താൻസനിയൻ സയാമീസ് ഇരട്ടകളെ വേർപെടുത്തി; റിയാദിൽ നടന്നത് 16.5 മണിക്കൂർ നീണ്ട സങ്കീർണ ശസ്ത്രക്രിയ

റിയാദ്: പതിനാറര മണിക്കൂർ നീണ്ട അതിസങ്കീർണമായ ശസ്ത്രക്രിയക്കൊടുവിൽ താൻസനിയൻ സയാമീസ് ഇരട്ടകളായ നാൻസിയെയും നൈസിനെയും വിജയകരമായി വേർപെടുത്തി. സൗദി അറേബ്യയിലെ കിങ് അബ്ദുല്ല സ്പെഷ്യലൈസ്ഡ് ചിൽഡ്രൻസ് ആശുപത്രിയിൽ വ്യാഴാഴ്ച രാവിലെ ആരംഭിച്ച ശസ്ത്രക്രിയ 10 ഘട്ടങ്ങളിലായാണ് പൂർത്തിയാക്കിയത്.

സൽമാൻ രാജാവിെൻറയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറയും പ്രത്യേക നിർദേശപ്രകാരം ജനുവരി 27നാണ് ഒന്നര വയസ്സുള്ള ഈ കുഞ്ഞുങ്ങളെ താൻസാനിയയിൽ നിന്ന് സൗദിയിലെത്തിച്ചത്. വിദഗ്ധ മെഡിക്കൽ സംഘം നടത്തിയ വിശദമായ പരിശോധനകൾക്കും വിലയിരുത്തലുകൾക്കും ശേഷമാണ് വേർപെടുത്തൽ ശസ്ത്രക്രിയ നിശ്ചയിച്ചത്.

 

നെഞ്ചിെൻറ താഴെഭാഗം, അടിവയർ, പെൽവിസ് എന്നീ ഭാഗങ്ങൾ ഒട്ടിച്ചേർന്ന നിലയിലായിരുന്നു കുഞ്ഞുങ്ങൾ. അനസ്തേഷ്യ, പീഡിയാട്രിക് സർജറി, പ്ലാസ്റ്റിക് സർജറി, പീഡിയാട്രിക് യൂറോളജി, ഓർത്തോപെഡിക്സ് തുടങ്ങി വിവിധ മേഖലകളിലെ 35ഓളം കൺസൾട്ടൻറുമാരും സ്പെഷ്യലിസ്റ്റുകളും നഴ്സിങ്-സാങ്കേതിക വിദഗ്ധരും അടങ്ങുന്ന സംഘമാണ് ദൗത്യത്തിൽ പങ്കാളികളായത്. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതായി മെഡിക്കൽ സംഘം തലവൻ ഡോ. അബ്ദുല്ല അൽറബീഅ അറിയിച്ചു. എല്ലാ ഘട്ടങ്ങളിലും അതീവ ജാഗ്രതയും സുരക്ഷയും ഉറപ്പാക്കാൻ സാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. സഹപ്രവർത്തകരുടെ കഠിനാധ്വാനത്തിന് നന്ദി അറിയിച്ച അദ്ദേഹം, സൗദി അറേബ്യയുടെ ആഗോള മാനുഷിക ഇടപെടലുകളുടെ ഭാഗമാണിതെന്നും കൂട്ടിച്ചേർത്തു.

കഴിഞ്ഞ 35 വർഷമായി പ്രവർത്തിക്കുന്ന സൗദി പ്രോഗ്രാമിന് കീഴിൽ നടക്കുന്ന 71ാമത്തെ സയാമീസ് വേർപെടുത്തൽ ശസ്ത്രക്രിയയാണിത്. താൻസാനിയയിൽ നിന്നുള്ള മൂന്നാമത്തെ കേസാണിത്. ഇതുവരെ 28 രാജ്യങ്ങളിൽ നിന്നായി 157 കേസുകളാണ് ഈ പദ്ധതിക്ക് കീഴിൽ പഠനവിധേയമാക്കിയത്. വൈദ്യശാസ്ത്ര രംഗത്തെ സൗദിയുടെ മികവും ആധുനിക സൗകര്യങ്ങളും അടിവരയിടുന്നതാണ് ഈ നേട്ടം.

Tags:    
News Summary - Tanzanian conjoined twins separated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.