ജി.സി.സി വിദേശകാര്യ മന്ത്രിതല സമിതി യോഗം റിയാദിൽ ചേർന്നപ്പോൾ
ജിദ്ദ: ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ് സൗദി സന്ദർശനത്തോടനുബന്ധിച്ച് റിയാദിൽ നടക്കുന്ന 'ചൈനീസ്-ഗൾഫ്', 'ചൈനീസ്-അറബ്' ഉച്ചകോടികളുടെ മുന്നോടിയായി ഗൾഫ് അറബ് രാജ്യങ്ങൾക്കായുള്ള സഹകരണ കൗൺസിലിന്റെ (ജി.സി.സി) വിദേശകാര്യ മന്ത്രിതല സമിതി യോഗം റിയാദിൽ ചേർന്നു. നിലവിലെ സെഷന്റെ അധ്യക്ഷനായ ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് ബിൻ ഹമൂദ് അൽബുസൈദിയുടെ മേൽനോട്ടത്തിലാണ് ജി.സി.സി കൗൺസിൽ മന്ത്രിതല സമിതിയുടെ പ്രിപറേറ്ററി സെഷൻ നടന്നത്.
യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഖലീഫ ഷാഹീൻ അൽമറർ, ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽസയാനി, സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ, ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനി, കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സാലിം അബ്ദുല്ല അൽജാബർ അൽസബാഹ്, ജി.സി.സി സെക്രട്ടറി ജനറൽ നാഇഫ് ഫലാഹ് മുബാറക് അൽഹജ്റഫ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ഗൾഫ് രാജ്യങ്ങളുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ പ്രിപറേറ്ററി മന്ത്രിസഭ കൗൺസിൽ ചർച്ച ചെയ്തു. മന്ത്രിതല സമിതി നിരവധി നിർദേശങ്ങൾ സുപ്രീം കൗൺസിൽ യോഗത്തിലേക്ക് സമർപ്പിച്ചു. വെള്ളിയാഴ്ച റിയാദിലാണ് ചൈനീസ്-ഗൾഫ്, ചൈനീസ്-അറബ് ഉച്ചകോടി നടക്കുക. ഇതിെൻറ മുന്നോടിയായാണ് ജി.സി.സി വിദേശകാര്യ മന്ത്രിമാരുടെ മന്ത്രിതല സമിതി യോഗം റിയാദിൽ ചേർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.