ഐ.എസ്.ഇ.എഫ് 2026 ജേതാക്കളായ സൗദി ടീം
റിയാദ്: പ്രീ-യൂനിവേഴ്സിറ്റി വിദ്യാർഥികൾക്കായി അമേരിക്കയിലെ അരിസോണയിലുള്ള ഫീനിക്സിൽ സംഘടിപ്പിച്ച ‘റെജെനെറോൺ ഇൻറർനാഷനൽ സയൻസ് ആൻഡ് എൻജിനീയറിങ് ഫെയറിൽ’ (ഐ.എസ്.ഇ.എഫ് 2026) സൗദി അറേബ്യക്ക് ചരിത്രവിജയം. ഗവേഷണ-നവീകരണ രംഗത്തെ ലോകത്തിലെ ഏറ്റവും വലിയ ഈ അന്താരാഷ്ട്ര പ്ലാറ്റ്ഫോമിൽ 24 പുരസ്കാരങ്ങൾ വാരിക്കൂട്ടിയാണ് സൗദി ശാസ്ത്ര-എൻജിനീയറിങ് ടീം ആഗോളതലത്തിൽ രണ്ടാം സ്ഥാനം നിലനിർത്തിയത്.
തുടർച്ചയായ മൂന്നാം വർഷമാണ് സൗദി അറേബ്യ ഈ അഭിമാന നേട്ടം സ്വന്തമാക്കുന്നത്. ലോകത്തെ മുൻനിര ശാസ്ത്ര വേദികളിൽ രാജ്യത്തിനുള്ള പ്രമുഖ സ്ഥാനം അടിവരയിടുന്നതാണ് ഈ വിജയം. മെയ് 9 മുതൽ 15 വരെ നടന്ന മേളയിൽ 70 ഓളം രാജ്യങ്ങളിൽ നിന്നുള്ള 1,700-ലധികം പ്രതിഭകളോടാണ് സൗദി വിദ്യാർഥികൾ മാറ്റുരച്ചത്. സൗദി ടീം നേടിയ ആകെ പുരസ്കാരങ്ങളിൽ 12 പ്രധാന അവാർഡുകളും 12 പ്രത്യേക അവാർഡുകളും ഉൾപ്പെടുന്നു. പ്രധാന അവാർഡുകളിൽ ഒരെണ്ണം ഒന്നാം സ്ഥാനവും, നാലെണ്ണം രണ്ടാം സ്ഥാനവും, അഞ്ചെണ്ണം മൂന്നാം സ്ഥാനവും, രണ്ടെണ്ണം നാലാം സ്ഥാനവുമാണ്. കമ്പ്യൂട്ടേഷനൽ ബയോളജി, ഇൻഫോർമാറ്റിക്സ് മേഖലയിലെ അതുല്യമായ പ്രോജക്ടിലൂടെ ജുബൈൽ റോയൽ കമീഷൻ വിദ്യാഭ്യാസ വകുപ്പിന് കീഴിലെ വിദ്യാർഥിയായ മുഹമ്മദ് നാസർ അൽഅസ്മരി ആഗോളതലത്തിൽ ഒന്നാം സ്ഥാനം നേടി രാജ്യത്തിെൻറ അഭിമാനമായി മാറി. ഭൂമി, പരിസ്ഥിതി ശാസ്ത്ര മേഖലയിൽ മക്കയിൽ നിന്നുള്ള ഡാലിൻ ബദർ ഖാദിർ, പരിസ്ഥിതി എഞ്ചിനീയറിങ് മേഖലയിൽ കിഴക്കൻ പ്രവിശ്യയിൽ നിന്നുള്ള മുനീറ സുലൈമാൻ അൽറൂമി, റിയാദിൽ നിന്നുള്ള ഇമ്രാൻ ഉമർ അൽതുർക്കിസ്ഥാനി, മെറ്റീരിയൽസ് സയൻസ് മേഖലയിൽ കിഴക്കൻ പ്രവിശ്യയിൽ നിന്നുള്ള ജുമാന തലാൽ ബിലാൽ എന്നിവരാണ് ആഗോളതലത്തിൽ രണ്ടാം സ്ഥാനം നേടിയത്.
