ത്വാഇഫ് (സൗദി): നാലുവര്‍ഷം മുമ്പ് ത്വാഇഫിൽനിന്ന് കാണാതായ ഭൂമിനാഥന്‍ രാജേന്ദ്രൻ (38) എവിടെ എന്നതിനെ കുറിച്ച് ഇനിയും സൂചനപോലും ലഭിച്ചില്ല. 2015 ഏപ്രില്‍ 18നാണ് തമിഴ്‌നാട്ടുകാരനായ യുവ എന്‍ജിനീയറുടെ തിരോധാനം. ഹവിയയില്‍ താമ സസ്ഥലത്തുനിന്നാണ് ഇയാളെ കാണാതാവുന്നത്. നെസ്മ കമ്പനിയില്‍ പ്ലാനിങ് എന്‍ജിനീയറായിരുന്നു ഭൂമിനാഥന്‍. ജിദ്ദ ഇ ന്ത്യന്‍ കോൺസുലേറ്റിെൻറ സഹായത്തോടെ തുടക്കത്തില്‍ അന്വേഷണം ഊര്‍ജിതമായി നടത്തിയിരുന്നു. ഇതിന് നേതൃത്വം നല്‍കാന്‍ കോൺസുലേറ്റ് പ്രതിനിധികള്‍ ത്വാഇഫിൽ എത്തിയിരുന്നു.
രണ്ടുവര്‍ഷമായി അന്വേഷണം മന്ദഗതിയിലാണ്. ആശുപത്രികള്‍, നാടുകടത്തല്‍ കേന്ദ്രം, പൊലീസ് സ്റ്റേഷന് തുടങ്ങി പലയിടങ്ങളിലും അന്വേഷണം ആദ്യഘട്ടത്തില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. കാണാതാകുമ്പോള്‍ ഭൂമിനാഥെൻറ കൈവശം മൊബൈല്‍ ഫോണോ മറ്റ് തിരിച്ചറിയല്‍ രേഖകളോ ഉണ്ടായിരുന്നില്ലെന്നാണ് വിവരം. പഴ്‌സ് പോലും എടുക്കാതെയാണ് യുവാവ് താമസകേന്ദ്രത്തില്‍നിന്ന് അപ്രത്യക്ഷനായതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. 2015 ഫെബ്രുവരിയിലാണ് ഈ കമ്പനിയില്‍ ചേരുന്നത്. തമിഴും ഇംഗ്ലീഷും മാത്രമേ വശമുണ്ടായിരുന്നുള്ളൂ.
ത്വാഇഫിലെ ജീവിതാന്തരീക്ഷം ഇഷ്ടപ്പെടാതിരുന്ന യുവാവ് ഉടനെ നാട്ടിലേക്ക് തിരിച്ചയക്കണമെന്ന് കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അവധിയില്‍ അയക്കാമെന്നും കുറച്ച് സാവകാശം വേണമെന്നും കമ്പനി അറിയിച്ചു. ഇതോടെ മാനസികമായി തളര്‍ന്ന ഭൂമിനാഥന്‍ മാനസിക വിഭ്രാന്തി കാണിച്ചിരുന്നതായി സഹപ്രവര്‍ത്തകര്‍ പറയുന്നു. തുടർന്ന് ഡോക്ടറെ സമീപിച്ചപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് നിർദേശിച്ചിരുന്നുവത്രേ.
എന്നാല്‍, ആശുപത്രിയില്‍ പോകാന്‍ കൂട്ടാക്കാതിരുന്ന ഭൂമിനാഥന്‍ അതിനുശേഷം ആരോടും ഒന്നും പറയാതെ അപ്രത്യക്ഷനാവുകയായിരുന്നു. മൊബൈല്‍ ഫോണും വസ്ത്രങ്ങളും ഉള്‍പ്പെടെ സാധനങ്ങൾ മുറിയില്‍തന്നെ ഉണ്ടായിരുന്നതായി കൂടെ താമസിക്കുന്ന മലയാളി സുഹൃത്തുക്കള്‍ പറഞ്ഞു.
കാണാതായ ശേഷം യുവാവ് ഇതുവരെ വീട്ടുകാരുമായോ സുഹൃത്തുക്കളുമായോ ബന്ധപ്പെട്ടിട്ടില്ല. തമിഴ്‌നാട്ടില്‍ സാമ്പത്തിക ശേഷിയുള്ള കുടുംബത്തിലെ അംഗമാണിദ്ദേഹം. ഇവിടത്തെ ജോലിയും അന്തരീക്ഷവും ഇഷ്ടമായില്ലെന്ന വിവരം ഭൂമിനാഥന്‍ കുടുംബാംഗങ്ങളെ അറിയിച്ചിരുന്നതായി പറയുന്നു. കാണാതായത് മുതല്‍ മാതാപിതാക്കളും സഹോദരങ്ങളും അങ്ങേയറ്റം മനോവിഷമത്തിലാണ്. എെന്നങ്കിലുമൊരിക്കല്‍ മകനെ കണ്ടുകിട്ടുമെന്നുള്ള പ്രതീക്ഷയില്‍ കണ്ണീരോടെ കാത്തിരിക്കുകയാണ് മതാപിതാക്കള്‍. ഭൂമിനാഥനെ കുറിച്ച് എെന്തങ്കലും വിവരം ലഭിക്കുന്നവര്‍ 0552614912, 009 9443444277 എന്നീ നമ്പറുകളിലോ ഇന്ത്യന്‍ എംബസിയിലോ വിവരം അറിയിക്കണമെന്ന് ബന്ധുക്കള്‍ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.