സൗദിയിൽ ചെറുകിട -ഇടത്തരം സ്ഥാപനങ്ങൾക്ക് ലെവി ഇളവ് ലഭിച്ചുതുടങ്ങി

റിയാദ്: സൗദി അറേബ്യയിലെ ചെറുകിട ഇടത്തരം വാണിജ്യ മേഖലയ്ക്ക് പ്രഖ്യാപിച്ച മൂന്നുവർഷത്തേക്കുള്ള ലെവി ഇളവ് സ്ഥാപനങ്ങൾക്ക് ലഭിച്ചുതുടങ്ങി. കോവിഡ്  പ്രതിസന്ധി നേരിട്ട് ബാധിച്ച ചെറുകിട -ഇടത്തരം മേഖലയിലെ സ്ഥാപനങ്ങൾക്കാണ് ലെവിയിൽ ഇളവ്.

സ്വകാര്യ മേഖലയിലെ സ്വദേശി തൊഴിലാളികൾക്ക് സർക്കാർ  പ്രഖ്യാപിച്ച ശമ്പള ആനൂകൂല്യവും ലഭിച്ചു തുടങ്ങി. പ്രവാസികൾക്കും ഏറെ ആശ്വാസം പകരുന്നതാണ് സർക്കാർ ആനുകൂല്യങ്ങൾ. കോവിഡ് പശ്ചാത്തലത്തിൽ  പ്രതിസന്ധിയിലായ സ്വകാര്യ മേഖലയെ സഹായിക്കുന്നതിനായി സൗദി സർക്കാർ വിവിധ പദ്ധതികളാണ് പ്രഖ്യാപിച്ചത്.

ചെറുകിട -ഇടത്തരം നിലവാരത്തിലുള്ള  സ്ഥാപനങ്ങള്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് ലെവിയില്‍ ഇളവ് അനുവദിച്ചതാണ് ഇതിൽ പ്രധാനം. സ്വദേശിയായ സ്ഥാപന ഉടമയടക്കം ഒമ്പതോ അതില്‍ കുറവോ ജീവനക്കാരുള്ള  ചെറുകിട സ്ഥാപനങ്ങള്‍ക്കാണ് നിബന്ധനകൾക്ക് വിധേയമായി ലെവിയിൽ ഇളവ് ലഭിക്കുക. സ്ഥാപന ഉടമ ഗോസിയില്‍ രജിസ്റ്റര്‍ ചെയ്ത ആളാണെങ്കില്‍ ആ  സ്ഥാപനത്തിലെ രണ്ട് വിദേശികളുടെ ലെവിയില്‍ മൂന്ന് വര്‍ഷത്തേക്ക് ഈ ഇളവ് ലഭിക്കും.

സോഷ്യല്‍ ഇൻഷുറന്‍സില്‍ രജിസ്റ്റര്‍ ചെയ്ത സ്പോൺസറും ഒരു സ്വദേശി  ജീവനക്കാരനും സ്ഥാപനത്തിലുണ്ടെങ്കിൽ  നാലു വിദേശികള്‍ക്കും ലെവി അടക്കേണ്ടതില്ല. നിരവധി സ്ഥാപനങ്ങൾക്ക് ഇതിനകം തന്നെ ഈ ഇളവുകൾ ലഭിച്ചു. അതി​െൻറ  ഭാഗമായി ഈ വർഷത്തെ ലെവി പൂർണമായും ഒഴിവാക്കി ചെറിയ ഫീസ് മാത്രമാണ് ഈടാക്കിയത്. നേരത്തെ സാഗിയയിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾക്കും ഈ  ആനൂകൂല്യം ലഭിച്ചു.

കൂടാതെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സൗദി ജീവനക്കാരുടെ വേതനത്തി​െൻറ 60 ശതമാനം സർക്കാർ വഹിക്കുമെന്ന് നേരത്തെ സർക്കാർ  പ്രഖ്യാപിച്ചിരുന്നു. ഈ ആനൂകൂല്യവും നിലവിൽ വിതരണം ചെയ്ത് കൊണ്ടിരിക്കുന്ന ശമ്പളത്തോടൊപ്പം സ്വദേശി ജീവനക്കാർക്ക് ലഭിച്ചു തുടങ്ങി. ഇതും സ്ഥാപനങ്ങൾക്കും  പ്രവാസികൾക്കും ഏറെ ഗുണം ചെയ്യുന്നതാണ്. സൗദിയിൽ നിലവിലുള്ള ലെവിയിൽ ഇളവ് വരുത്തണമെന്ന് ചേംബർ ഓഫ് കോമേഴ്സ് അംഗങ്ങൾ നേരത്തെ  ആവശ്യപ്പെട്ടിരുന്നു.

 

Tags:    
News Summary - Saudi Levi -Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.