വിവിധ ശാസ്ത്ര ശാഖകളിൽ മികവ് തെളിയിച്ച് മൂന്നാം സ്ഥാനം കരസ്ഥമാക്കിയവരിൽ ജിദ്ദയിൽ നിന്നുള്ള ജുവാൻ റയാൻ ഹിന്ദി (ബയോമെഡിക്കൽ ആൻഡ് ഹെൽത്ത് സയൻസസ്), ജിദ്ദയിൽ നിന്നുള്ള അബ്ദുറഹ്മാൻ ബാസിം ജമാൽ (രസതന്ത്രം), തബൂക്കിൽ നിന്നുള്ള ഫാത്തിമ മുഹമ്മദ് അൽസലീം (ഊർജ്ജ മേഖല), കിഴക്കൻ പ്രവിശ്യ വിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ള യാര യൂസുഫ് അൽഖാദി (പരിസ്ഥിതി എഞ്ചിനീയറിങ്), കിഴക്കൻ പ്രവിശ്യയിൽ നിന്നുള്ള അബ്ദുല്ല അഹ്മദ് അൽറഷീദ് (മെറ്റീരിയൽസ് സയൻസ്) എന്നിവർ ഉൾപ്പെടുന്നു. ഊർജ്ജ മേഖലയിൽ ജിസാനിൽ നിന്നുള്ള ലാന അബ്ദുല്ല അബു ത്വാലിബ്, പരിസ്ഥിതി എഞ്ചിനീയറിങ് മേഖലയിൽ കിഴക്കൻ പ്രവിശ്യയിൽ നിന്നുള്ള ഫാത്തിമ ഹുസൈൻ അൽമുഖ്രിൻ എന്നിവരാണ് നാലാം സ്ഥാനം സ്വന്തമാക്കിയത്. ദൈവാനുഗ്രഹത്താലും, രാജ്യത്തെ വിദ്യാഭ്യാസ-സർഗ്ഗാത്മക മേഖലകൾക്ക് സൗദി ഭരണകൂടം നൽകുന്ന പരിധിയില്ലാത്ത പിന്തുണയാലുമാണ് ഈ മഹത്തായ നേട്ടം കൈവരിക്കാനായതെന്ന് കിങ് അബ്ദുൽ അസീസ് ആൻഡ് ഹിസ് കംപാനിയൻസ് ഫൗണ്ടേഷൻ ഫോർ ഗിഫ്റ്റഡ്നെസ് ആൻഡ് ക്രിയേറ്റിവിറ്റി (മൗഹിബ) സെക്രട്ടറി ജനറൽ ഡോ. അബ്ദുൽ അസീസ് ബിൻ സ്വാലിഹ് ഖിദ്രിസ് പറഞ്ഞു.
ഐ.എസ്.ഇ.എഫിൽ രാജ്യത്തിെൻറ പുത്രന്മാരും പുത്രിമാരും കൈവരിച്ച നേട്ടങ്ങൾ സൗദിയിലെ പ്രതിഭകളെ വാർത്തെടുക്കുന്ന സംവിധാനത്തിെൻറ പക്വതയെയും ആഗോള മത്സരശേഷിയെയും പ്രതിഫലിപ്പിക്കുന്നതാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. ‘മൗഹിബ’യും വിദ്യാഭ്യാസ മന്ത്രാലയവും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിെൻറ ഫലമാണ് ഈ വലിയ അന്താരാഷ്ട്ര സാന്നിധ്യം. സ്കൂൾ തലം മുതൽ ആരംഭിച്ച് അന്താരാഷ്ട്ര വേദികൾ വരെ നീളുന്ന സംയോജിത ശാസ്ത്രീയ പരിശീലന പാതകളിലൂടെ, കഴിവുള്ള വിദ്യാർഥികളെ കണ്ടെത്താനും അവരെ ആഗോളതലത്തിൽ രാജ്യത്തെ പ്രതിനിധീകരിക്കാൻ പ്രാപ്തരാക്കാനും ഈ കൂട്ടായ്മയ്ക്ക് സാധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.