ആർ.ഐ.സി.സി ഇൻസ്പെയർ ക്യാമ്പിൽ പ്രഫ. ഹാരിസ് ബിൻ സലീം സംസാരിക്കുന്നു
റിയാദ്: ധാർമിക മൂല്യങ്ങളിൽ അധിഷ്ഠിതമായ കുടുംബ അന്തരീക്ഷം ഉറപ്പുവരുത്തി കുടുംബഭദ്രത സാധ്യമാക്കാൻ വിശ്വാസികൾ പരിശ്രമിക്കണമെന്ന് പ്രമുഖ ഇസ്‌ലാമിക പ്രബോധകനും ഫാമിലി കൗൺസലറുമായ പ്രഫ. ഹാരിസ് ബിൻ സലീം. ധാർമിക അതിർവരമ്പുകളെ ഇല്ലാതാക്കി കുടുംബ സംവിധാനങ്ങളെ തകർക്കാനുള്ള ശ്രമങ്ങളാണ് പുരോഗമനം, ലിബറലിസം, ജെൻഡർ ന്യൂട്രാലിറ്റി, മതനിരാസം തുടങ്ങിയ ലേബലിൽ നടക്കുന്നത്. കുടുംബ സംവിധാനത്തെ ഇല്ലാതാക്കുകയും അരാജകത്വത്തിലേക്ക് പുതുതലമുറയെ നയിക്കുകയുമാണ് ഇതിലൂടെ ചെയ്യാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശിഫ ഹൈക്ലാസ് ഓഡിറ്റോറിയത്തിൽ നടന്ന ആർ.ഐ.സി.സി ഇൻസ്പെയർ ഇസ്‌ലാമിക് ഓറിയേൻറഷൻ ക്യാമ്പിൽ ‘കുടുംബം, ധാർമികത’ വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ കഴിവുകൾ മനസ്സിലാക്കി അവർക്ക് അവസരങ്ങൾ നൽകാനും ജീവിതലക്ഷ്യം മനസ്സിലാക്കി വ്യക്തിയും കുടുംബവും ജീവിതം ക്രമീകരിക്കാനും തയാറായാൽ മാത്രമേ സാർഥകമായ ജീവിതം സാധ്യമാവൂ എന്ന് ജീവിതം ലക്ഷ്യവും അർഥവും എന്ന വിഷയത്തെ അധികരിച്ച് സംസാരിച്ച വിസ്‌ഡം യൂത്ത് ജനറൽ സെക്രട്ടറി താജുദ്ദീൻ സ്വലാഹി ഉദ്‌ബോധിപ്പിച്ചു.
അല്ലാഹു നൽകിയ അനുഗ്രഹങ്ങളെ ഉൾക്കൊണ്ട് ജീവിതം ക്രമീകരിക്കാൻ വിശ്വാസികൾ തയാറാവണമെന്ന് ‘അല്ലാഹുവിനെ അറിയുക’ എന്ന വിഷയത്തിൽ സംസാരിച്ച അബ്ദുല്ല അൽഹികമി പറഞ്ഞു. അറിവിനെ ജീവിതത്തോട് ചേർത്തുവെച്ച മുൻഗാമികളുടെ മാതൃകയാണ് അറിവും വിശ്വാസിയും തമ്മിലുണ്ടാവേണ്ടതെന്ന് ‘അറിവ്, മുൻഗാമികളുടെ മാതൃക’ എന്ന വിഷയത്തിൽ സംസാരിച്ച ആഷിക്ക് മണ്ണാർക്കാട് പറഞ്ഞു.
‘ഇസ്‌ലാം ധാർമികതയുടെ വീണ്ടെടുപ്പിന്’ എന്ന പ്രമേയത്തിൽ നടക്കുന്ന ആർ.ഐ.സി.സി കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ച ഇൻസ്പെയറിൽ വിവിധ സെഷനുകളിൽ അബ്ദുറഊഫ് സ്വലാഹി, മൊയ്‌തു അരൂർ, നൗഷാദ് കണ്ണൂർ, അനീസ് എടവണ്ണ, അഹമ്മദ് റസൽ, ഉബൈദ് തച്ചമ്പാറ, ഷുക്കൂർ ചക്കരക്കല്ല് തുടങ്ങിയവർ സംസാരിച്ചു.
അബ്ദുൽ ഖാദർ മക്ക ഹൈപ്പർമാർക്കറ്റ്, അബ്ദുല്ലത്തീഫ് അരീക്കോട്, ജഅഫർ പൊന്നാനി, അർഷദ് ആലപ്പുഴ, അബ്‌ദുറഹ്‌മാൻ വയനാട്, നൗഷാദ് അരീക്കോട്, ആരിഫ് കക്കാട്, മുസ്‌തഫ തിരൂർ, മൊയ്തീൻ റവാബി തൃക്കരിപ്പൂർ തുടങ്ങിയവർ പ്രസീഡിയം നിയന്ത്രിച്ചു. ആർ.ഐ.സി.സി ചെയർമാൻ ഉമർ ഫാറൂഖ് വേങ്ങര സ്വാഗതവും കൺവീനർ യാസർ അറഫാത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.