വടക്കന്‍ റെയില്‍വേയില്‍ സാഫല്യത്തിന്‍െറ ചൂളം വിളി

റിയാദ്: സൗദി പൊതുഗതാഗതത്തിന് പുത്തനുണര്‍വ് പകര്‍ന്ന് വടക്കന്‍ റെയില്‍വേയിലും യാത്രാവണ്ടിയുടെ ചൂളം വിളി. റിയാദില്‍ നിന്ന് അല്‍ഖസീമിലേക്ക് ആദ്യ തീവണ്ടി ഓടി റെയില്‍വേ വികസനത്തില്‍ പുതിയ അധ്യായത്തിന് തുടക്കം കുറിച്ചു. ഞായറാഴ്ച രാവിലെ 10 ന് റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം തുമാമ റൂട്ടില്‍ പുതുതായി പണികഴിപ്പിച്ച റെയില്‍വേ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ സൗദി റെയില്‍വേയ്സ് ഓര്‍ഗനൈസേഷന്‍ (എസ്.ആര്‍.ഒ) പ്രസിഡന്‍റും സൗദി റെയില്‍വേസ് കമ്പനി (സാര്‍) ഡയറക്ടര്‍ ജനറലുമായ ഡോ. റമീഹ് ബിന്‍ മുഹമ്മദ് റമീഹ് ആദ്യ ഓട്ടത്തിന് പതാക വീശി. ‘സാര്‍’ കമ്പനി ആസ്ഥാനത്തോട് ചേര്‍ന്ന് നിര്‍മിച്ച ഈ പുതിയ സ്റ്റേഷന്‍െറ ഉദ്ഘാടനം ഡോ. റമീഹും സൗദി എയര്‍ലൈന്‍സ് കാറ്ററിങ് കമ്പനി സി.ഇ.ഒ വാജിദ് ബിന്‍ മുഹമ്മദ് അല്‍ഗബ്ബാനും ചേര്‍ന്ന് നിര്‍വഹിച്ചു. പുതിയ റെയില്‍ പദ്ധതി സാക്ഷാത്കരിക്കപ്പെട്ടതിന്‍െറ ആഹ്ളാദ സൂചകമായി ഇരുവരും ചേര്‍ന്ന് കൂറ്റന്‍ കേക്ക് മുറിച്ച് മധുരം പങ്കുവെച്ചു. റിയാദ് - ദമ്മാം ട്രെയിന്‍ സര്‍വീസുകളിലും മിഠായി വിതരണം നടന്നു. ആദ്യ ട്രെയിനിലെ യാത്രക്കാരും സ്റ്റേഷന്‍ ജീവനക്കാരും പൗരപ്രമുഖരും വിദേശികളും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ യാത്രാരംഭത്തിന് സാക്ഷ്യം വഹിക്കാന്‍ എത്തിച്ചേര്‍ന്നിരുന്നു. കൃത്യം 10ന് തന്നെ ട്രെയിന്‍ പ്ളാറ്റ്ഫോമില്‍ നിന്ന് നീങ്ങിത്തുടങ്ങി. രണ്ട് എന്‍ജിനുകളും ഏഴ് കോച്ചുകളാണ് ട്രെയിനിലുള്ളത്. 444 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ഇതിനാവും. ‘സാര്‍’ കമ്പനിയധികൃതരും ഉദ്യോഗസ്ഥരും  ജീവനക്കാരും ഉള്‍പ്പെടെ 320 യാത്രക്കാരാണ് ഖസീമിലേക്ക് ആദ്യ യാത്ര ചെയ്തത്. അതിരാവിലെ തന്നെ യാത്രക്കാര്‍ എത്തിയിരുന്നെങ്കിലും 8.30ഓടെയാണ് ടിക്കറ്റ് കൊടുത്ത് തുടങ്ങിയത്. സൗദി കുടുംബങ്ങളടക്കം നിരവധിയാളുകള്‍ റിയാദ് - ഖസീം റൂട്ടിലെ ആദ്യ യാത്രാനുഭവം നുകരാന്‍ എത്തി. ഉദ്ഘാടനം പ്രമാണിച്ച് ഒരു മാസം ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രില്‍ ഒന്നു വരെ ഈ റൂട്ടില്‍ ഏത് ദൂരത്തേക്കും ക്ളാസ് ഭേദമില്ലാതെ മുതിര്‍ന്നവര്‍ക്ക് 40 റിയാലും കുട്ടികള്‍ക്ക് 20 റിയാലും കൈക്കുഞ്ഞുങ്ങള്‍ക്ക് നാല് റിയാലും മാത്രമാണ് നിരക്ക്. ഇളവ് കാലത്തിന് ശേഷമുള്ള ടിക്കറ്റ് നിരക്ക് ഇനി പറയും വിധമാണ്. 
