സംഗീത മഴയില്‍ മനംനിറഞ്ഞ രാവ്

ദുബൈ: ശിശിരകാല കുളിരില്‍  സംഗീതം മഴയായി ആസ്വാദക ഹൃദയങ്ങളില്‍ പെയ്തിറങ്ങി. കാലാന്തരങ്ങളിലുടെയുള്ള സംഗീത യാത്രയില്‍ ചാറിയും തിമിര്‍ത്തും  തലോടിയും ഋതുഭേദങ്ങളുടെ ഗാനോത്സവമായി മാറിയ മൂന്നര മണിക്കൂര്‍ . ‘ഗള്‍ഫ് മാധ്യമം‘വെള്ളിയാഴ്ച രാത്രി ഒരുക്കിയ  ‘മഴനിലാവ്’ ദുബൈ മംസാര്‍ കള്‍ച്ചറല്‍ ആന്‍ഡ് സയന്‍റിഫിക് അസോസിയേഷന്‍ തിയറ്ററിലെ പ്രൗഢ സദസ്സിന് അനിര്‍വചനീയമായ അനുഭൂതിയാണ് പകര്‍ന്നത്.
ഇന്നലെയുടെ മെലഡികളും ഇന്നിന്‍െറ ത്രസിപ്പിക്കുന്ന സംഗീതവും ഒരേ വേദിയില്‍ കോര്‍ത്തിണക്കി അവതരിപ്പിച്ചത് യുവ സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസ്സിയുടെ നേതൃത്വത്തിലായിരുന്നു. ക്ളാസിക്കല്‍ പിയാനോ സ്റ്റീഫന്‍ ആദ്യമായാണ് ദുബൈയില്‍  വായിക്കുന്നത്. പുതു തലമുറയിലെ പ്രമുഖരായ വിധു പ്രതാപ്, സചിന്‍ വാരിയര്‍, നിഷാദ്, രുപാ രേവതി, സിത്താര, സുമി അരവിന്ദ് എന്നീ ഗായകര്‍ക്കൊപ്പം  പാട്ടുവര്‍ത്തമാനവുമായി നടി ആശാ ശരത്തുമുണ്ടായിരുന്നു.  സ്റ്റീഫന്‍ ദേവസ്സിയുടെ മാന്ത്രികവിരലുകള്‍ പിയാനോയില്‍ നൃത്തം ചവിട്ടിയപ്പോള്‍ വിസ്മയത്തിന്‍െറ നാദവീചികള്‍ ഒഴുകിപ്പരന്നു. രൂപ രേവതി വയലിനിലും തകര്‍ത്തുപെയ്തു. 


വിധു പ്രതാപിന്‍െറ ‘മഴയേ തൂമഴയേ.... എന്ന ഗാനത്തോടെയായിരുന്നു തുടക്കം. അതിനുമുമ്പ് നടി ആശാ ശരത് കുടയുമായി വേദിയിലത്തെിയിരുന്നു. ‘മഴകൊണ്ട് മാത്രം മുളയ്ക്കുന്ന വിത്തുകള്‍’ എന്ന റഫീഖ് അഹ്മദിന്‍െറ വരികള്‍ സിത്താരയും ‘മഴ വരത്’ എന്ന തമിഴ് ഗാനം നിഷാദും രൂപ രേവതിയും ചേര്‍ന്നും പാടി. പാട്ട് അവസാനിക്കുന്ന മുറക്ക് സ്റ്റീഫനും ആശാ ശരതും കുളിര്‍തുള്ളികള്‍ പോലെ സംഗീത വര്‍ത്തമാനം തുടര്‍ന്നുകൊണ്ടിരുന്നു. മഴയോടൊപ്പം നാടിനെക്കുറിച്ചുള്ള ഓര്‍മകളും പ്രവാസി സദസ്സിന്‍െറ മനസ്സില്‍  ഓളം തീര്‍ത്തു.  പശ്ചാത്തലത്തിലെ മഴയുടെയും പച്ചപ്പിന്‍െറയും ദൃശ്യങ്ങള്‍ പാട്ടിന് അകമ്പടിയായി.
റിം ജിം ഗിരെ.. എന്ന ഹിന്ദി ഗാനവുമായി സചിനും ‘മേഘം പൂത്തു തുടങ്ങി’ എന്ന ഗാനവുമായി സംഘവും വേദിയിലത്തെി. തുടര്‍ന്ന മലയാളിയുടെ ഹൃദയത്തിലിടം പിടിച്ച  ഗാനങ്ങള്‍ ഒന്നിനുപിറകെ ഒന്നായി വന്ന് ഋതുഭേദങ്ങളിലുടെ ആസ്വാദകരെ കൈപിടിച്ചുനടത്തി. 
‘ഞാനൂം ഞാനുമെന്‍റാളും ആ 40 പേരും പൂമരം കൊണ്ട് കപ്പലുണ്ടാക്കി’ എന്ന ഗാനം  ആലപിച്ചപ്പോള്‍  സദസിനെയും കൂടെപ്പാടാന്‍ ക്ഷണിച്ചു.  ശ്രോതാക്കളൊന്നാകെ ഗായകരായി മാറിയ അപൂര്‍വ നിമിഷങ്ങമായി അത്. 
ആയിരം കണ്ണുമായി എന്ന ഗാനത്തോടെ ചടങ്ങിന് തിരശ്ശീല വീഴുമ്പോള്‍  പ്രവാസ കാലത്തെ മറക്കാനാവാത്ത ഈ രാവിന്‍ നിലാവ് ഓരോ മനസിലും കുളിരും വെളിച്ചവും നിറച്ചിരുന്നു. 
എന്‍.വി.അജിത്താണ്് പരിപാടി  സംവിധാനം ചെയ്തത്. ഡെര്‍വിന്‍ ഡിസൂസ, നിഖില്‍, റിയാസ്, രൂപ രേവതി ജോസി എന്നിവര്‍ സ്റ്റീഫന്‍ ദേവസ്സിക്കൊപ്പം സംഗീതമിട്ടു. ഐശ്വര്യ അവതാരകയായി.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.