ജുബൈൽ: ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ജുബൈൽ ജയിലിൽ കഴിയുന്ന മലയാളികളടക്കം ഏഴു ഇന്ത്യക്കാരുടെ മോചനത്തിന് ഇന്ത്യൻ എംബസി അടിയന്തിരമായി ഇടപെടണമെന്ന ആവശ്യം ശക്തം. പാലക്കാട് കൊല്ലംകോട് സ്വദേശിയായ കണ്ണൻ കൃഷ്‌ണൻ മദ്യപാന കേസിലാണ് പിടിക്കപ്പെടുന്നത്. ഇഖാമ പരിശോധനക്കിടയിൽ കണ്ണെൻറ താമസ സ്ഥലത്ത് കയറിയ ഉദ്യോഗസ്ഥർ അവിടെ മദ്യക്കുപ്പികൾ കണ്ടെത്തുകയായിരുന്നു. അഞ്ചു മാസത്തെ തടവായിരുന്നു ശിക്ഷ. പക്ഷെ എട്ടുമാസം കഴിഞ്ഞിട്ടും മോചനം അനന്തമായി നീളുകയാണ്. മറ്റൊരു കേസിൽ നാലു മാസത്തെ ശിക്ഷ വിധിക്കപ്പെട്ട തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി അനിൽ കുമാർ അപ്പുകുട്ടൻ ജയിലിലായിട്ട് ഏഴുമാസമായി.
ബിഹാർ സ്വദേശിയായ ബർക്കത്ത് ഹുസൈന് തെൻറ ശിക്ഷാകാലാവധി ഏത്രയാണെന്നു പോലും അറിയില്ല. പ്രമുഖ നിർമാണ കമ്പനിയിൽ സ്റ്റോർ കീപ്പറായി ജോലി ചെയ്തു വരുന്നതിനിടയിൽ കമ്പനിയിലെ പഴയ ഇരുമ്പ് സാധനങ്ങൾ പെറുക്കി വിറ്റ കേസിലാണ് പിടിക്കപ്പെട്ടത്. ഒരു വർഷം മുമ്പ് ജയിലിലായ ഹുസൈൻ ഇതുവരെയും കോടതിയിൽ പോലും പോയിട്ടില്ലെന്നാണ് വിവരം. കർണാടക ബൽഗാം സ്വദേശിയായ ബദറുദ്ദീൻ തിയോതിയും ജോലി സ്ഥലത്തെ പാഴ്വസ്തുക്കൾ എടുത്ത് വിറ്റ കേസിലാണ് ജയിലിലായത്.
18 മാസമായി ജയിലിൽ കഴിയുന്ന ബദറുദ്ദീന് തനിക്കുള്ള ശിക്ഷ എത്രകാലത്തേക്കാണെന്ന് അറിയില്ല. വിദേശ വനിതയെ തനിച്ച് ടാക്സിയിൽ കയറ്റിയതിന് ഒരു വർഷമായി വിചാരണ പോലും നടക്കാതെ ജയിലിൽ കഴിയുകയാണ് ഹൈദരാബാദ് സ്വദേശി സയ്യിദ് അസീം. യാത്രക്കാരി വീട്ടുവേലക്കാരി ആയിരുന്നു എന്നത് കുറ്റത്തിെൻറ ഗൗരവം വർധിപ്പിച്ചു.
മദ്യപാന കേസിൽ ആറുമാസത്തെ ശിക്ഷ വിധിച്ച രൺവീർ ഇപ്പോൾ ജയിലിൽ എത്തിയിട്ട് ഒരു വർഷം കഴിയുന്നു. ഇത്തരത്തിൽ ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും മോചനം അനന്തമായി നീളുന്ന ഇന്ത്യക്കാരെ രക്ഷിക്കാൻ ഇന്ത്യൻ എംബസി അടിയന്തിരമായി ഇടപെടണമെന്ന് കെ.എം.സി.സി ജുബൈൽ ഘടകം പ്രസിഡൻറ് ഫാസ് മുഹമ്മദലി, െസക്രട്ടറി അഷ്‌റഫ് ചെട്ടിപ്പടി, വർക്കിങ് പ്രസിഡൻറ് ഉസ്മാൻ ഒട്ടുമ്മേൽ എന്നിവർ പറഞ്ഞു. നടപടി ഉണ്ടായില്ലെങ്കിൽ കേന്ദ്ര സർക്കാരിനെയും വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനേയും സമീപിക്കുമെന്ന് അവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.