തനിമ ജിദ്ദ നോർത്ത് വനിത വിഭാഗം സ്നേഹസംഗമം പരിപാടിയിൽ പാചക മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ ഷക്കീല പൂക്കയിൽ, നജാത്ത് സക്കീറിൽനിന്ന് സമ്മാനം ഏറ്റുവാങ്ങുന്നു
ജിദ്ദ: തനിമ ജിദ്ദ നോർത്ത് വനിത വിഭാഗം സ്ത്രീകൾക്കായി സ്നേഹസംഗമം നടത്തി. ‘ഏറ്റെടുക്കാം അല്ലാഹുവിന്റെ പ്രകാശത്തെ’ എന്ന തലക്കെട്ടിൽ ജൗഹറാത്ത് അൽ തയ്സീർ ഇസ്തിറാഹയിൽ നടന്ന സംഗമത്തിൽ സ്ത്രീകളും കുട്ടികളുമടക്കം മുന്നൂറോളം പേർ പങ്കെടുത്തു. പാചക മത്സരത്തോടെ ആരംഭിച്ച പരിപാടി വിവിധതരം ഗെയിമുകളും മത്സരങ്ങളുമായി ഏവരെയും ആവേശം കൊള്ളിച്ചു. പുതുമയാർന്ന കപ്പ വിഭവങ്ങൾ അണിനിരന്ന പാചക മത്സരത്തിൽ പൂക്കുയിൽ ഷക്കീല ഒന്നാം സ്ഥാനവും ആസിഫ സുബ്ഹാൻ, ഫാബിത പടിപ്പുര എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി. മലബാർ അടുക്കള കോഓഡിനേറ്റർ കുബ്ര ലത്തീഫ്, കെ.എം.സി.സി വനിത വിഭാഗം ജോയന്റ് സെക്രട്ടറി സാബിറ അബ്ദുൽ മജീദ്, തനിമ അംഗങ്ങളായ ഷഹനാസ് ഇസ്മായിൽ, ഖദീജ ഫവാസ് എന്നിവർ വിധികർത്താക്കളായിരുന്നു.
സ്ത്രീകൾക്കും ടീൻസ് കുട്ടികൾക്കുമായി ഓട്ടമത്സരം, ബലൂൺ ബ്രേക്കിങ്, കപ്പ് ആൻഡ് ബാൾ, കപ്പ് ആൻഡ് ബലൂൺ തുടങ്ങി നിരവധി രസകരമായ ഗെയിമുകൾ നടത്തി. സ്ത്രീകൾക്കും ടീൻസ് കുട്ടികൾക്കുമായി നടന്ന പ്രസംഗം, ലളിതഗാനം, അടിക്കുറിപ്പ് മത്സരങ്ങളിൽ ഹസീന ഹമീദ്, റാശിദ, കുബ്ര ലത്തീഫ്, മുഹ്സിന, ഫാത്തിമ ഹിബ എന്നിവർ വിജയികളായി. റജി അൻവർ, തസ്ലീമ അഷ്റഫ്, സോഫിയ സുനിൽ, റജിയ വീരാൻ എന്നിവർ വിധികർത്താക്കളായിരുന്നു.
തനിമ എക്സിക്യൂട്ടിവ് അംഗം വി. മുംതാസ് സ്നേഹസന്ദേശം നൽകി. ഇസ്ലാമിക പ്രബോധനത്തിന്റെ പ്രാധാന്യവും അതിൽ സ്ത്രീകൾ വഹിക്കേണ്ട പങ്കിനെ പറ്റിയും അവർ സംസാരിച്ചു. വനിത വിഭാഗം പ്രസിഡന്റ് നജാത്ത് സക്കീർ അധ്യക്ഷത വഹിച്ചു. എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ റജിയ വീരാൻ, തനിമ ജിദ്ദ സൗത്ത് വനിത വിഭാഗം എക്സിക്യൂട്ടിവ് അംഗം മുഹ്സിന നജ്മുദ്ദീൻ, ജിദ്ദ നോർത്ത് സ്റ്റുഡൻസ് ഇന്ത്യ ഗേൾസ് പ്രസിഡന്റ് അമൽ സുഹറ എന്നിവർ സംസാരിച്ചു.
ഗാനങ്ങളും സംഗീതാവിഷ്കാരവും നൃത്തവും കിച്ചൺ മ്യൂസിക്കുമൊക്കെയായി സ്ത്രീകൾ അണിയിച്ചൊരുക്കിയ വിവിധ കലാപരിപാടികൾ അരങ്ങേറിയ പരിപാടിയിൽ വനിത എക്സിക്യൂട്ടിവ് അംഗം സുഹറ ബഷീർ സ്വാഗതവും റഷ ഇബ്രാഹീം നന്ദിയും പറഞ്ഞു. ശാമില ഷൗക്കത്ത് ഖിറാഅത്ത് നടത്തി. ജസീന ബഷീർ, നിഹാല നാസർ എന്നിവർ അവതാരകരായിരുന്നു. പെണ്ണൊരുമയുടെ സ്നേഹപ്പെരുമ വിളമ്പിയ സ്നേഹസംഗമം പരിപാടിക്ക് ടി.കെ. ഫിദ, ഇ. ഫാത്തിമ, ഷഹനാസ് ഗഫൂർ, തസ്നി നിസാർ, സുലൈഖ അഷ്റഫ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.