റിയാദ്: ലോകത്തിലെ ഏറ്റവും വലിയ സാംസ്കാരിക, വിനോദ, കായിക നഗരം സൗദി തലസ്ഥാനത്ത് നിര്‍മിക്കുമെന്ന് രണ്ടാം കിരീടാവകാശിയും പ്രതിരോധ മന്ത്രിയും സാമ്പത്തിക, വികസന സമിതി അധ്യക്ഷനുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചു. സൗദി വിഷന്‍ 2030 െൻറ ഭാഗമായി നിലവില്‍ വരുന്ന ‘അല്‍ഖിദിയ്യ’ പദ്ധതിക്ക് 2018 ആദ്യത്തില്‍ തറക്കല്ലിടും. തലസ്ഥാന നഗരിയുടെ തെക്ക്, പടിഞ്ഞാറ് മുസാഹമിയ്യയോടടുത്ത് മക്ക ഹൈവേയില്‍ 65 കിലോമീറ്റര്‍ അകലത്തിലാണ് 334 കിലോമീറ്റര്‍ ചുറ്റളവിലുള്ള അല്‍ഖിദിയ്യ നഗരം സ്ഥാപിക്കുക. പദ്ധതി 2022 ല്‍ പൂര്‍ത്തിയാക്കുമെന്നും അമീര്‍ മുഹമ്മദ് വ്യക്തമാക്കി.
സാമ്പത്തിക മേഖലയിലെ വന്‍ ഉണര്‍വിനും പെട്രോളിതര വരുമാനം വര്‍ധിപ്പിക്കാനും യുവാക്കള്‍ക്ക് നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും അല്‍ഖിദിയ്യ പദ്ധതി ഉപകരിക്കും. സൗദി ഇൻവെസ്റ്റ്മെൻറ് ഫണ്ടാണ് പദ്ധതിക്ക് മുതല്‍ മുടക്കുന്നത്. കൂടാതെ രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള നിക്ഷേപകരെയും പദ്ധതി നടത്തിപ്പില്‍ പങ്കാളികളാക്കും.
ലോകോത്തര നിലവാരമുള്ള 100 താമസ കേന്ദ്രങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായതായിരിക്കും സാംസ്കാരിക നഗരം. സഞ്ചാരത്തിനും സന്ദര്‍ശനത്തിനും ജനങ്ങള്‍ തെരഞ്ഞെടുക്കാന്‍ പ്രാമുഖ്യം നകല്‍കുന്ന പ്രദേശം എന്നതും നിർദിഷ്ട നഗരത്തിെൻറ പ്രത്യേകതയായിരിക്കും. ‘സിക്സ് ഫ്ളാഗ്സ്’ എന്ന പേരിലുള്ള വിനോദ നഗരമായിരിക്കും അല്‍ഖിദിയ്യയുടെ ആകര്‍ഷണങ്ങളിലൊന്ന്. കാറോട്ട മല്‍സരം, വിനോദ നഗരം, സ്പോര്‍ട്സ് സിറ്റി, ഹോട്ടല്‍ താമസ സൗകര്യങ്ങള്‍ എന്നിവ അല്‍ഖിദിയ്യയില്‍ സീസണ്‍ വ്യത്യാസമില്ലാതെ നടക്കും. പദ്ധതിയുടെ വിശദാംശങ്ങള്‍ തറക്കല്ലിടല്‍ ചടങ്ങിന് മുമ്പ് പ്രഖ്യാപിക്കുമെന്നും അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.