ഇന്ത്യക്കാരനെ മോചിപ്പിക്കാന്‍  സൗദി പൗരന്‍ അബൂദബിയില്‍

റിയാദ്: തന്‍െറ ജോലിക്കാരുടെ മകനെ ജയിലില്‍ നിന്ന് മോചിപ്പിക്കാന്‍ സൗദി സ്പോണ്‍സര്‍ യു.എ.ഇയിലത്തെി. വടക്കന്‍ സൗദിയിലെ ഹാഇല്‍ സ്വദേശിയായ അയദ ഖുദൈര്‍ അല്‍ റുമ്മാലിയാണ് അബൂദബിയില്‍ ചെന്ന് നിയമസഹായം നല്‍കിയത്. റുമ്മാലിയുടെ വീട്ടുജോലിക്കാരായ യാസിന്‍-അനീസ ദമ്പതികളുടെ മകന്‍ അലിയാണ് അടിപിടി കേസില്‍ അബൂദബിയില്‍ ജയിലിലായത്. ഇന്ത്യക്കാരാണ് ഇവര്‍. രണ്ടുമാസം മുമ്പായിരുന്നു സംഭവം. തൊഴില്‍ സ്ഥലത്തുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് പാകിസ്താന്‍ സ്വദേശിയെ അലി മര്‍ദിക്കുകയായിരുന്നു. ഈ സംഭവത്തിന് പിന്നാലെ ഇയാളെ കുറിച്ചുള്ള വിവരങ്ങളൊന്നും മാതാപിതാക്കള്‍ക്ക് കിട്ടാതായി. രണ്ടുമാസം കാത്തിരുന്നിട്ടും വിവരങ്ങള്‍ ലഭിക്കാതെ വിഷമിച്ച ദമ്പതികള്‍ വിഷയം സ്പോണ്‍സറുടെ ശ്രദ്ധയില്‍പെടുത്തി. മാതാപിതാക്കളുടെ വേദനയില്‍ മനസലിഞ്ഞ റുമ്മാലി താന്‍ ഇടപെടാമെന്ന് ഉറപ്പുനല്‍കി. കഴിഞ്ഞയാഴ്ച അദ്ദേഹം അങ്ങനെ യു.എ.ഇയിലേക്ക് തിരിച്ചു. 
തന്‍െറ ഒരു ബന്ധുവിനൊപ്പമാണ് അലിയെ തേടി അബൂദബിയിലേക്ക് പോയതെന്ന് റുമ്മാലി വിശദീകരിക്കുന്നു. ഏത്  ജയിലിലാണ് അലി ഉള്ളതെന്ന് ഞങ്ങള്‍ക്ക് അറിയുമായിരുന്നില്ല. മുസഫ പൊലീസ് സ്റ്റേഷനിലാണ് ആദ്യം അന്വേഷിച്ചത്. പക്ഷേ, അവിടെ ഒരു വിവരവും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് അബൂദബിയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ ഒരു ജയിലില്‍ പോയി നോക്കിയിട്ടും ഫലമുണ്ടായില്ല. വിവിധ തലങ്ങളില്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ റിമാന്‍ഡ് ജയിലിലാണ് അലിയെ പാര്‍പ്പിച്ചിരിക്കുന്നതെന്ന് കണ്ടത്തെി. അടിപിടിക്ക് ശേഷം ഇയാളെ ഇങ്ങോട്ടാണ് കൊണ്ടുവന്നത്. - റുമ്മാലി പറയുന്നു. 
അലിയെ കണ്ട് കാര്യങ്ങള്‍ തിരക്കിയ ശേഷം കേസുകൊടുത്ത പാകിസ്താനിയെ തേടി കമ്പനിയിലത്തെി. പക്ഷേ, അപ്പോഴേക്കും അയാള്‍ നാട്ടില്‍ ലീവിന് പൊയ്ക്കഴിഞ്ഞിരുന്നു. ഫോണില്‍ അയാളുമായി ദീര്‍ഘമായി സംസാരിക്കുകയും കേസ് പിന്‍വലിക്കാമെന്ന് സമ്മതിപ്പിക്കുകയും ചെയ്തു. വിവരം റുമ്മാലി ബന്ധപ്പെട്ട അധികാരികളെ അറിയിച്ചു. തുടര്‍ന്ന് അലി മോചിതനായി. പക്ഷേ, യു.എ.ഇ നിയമ വ്യവസ്ഥ പ്രകാരം കേസ് പിന്‍വലിക്കാന്‍ ബന്ധപ്പെട്ട കക്ഷി നേരിട്ട് വരേണ്ടതുണ്ട്. അയാള്‍ നാട്ടില്‍ നിന്ന് തിരിച്ചത്തെി നേരിട്ട് ഹാജരാകുമ്പോള്‍ കേസ് ഒൗദ്യോഗികമായി അവസാനിപ്പിക്കും. 
യു.എ.ഇയിലെ സുരക്ഷാ ഉദ്യോഗസ്ഥരും പൗരന്‍മാരും ഏറെ ദയാവായ്പോടെയാണ് ദൗത്യത്തിനിടെ തന്നോട് പെരുമാറിയതെന്ന്  റുമ്മാലി പറഞ്ഞു. ജോലിക്കാരുടെ മകന്‍െറ മോചനത്തിന് വേണ്ടിയാണ് ശ്രമിക്കുന്നതെന്ന് അറിഞ്ഞപ്പോള്‍ ഉദാരമായ സഹായം എല്ലായിടത്തു നിന്നും കിട്ടിയെന്നും അവര്‍ക്കൊക്കെ നന്ദി പറയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Tags:    
News Summary - saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.