ഭൗമ ശാസ്ത്ര ഗവേഷകരെ  ആകര്‍ഷിച്ച് അല്‍ അയിസ് 

യാമ്പു: വ്യവസായ നഗരമായ യാമ്പുവില്‍ നിന്ന് ഏകദേശം 150 കിലോമീറ്റര്‍ വടക്ക് സഞ്ചരിച്ചാല്‍ അല്‍ അയിസ് എന്ന കൊച്ചു നഗരത്തിലത്തൊം. അവിടെ നിന്ന് മരുഭൂമിയിലൂടെ വീണ്ടും 40 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഭൗമപഠനത്തില്‍  താല്‍പര്യമുള്ളവരെ ആകര്‍ഷിക്കുന്ന വിശാലമായ പ്രദേശമുണ്ട്. 2009-ല്‍  ഈ പ്രദേശത്ത് നിരവധി തവണ ഭൂമികുലുക്കം അനുഭവപ്പെട്ടതിനെ തടര്‍ന്ന് നടത്തിയ പരിശോധനയില്‍ അഗ്നിപര്‍വത സ്ഫോടനം ഉണ്ടാകാന്‍  സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയ പ്രദേശമാണിത്. മുന്‍കരുതലിന്‍െറ ഭാഗമായി സൗദി അധികൃതര്‍ ആളുകളെ യാമ്പു, മദീന എന്നിവിടങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചിരുന്നു. സ്ഫോടനം ഉണ്ടാകുമോ എന്ന് ആശങ്കയുള്ളതിനാല്‍  വലിയ ജാഗ്രതയാണ്  അന്ന് സൗദി ഭരണകൂടം പുലര്‍ത്തിയത്. അപകടരഹിതമായ ചെറുഭൂചലനങ്ങള്‍ പിന്നീട്  രേഖപ്പെടുത്തിയെങ്കിലും  സ്ഫോടനങ്ങളോ ദുരന്തങ്ങളോ ഈ പ്രദേശത്ത് ഇതുവരെ ഉണ്ടായിട്ടില്ല. 
നാല്‍പതു കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥിരതാമസക്കാര്‍ ഇപ്പോഴും ഇവിടെ കുറവാണ്. മദീനയിലും യാമ്പുവിലും സ്ഫോടന സാധ്യതാവര്‍ഷത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളും വന്‍ സന്നാഹങ്ങളും അധികൃതര്‍ ഒരുക്കിയിരുന്നു. അന്താരാഷ്ട്ര മാധ്യമങ്ങളുടെ ശ്രദ്ധയും നോട്ടവും ഈ പ്രദേശ ത്തേക്ക് അന്നുണ്ടായി. മദീന ഗവര്‍ണര്‍ അല്‍ അയിസ് പ്രദേശത്തേക്ക് പിന്നീട് പല  വികസന പദ്ധതികള്‍ നടപ്പിലാക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും അങ്ങിങ്ങായി  ഇവിടെ  ഗ്രാമീണരായ അറബികള്‍ കുടുംബത്തോടൊപ്പം താമസിക്കാന്‍ തുടങ്ങി. താമസ സ്ഥലത്തിനരികെ ചെറുതും വലുതുമായ ഒട്ടകങ്ങളുടെയും ആടുകളുടെയും ഫാമുകളും ഇപ്പോള്‍   കാണാം. 
അഗ്നി പര്‍വതങ്ങളില്‍ നിന്ന് പുറപ്പെടുന്ന ‘മാഗ്മ’ യിലെ വാതകം വേര്‍പെട്ട് രൂപപ്പെട്ട വലിയ ശിലാഖണ്ഡങ്ങള്‍ മുതല്‍ ചെറുകല്ലുകളും  തരികളും വരെയായി ഇവിടെ രൂപമാറ്റം സംഭവിച്ചതായി കാണാം. അഗ്നിപര്‍വ്വതത്തില്‍ നിന്ന് നാല് ഭാഗത്തേക്കും  ലാവ ഒഴുകി വന്ന് ഘനീഭവിച്ച കറുത്ത ശിലകള്‍പഠന വിധേയമാക്കാനും ശിലകളെ കുറിച്ചു പഠിക്കാനുമൊക്കെ ഗവേഷകരെസഹായിക്കുന്നു. ഇരുമ്പും ഉരുക്കും പോലുള്ള ഈ ശിലയില്‍ വായു പുറം തള്ളിയ ഭാഗത്ത് ധാരാളം ദ്വാരങ്ങള്‍ ഇപ്പോഴും പ്രകടമാണ്. വ്യാവസായിക ആവശ്യത്തിന് ഈ പ്രദേശത്ത് നിന്ന് കരിമണല്‍ ഖനനവും നടക്കുന്നുണ്ട്.  സഞ്ചാരികളും ഗവേഷകരും അല്‍ അയിസ് ഭൂപ്രദേശത്തിലെ ‘വോള്‍ക്കാനോ’ പ്രദേശം കാണാന്‍  എത്തുന്നുണ്ട്.  വിവിധ വലിപ്പത്തിലും  രൂപത്തിലുമുള്ള ആകര്‍ഷണീയമായ  പാറക്കല്ലുകള്‍ പ്രകൃതിയുടെ അവാച്യമായ ഭംഗി  പകര്‍ന്നു തരും. പുല്ലുകള്‍ അപൂര്‍വമായി  മാത്രമേ ഇവിടെ വളരുന്നുള്ളൂ. സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് ഇവിടെ  ലാവയൊഴുകിയതിന്‍െറ അടയാളങ്ങള്‍ ഇപ്പോഴുമുണ്ട്. സൗദിയിലെ  പ്രശസ്ത സര്‍വ കലാശാലകളിലെ ഭൂമിശാസ്ത്ര പഠനത്തില്‍ വിദഗ്ധരായവരുമായി ആവശ്യമായ ചര്‍ച്ചകള്‍  നടത്തിയാണ് ഇവിടുത്തെ വികസന പ്രവര്‍ത്തനങ്ങള്‍  അധികൃതര്‍ നടപ്പിലാക്കുന്നത്.

Tags:    
News Summary - saudi tourism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.