തലസ്ഥാന നഗരിയില്‍ വന്‍ വ്യാജ ഉല്‍പന്ന വേട്ട; മൂന്ന് പേര്‍ അറസ്റ്റില്‍

അബൂദബി: തലസ്ഥാന നഗരിയില്‍ പൊലീസ് വന്‍ വ്യാജ ഉല്‍പന്ന വേട്ട നടത്തി. പ്രമുഖ ബ്രാന്‍ഡുകളുടെ വ്യാജ ഉല്‍പന്നങ്ങളാണ് താമസ അപ്പാര്‍ട്ട്മെന്‍റുകളില്‍ നടത്തിയ പരിശോധനയില്‍ പൊലീസ് കണ്ടെടുത്തത്. 30000ഓളം ഉല്‍പന്നങ്ങളാണ് പിടികൂടിയതെന്ന് കുറ്റാന്വേഷണ വിഭാഗം മേധാവി കേണല്‍ ഡോ. റാശിദ് മുഹമ്മദ് ബുര്‍ഷീദ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ബംഗ്ളാദേശ് സ്വദേശികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു കെട്ടിടത്തിലെ മൂന്ന് അപ്പാര്‍ട്ട്മെന്‍റുകളിലായാണ് ഇവ സൂക്ഷിച്ചിരുന്നത്.  തടി അലമാരകള്‍ക്കിടയില്‍ ഒളിപ്പിച്ച് സൂക്ഷിച്ചിരുന്ന ഉല്‍പന്നങ്ങള്‍ക്ക് 60 ലക്ഷം ദിര്‍ഹം വില വരും. സ്ത്രീകളുടെ ബാഗുകള്‍, പഴ്സുകള്‍, ബെല്‍റ്റുകള്‍, ടൈകള്‍, തൊപ്പികള്‍, ഷൂ, കണ്ണടകള്‍, മരുന്നുകള്‍, ലൈംഗികോത്തേജന മരുന്നുകള്‍ തുടങ്ങിയവയാണ് പിടിച്ചെടുത്തത്. അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ വ്യാജ ഉല്‍പന്നങ്ങളായിരുന്നു ഇവ. വ്യാജ ഗ്യാരന്‍റി കാര്‍ഡുകള്‍ നല്‍കിയാണ് വില്‍പന നടത്തിയിരുന്നത്. അബൂദബി സാമ്പത്തിക വികസന വിഭാഗത്തിന്‍െറ സഹകരണത്തോടെയാണ് പൊലീസ് പരിശോധന നടത്തിയത്. 
വ്യാജ ഉല്‍പന്നങ്ങള്‍ സൂക്ഷിച്ചിരുന്ന കെട്ടിടത്തില്‍ തന്നെ പ്രവര്‍ത്തിച്ചിരുന്ന വ്യാപാര സ്ഥാപനങ്ങളിലാണ് പിടിയിലായിരുന്ന ബംഗ്ളാദേശ് സ്വദേശികള്‍ ജോലി ചെയ്തിരുന്നത്. ഈ സ്ഥാപനങ്ങളില്‍ വന്നിരുന്ന ചില ഉപഭോക്താക്കളെ അപ്പാര്‍ട്ട്മെന്‍റുകളിലേക്ക് കൊണ്ടുപോകുന്നത് സംബന്ധിച്ച അന്വേഷണമാണ് വന്‍ വ്യാജ ഉല്‍പന്ന വേട്ടക്ക് കാരണമായത്.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.