റിയാദ് - മജ്മഅ ഇക്കോണമി ക്ളാസ്: മുതിര്‍ന്നവര്‍ക്ക് 70 റിയാലും കുട്ടികള്‍ക്ക് 35 റിയാലും; ബിസിനസ് ക്ളാസ്: 125 - 190. മജ്മഅ - ഖസീം ഇക്കോണമി ക്ളാസ്: കുട്ടികള്‍ക്ക് 30, മുതിര്‍ന്നവര്‍ക്ക് 60; ബിസിനസ് ക്ളാസ്: 105 - 160. റിയാദ് - ഖസീം ഇക്കോണമി ക്ളാസ്: കുട്ടികള്‍ക്ക് 60, മുതിര്‍ന്നവര്‍ക്ക് 120; ബിസിനസ് ക്ളാസ് 230 -350. 
350 കിലോമീറ്ററാണ് റിയാദ് - ഖസീം റൂട്ടിന്‍െറ ദൈര്‍ഘ്യം. രണ്ടര മണിക്കൂറാണ് ഓട്ടസമയം. മണിക്കൂറിലെ പരമാവധി വേഗത 200 കിലോമീറ്റര്‍. ഈ റൂട്ടില്‍ റിയാദിനും ഖസീമിനും ഇടയില്‍ മജ്മഅ സ്റ്റേഷന്‍ മാത്രമേയുള്ളൂ. ഭാവിയില്‍ സുല്‍ഫിയിലേക്ക് കൂടി പാത നീട്ടി അവിടെയും സ്റ്റേഷന്‍ സ്ഥാപിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. ആദ്യ ഘട്ടത്തില്‍ ഒറ്റ ട്രെയിന്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. രാവിലെ 10ന് റിയാദില്‍ നിന്ന് പുറപ്പെട്ട് ഉച്ചക്ക് 12.30ന് ബുറൈദയില്‍ എത്തും. പിന്നീട് ഉച്ചകഴിഞ്ഞ് മൂന്നിന് അവിടെ നിന്ന് തിരിച്ച് 5.30ന് റിയാദിലത്തെും. അടുത്ത മാസത്തോടെ കൂടുതല്‍ ട്രെയിനുകള്‍ എത്തുമെന്നും അധികൃതര്‍ അറിയിച്ചു. 
രാജ്യത്തെ രണ്ടാമത്തെ പൊതുമേഖല റെയില്‍വേ സ്ഥാപനമാണ് ‘സാര്‍’ (സൗദി റെയില്‍വേസ് കമ്പനി). ആദ്യത്തേത് റിയാദ് - ദമ്മാം സര്‍വീസിന്‍െറ ഉടമസ്ഥരായ സൗദി റെയില്‍വേയ്സ് ഓര്‍ഗനൈസേഷനാണ് (എസ്.ആര്‍.ഒ). ധാതുപദാര്‍ത്ഥങ്ങളുടെയും മറ്റ് ചരക്കുകളുടെയും ഗതാഗതത്തിന് വേണ്ടി 2006ലാണ് വടക്ക് - തെക്ക് റെയില്‍വേ എന്ന പേരില്‍ ഈ പദ്ധതിക്ക് തുടക്കമിട്ടത്. ഇതിന്‍െറ നടത്തിപ്പിനുവേണ്ടിയാണ് രണ്ടാമതൊരു റെയില്‍ കമ്പനിയായി പൊതുമേഖലയില്‍ ‘സാര്‍’ ആരംഭിച്ചത്. ജോര്‍ദാന്‍ അതിര്‍ത്തിയിലെ ഹദീത തുറമുഖത്തേയും റിയാദിനെയും ബന്ധിപ്പിക്കുന്ന റെയില്‍വേയുടെ നിര്‍ദിഷ്ട ദൂരം 2,750 കിലോമീറ്ററാണ്. 
2011ല്‍ ഹദീതയില്‍ നിന്ന് കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലിന് സമീപം റാസ് അല്‍ഖൈര്‍ തുറമുഖം വരെ 1,392 ദൂരത്തില്‍ പാളങ്ങള്‍ സ്ഥാപിക്കുകയും ചരക്ക് ഗതാഗതം ആരംഭിക്കുകയും ചെയ്തു. ഭാവിയില്‍ ഇത് ജുബൈല്‍ തുറമുഖം വരെ ദീര്‍ഘിപ്പിക്കും. ചരക്ക് ഗതാഗതത്തിന് പുറമെ ഈ പാത യാത്രക്ക് കൂടി ഉപയോഗിക്കാനുള്ള പദ്ധതി പൂര്‍ത്തിയാകുമ്പോഴാണ് 2,750 കിലോമീറ്റര്‍ എന്ന യഥാര്‍ഥ ലക്ഷ്യത്തിലത്തെുന്നത്. യാത്രാവണ്ടികള്‍ ഓടുന്ന ഭാഗമാണ് ‘വടക്കന്‍ റെയില്‍വേ’ എന്നറിയപ്പെടുന്നത്. ഇതിന്‍െറ ആദ്യഘട്ടമാണ് ഞായറാഴ്ച ഉദ്ഘാടനം ചെയ്യപ്പെട്ടത്. വടക്കന്‍ അതിര്‍ത്തി പട്ടണമായ അല്‍ജൗഫ് വരെയാണ് അടുത്ത ഘട്ടം. 

 

Tags:    
News Summary - saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.