ജുബൈൽ: പ്രവാസികളുടെ തൊഴിൽ പരാതികൾ സ്വീകരിക്കാൻ വാട്സ് ആപ്പ് സംവിധാനം പ്രയോഗവത്കരിക്കുന്നതിനുള്ള നടപടികൾ അവസാന ഘട്ടത്തിലാണെന്ന് ജുബൈൽ ലേബർ ചീഫ് ഓഫീസർ മുതലാഖ് ദഹം അൽ -ഖഹ്ത്താനി. ജുബൈൽ ലേബർ ഓഫീസിൽ ഇന്ത്യൻ എംബസി ഉദ്യോ ഗസ്ഥരുമായും സന്നദ്ധ പ്രവർത്തകരുമായും നടത്തിയ ചർച്ചയിലാണ് അദ്ദേഹം തൊഴിലാളികൾക്ക് ഏറെ ഉപകാരപ്രദമാകുന്ന പുതിയ സംവിധാനത്തെ സംബന്ധിച്ച് വ്യക്തമാക്കിയത്. നിലവിൽ തൊഴിലാളികൾ നേരിട്ട് ലേബർ ഓഫീസിൽ ഹാജരായി വേണം പരാതി സമർപ്പിക്കാൻ.
എന്നാൽ വിദൂര തൊഴിലിടങ്ങളിൽ നിന്ന് പരാതി നൽകാനെത്തി കഴിയാതെ മടങ്ങിപ്പോകുന്നത് തൊഴിലാളികൾക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഇത് ഒഴിവാക്കി പരാതികൾ വാട്ട്സ് ആപ്പ് വഴി സ്വീകരിക്കുകയും മുൻഗണന ക്രമം അനുസരിച്ച് ലേബർ ഓഫീസർക്ക് മുന്നിൽ ഹാജരാവേണ്ട ദിവസവും സമയവും പരാതിക്കാരന് നൽകുകയും ചെയ്യും. അന്തിമ ഘട്ടത്തിലുള്ള പദ്ധതി ഉടൻ പ്രാബല്യത്തിൽ വരും. മൂന്നു മാസം തുടർച്ചയായി ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കാത്ത തൊഴിലാളിക്ക് ശരിയായ രേഖകൾ സമർപ്പിച്ച് ലേബർ ഓഫീസർ വഴി പുതിയ തൊഴിൽ തേടാനുള്ള സംവിധാനവുമായിട്ടുണ്ട്.
ജുബൈലിൽ ഒരു കമ്പനിയിൽ ശമ്പളവും ഭക്ഷണവുമില്ലാതെ ദുരിതത്തിൽ കഴിയുന്ന 250 ഇന്ത്യൻ തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കാൻ അടിയന്തിരമായി ഇടപെടാമെന്ന് അദ്ദേഹം ഉറപ്പുനൽകി. അതേസമയം ഈ തൊഴിലാളികൾക്ക് കേസ് നടത്താൻ ആരെയെങ്കിലും ചുമതലപ്പെടുത്തിയ ശേഷം നാട്ടിൽ പോകുകയും കേസിൽ വിധി വന്നശേഷം കമ്പനിയിൽ നിന്ന് പണം കിട്ടുന്ന മുറക്ക് തൊഴിലാളികൾക്ക് നാട്ടിൽ എത്തിച്ചു കൊടുക്കാൻ നടപടിയെടുക്കമെന്നും അദ്ദേഹം ഉറപ്പുനൽകി. എംബസി ഉദ്യോഗസ്ഥാരായ ആർ.ഡി ഗുംഭീർ, ഡി. ബി ബാതി, മുബീൻ ഖാൻ സന്നദ്ധപ്രവർത്തകരായ സൈഫുദീൻ പൊറ്റശ്ശേരി, സയ്യിദ് മഹ്മൂദ് ഹസ്സൻ എന്നവിവരാണ് ചർച്ചയിൽ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.