എസ്.ഐ.സി ജിദ്ദ സംഘടിപ്പിച്ച പരിപാടിയിൽ 'ഇസ്ലാം ബൗദ്ധികം, സമഗ്രം, സംവാദാത്മകം' എന്ന വിഷയത്തിൽ ശുഐബുൽ ഹൈതമി പ്രഭാഷണം നടത്തുന്നു
ജിദ്ദ: കേരളത്തിൽ ചർച്ചചെയ്യപ്പെടുന്ന പാഠ്യപദ്ധതി ചട്ടക്കൂടിനെപ്പറ്റി രക്ഷിതാക്കൾ ജാഗ്രത പുലർത്തണമെന്ന് വാഗ്മിയും യുവ പണ്ഡിതനുമായ ശുഐബുൽ ഹൈതമി പറഞ്ഞു. സമസ്ത ഇസ്ലാമിക് സെന്റർ (എസ്.ഐ.സി) ജിദ്ദ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ 'ഇസ്ലാം ബൗദ്ധികം, സമഗ്രം, സംവാദാത്മകം' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പാഠപുസ്തകങ്ങൾ വഴിയും പള്ളിക്കൂടങ്ങൾ വഴിയും മതവിരുദ്ധമായ ജെൻഡർ ന്യുട്രാലിറ്റി അടക്കമുള്ള ലിബറൽ ആശയങ്ങൾ കുട്ടികളിൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമം ചെറുത്തുതോൽപ്പിക്കണം. മനുഷ്യർ ആണും പെണ്ണുമായിട്ടാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ആണിനെ പെണ്ണാക്കാനോ പെണ്ണിനെ ആണാക്കാനോ പാടില്ലാത്തതാണ്. വ്യക്തിയാണ് ഒരാളുടെ ശരിയും തെറ്റും തീരുമാനിക്കുന്നത് എന്ന ആധുനിക വാദം ഏറെ അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു. യുവജനങ്ങളിൽ ഇത്തരം ചിന്താഗതി വളർന്നുവരുന്നത് കാരണം ഇപ്പോൾ കാമ്പസുകളിൽ വളരെ അപകടകരമായ അവസ്ഥയാണുള്ളതെന്നും അദ്ദേഹം വിശദീകരിച്ചു.
ശറഫിയ്യ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി എസ്.ഐ.സി സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്റ് ഉബൈദുല്ല തങ്ങൾ ഐദറൂസി മേലാറ്റൂർ ഉദ്ഘാടനം ചെയ്തു. എസ്.ഐ.സി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അൻവർ തങ്ങൾ കൽപകഞ്ചേരി അധ്യക്ഷത വഹിച്ചു. ജിദ്ദ ചെയർമാൻ നജ്മുദ്ധീൻ ഹുദവി കൊണ്ടോട്ടി ആമുഖ പ്രഭാഷണം നടത്തി. ഖുർആൻ പണ്ഡിതനും ജാമിഅ നൂരിയ അറബിക് കോളജ് പ്രഫസറുമായ അബ്ദുസ്സലാം ഫൈസി ഒളവട്ടൂർ 'ഖുർആൻ പഠനപര്യടനം' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.
എസ്.ഐ.സിയുടെ സഹകരണത്തോടെ ആരംഭിക്കുന്ന ഖുർആൻ പഠന പദ്ധതിക്ക് പ്രവാസികളിൽനിന്നും വലിയ പിന്തുണയാണ് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. യുക്തിവാദികളും നാസ്തികരും ഖുർആനിനെ ദുർവ്യാഖ്യാനം ചെയ്യുമ്പോൾ ശരിയായ രീതിയിലുള്ള ഖുർആൻ പഠനത്തിന്റെ പ്രാധാന്യം വർധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഖുർആൻ ശരിയായ രീതിയിൽ വായിക്കുകയും അതനുസരിച്ച് വിവിധ വിഷയങ്ങളിൽ പഠനങ്ങൾ നടത്തുകയും ചെയ്ത പലരും ലോകപ്രശസ്തരായതായും അവരിൽ പലരും അമുസ്ലിംകളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പരിപാടിയിൽ എസ്.ഐ.സി മക്ക പ്രൊവിൻസ് പ്രസിഡന്റ് സൈനുൽ ആബിദീൻ തങ്ങൾ പ്രാർഥന നടത്തി. എസ്.ഐ.സി ജിദ്ദ ജനറൽ സെക്രട്ടറി അബൂബക്കർ ദാരിമി ആലമ്പാടി സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി സൈനുദ്ധീൻ ഫൈസി പൊന്മള നന്ദിയും പറഞ്ഞു. ഹാഷിം തങ്ങൾ വേങ്ങര പങ്കെടുത്തു. ഉസ്മാൻ എടത്തിൽ, മൊയ്ദീൻ കുട്ടി ഫൈസി പന്തല്ലൂർ, എ.ടി ബഷീർ മാസ്റ്റർ പനങ്ങാങ്ങര, ജാബിർ നാദാപുരം, അബ്ദുൽ മുസവ്വിർ കോഡൂർ, വിഖായ വളന്റിയർമാർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.