ഇറാനും അമേരിക്കയും തമ്മിൽ ഒപ്പുവെച്ച കരാറിനെ സ്വാഗതം ചെയ്​ത്​ സൗദിയും ഓസ്​ട്രിയയും

റിയാദ്​/വിയന്ന: ഇറാനും അമേരിക്കയും തമ്മിൽ പുതുതായി ഒപ്പുവെച്ച കരാറിനെ പൂർണമായി സ്വാഗതം ചെയ്ത് സൗദി അറേബ്യയും ഓസ്ട്രിയയും. കരാർ മേഖലയിൽ വലിയ തോതിൽ സ്ഥിരതയും സമാധാനവും ഉറപ്പാക്കാൻ സഹായിക്കുമെന്ന് ഇരുരാജ്യങ്ങളും ഊന്നിപ്പറഞ്ഞു. സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്​ദുള്ളയുടെ ഔദ്യോഗിക ഓസ്ട്രിയൻ സന്ദർശനത്തിനിടെയാണ് ഇരുപക്ഷവും ഈ നിലപാട് വ്യക്തമാക്കിയത്.

 

ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നയിൽ നടന്ന ഔദ്യോഗിക കൂടിക്കാഴ്ചകളിൽ, ഓസ്ട്രിയൻ യൂറോപ്യൻ-അന്തർദേശീയ കാര്യ ഫെഡറൽ മന്ത്രി ബിയാറ്റെ മെയ്‌നൽ റൈസിംഗറുമായി സൗദി വിദേശകാര്യ മന്ത്രി നടത്തിയ ചർച്ചയിലാണ് ഇറാൻ-അമേരിക്ക കരാർ പ്രധാന വിഷയമായത്. ഇതിനൊപ്പം 2027-28 കാലയളവിലേക്ക് യുഎൻ സുരക്ഷാ കൗൺസിലിൽ താൽക്കാലിക അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഓസ്ട്രിയയെ വിദേശകാര്യ മന്ത്രി അഭിനന്ദിക്കുകയും ചെയ്തു.

ഉഭയകക്ഷി ബന്ധങ്ങളും നിക്ഷേപ സഹകരണവും ശക്തമാക്കും

വിയന്ന: സന്ദർശനത്തി​െൻറ ഭാഗമായി ഓസ്ട്രിയൻ ഫെഡറൽ ചാൻസലർ ക്രിസ്​റ്റ്യൻ സ്​റ്റോക്കറുമായും അമീർ ഫൈസൽ ബിൻ ഫർഹാൻ കൂടിക്കാഴ്ച നടത്തി. സൽമാൻ രാജാവി​െൻറയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാ​െൻറയും ആശംസകൾ അദ്ദേഹം ചാൻസലറെ അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദബന്ധം വിവിധ മേഖലകളിൽ വികസിപ്പിക്കുന്നതിനുള്ള വഴികൾ നേതാക്കൾ അവലോകനം ചെയ്തു.

 

ഊർജം, പുനരുപയോഗ ഊർജം, ലോജിസ്​റ്റിക് സേവനങ്ങൾ തുടങ്ങിയ മേഖലകളിൽ സാമ്പത്തിക-നിക്ഷേപ സഹകരണം വിപുലീകരിക്കാനും ചർച്ചകളിൽ തീരുമാനമായിട്ടുണ്ട്. സൗദി വിഷൻ 2030 മുന്നോട്ടുവെക്കുന്ന ബദൽ ഊർജം, ആധുനിക സാങ്കേതികവിദ്യ എന്നീ മേഖലകളിലെ നിക്ഷേപ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ ഇരുപക്ഷവും പരസ്പരം പ്രോത്സാഹിപ്പിച്ചു.

ഓസ്ട്രിയൻ പാർലമെൻറ്​ പ്രസിഡൻറ്​ വാൾട്ടർ റോസൻക്രാൻസുമായും വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച നടത്തി ഉഭയകക്ഷി ബന്ധങ്ങളും മേഖലയിലെ സുരക്ഷയും വിലയിരുത്തി. ഔദ്യോഗിക കൂടിക്കാഴ്ചകളിൽ ഓസ്ട്രിയയിലെ സൗദി അംബാസഡർ അബ്ദുള്ള ബിൻ ഖാലിദ് തൗല, വിദേശകാര്യ മന്ത്രിയുടെ ഉപദേശകൻ മുഹമ്മദ് അൽ യഹ്യ എന്നിവരും പങ്കെടുത്തു.

Tags:    
News Summary - Saudi Arabia and Austria welcome the agreement signed between Iran and the United States

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.