ലിപ്റ്റണ്‍ ടീബാഗുകള്‍ക്കെതിരായ പ്രചാരണം അടിസ്ഥാനരഹിതമെന്ന് ദുബൈ നഗരസഭ

ദുബൈ: ലിപ്റ്റണ്‍ കമ്പനി പുറത്തിറക്കുന്ന ഗ്രീന്‍ ടീ ബാഗില്‍ പുഴുക്കളെ കണ്ടെന്ന സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ദുബൈ നഗരസഭയുടെ ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു. 
ഇതുസംബന്ധിച്ച വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് നഗരസഭ ഏര്‍പ്പെടുത്തിയ വിദഗ്ധ സംഘം ടീ ബാഗുകള്‍ പരിശോധനക്ക് വിധേയമാക്കിയിരുന്നു. കമ്പനിയുടെ ഫാക്ടറിയിലത്തെി പരിശോധന നടത്തുകയും ചെയ്തു. ഉല്‍പാദന പ്രക്രിയ നിരീക്ഷിച്ചപ്പോള്‍ സംശയിക്കത്തക്കതായി ഒന്നും ശ്രദ്ധയില്‍ പെട്ടില്ല. മറ്റ് ടീ ബാഗുകളെക്കാള്‍ ചെറിയ നിറവ്യത്യാസം ലിപ്റ്റണ്‍ കമ്പനിയുടേതിനുണ്ട്. രുചി വര്‍ധിപ്പിക്കാന്‍ ചെറുനാരങ്ങ സത്ത് കൂട്ടിച്ചേര്‍ക്കുന്നതിനാലാണിതെന്ന് നഗരസഭ ഭക്ഷ്യസുരക്ഷാ വിഭാഗം എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഖാലിദ് മുഹമ്മദ് ശരീഫ് പറഞ്ഞു.  കൃത്യമായ പരിശോധനക്ക് ശേഷമാണ് ഉല്‍പന്നങ്ങള്‍ വിപണിയിലത്തെുന്നത്. കൃത്യമായ ഇടവേളകളില്‍ ഭക്ഷ്യവസ്തുക്കളുടെ സാമ്പിളുകള്‍ നഗരസഭയുടെ സെന്‍ട്രല്‍ ലബോറട്ടറിയില്‍ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. 
രാജ്യത്തിന് പുറത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങളും ഇത്തരത്തില്‍ പരിശോധിച്ചുവരുന്നുണ്ട്. ഭക്ഷ്യവസ്തുക്കളില്‍ എന്തെങ്കിലും കൃത്രിമം ശ്രദ്ധയില്‍ പെട്ടാല്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിന് പകരം നഗരസഭയെ വിവരമറിയിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. 800900 എന്ന ടോള്‍ഫ്രീ നമ്പര്‍ ഇതിനായി ഉപയോഗപ്പെടുത്താം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.