സൗദിയിൽ നിയമലംഘകർക്കായി കർശന പരിശോധന; ഒരാഴ്ചക്കിടെ 17,300 വിദേശികൾ പിടിയിൽ

യാംബു: സൗദി അറേബ്യയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാനിയമ ലംഘകവരെ കണ്ടെത്താൻ കർശന പരിശോധന തുടരുന്നു. ഒരാഴ്ച്ചക്കിടെ ഇത്തരത്തിൽ 17,300 പേർ പിടിയിലായെന്ന്​ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിവിധ സുരക്ഷാ വിഭാഗങ്ങൾ ചേർന്നാണ്​ പരിശോധന നടത്തിയത്. താമസനിയമ ലംഘനം നടത്തിയ 10 ,000, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച 3,900, തൊഴിൽ നിയമ ലംഘനം നടത്തിയ 2,611 എന്നിങ്ങനെയാണ് അറസ്​റ്റിലായവരുടെ കണക്ക്​.

രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് 626 പേർ അറസ്​റ്റിലായത്. ഇവരിൽ 57 ശതമാനം യമനികളും 40 ശതമാനം എത്യോപ്യക്കാരും മൂന്ന്​ ശതമാനം മറ്റു രാജ്യക്കാരുമാണ്. 24 നിയമലംഘകർ രാജ്യത്തുനിന്ന്​ പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായി. താമസ, തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്നവരെ കടത്തിക്കൊണ്ടുവരികയും അവർക്ക് അഭയം നൽകുകയും നിയമലംഘനത്തിന് കൂട്ട് നിൽക്കുകയും ചെയ്ത ഒമ്പത്​ പേരും അറസ്​റ്റിലായിട്ടുണ്ട്.

ആകെ 51,000 ത്തോളം നിയമലംഘകർ നിലവിൽ ചട്ടങ്ങൾ ലംഘിച്ചതിന് നടപടികൾക്ക് വിധേയരായിട്ടുണ്ട്. 44,000 നാടുകടത്തുന്നതിനുവേണ്ടി അവരുടെ യാത്രാരേഖകൾ ശരിയാക്കാൻ അതത് രാജ്യങ്ങളുടെ എംബസികളിലേക്ക് കൈമാറി. 1,800 പേരെ യാത്രാറിസർവേഷൻ പൂർത്തിയാക്കാന​ും ശിപാർശ ചെയ്തു. 7,800 ഓളം നിയമലംഘകരെ ഇതിനകം നാടുകടത്തി. രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നവർക്ക്​ പ്രവേശനം സുഗമമാക്കുകയോ അയാൾക്ക് ഗതാഗതമോ അഭയമോ മറ്റ് ഏതെങ്കിലും സഹായമോ സേവനമോ നൽകുകയോ ചെയ്യുന്നത് ഗുരുതരമായ കുറ്റമാണ്. അങ്ങനെ ചെയ്​താൽ 15 വർഷം വരെ തടവും പരമാവധി 10 ലക്ഷം റിയാൽ പിഴയുമാണ്​ ശിക്ഷയെന്ന്​ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Tags:    
News Summary - Strict check for law breakers in Saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.