെ കടമകളും അവകാശങ്ങളും, പുതിയ തൊഴിലുടമയിലേക്ക് മാറുന്നതിനുള്ള നിര്‍ദേശങ്ങള്‍, തൊഴില്‍ തര്‍ക്കങ്ങളില്‍ എന്തുചെയ്യണം തുടങ്ങിയ വിവരങ്ങള്‍ ലഘുലേഖകളിലും ബ്രോഷറുകളിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 
തൊഴിലുടമകളുടെ താല്‍പര്യങ്ങള്‍ക്കൊപ്പം തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ യു.എ.ഇ പ്രതിജ്ഞാബദ്ധമാണെന്നും ഇതിന്‍െറ ഭാഗമായാണ് മികച്ച തൊഴില്‍ ബന്ധങ്ങള്‍ വളര്‍ത്തുന്നതിനുള്ള നിയമങ്ങള്‍ കൊണ്ടുവന്നതെന്നും മന്ത്രി സഖര്‍ ബിന്‍ ഗോബാശ് സഈദ് ഗോബാശ് പറഞ്ഞു. അബൂദബി വിമാനത്താവളത്തില്‍ പദ്ധതി വൈകാതെ ആരംഭിക്കുന്നതിനൊപ്പം രാജ്യത്തെ തൊഴിലാളി താമസ കേന്ദ്രങ്ങളില്‍ ബോധവത്കരണം നടത്തുകയും ചെയ്യും.  
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.