മാത്തമാറ്റിക്കൽ ഒളിമ്പ്യാഡിലും യൂറോപ്യൻ ഗേൾസ് ഒളിമ്പ്യാഡ് ഇൻ ഇൻഫോർമാറ്റിക്സിലും അവാർഡ് നേടിയ സൗദി വിദ്യാർഥികൾ
റിയാദ്: ഈ വർഷത്തെ ഇന്റർനാഷനൽ മാത്തമാറ്റിക്കൽ ഒളിമ്പ്യാഡിലും യൂറോപ്യൻ ഗേൾസ് ഒളിമ്പ്യാഡ് ഇൻ ഇൻഫോർമാറ്റിക്സിലും സൗദി വിദ്യാർഥികൾ ഏഴ് അന്താരാഷ്ട്ര അവാർഡുകൾ നേടി. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പങ്കാളിത്തത്തോടെ കിങ് അബ്ദുൽ അസീസ് ഫോർ ക്രിയേറ്റിവിറ്റി (മൗഹിബ)യുടെ മേൽനോട്ടത്തിൽ ആഗോള ശാസ്ത്ര മത്സരങ്ങളിലെ സൗദിയുടെ പങ്കാളിത്തത്തിന്റെ ഭാഗമായാണിത്. 110 രാജ്യങ്ങളെ പ്രതിനിധാനം ചെയ്ത് 630 വിദ്യാർഥികൾ പങ്കെടുത്ത ആസ്ട്രേലിയൻ നഗരമായ സൺഷൈൻ കോസ്റ്റിൽ നടന്ന 66-ാമത് ഇന്റർനാഷനൽ മാത്തമാറ്റിക്കൽ ഒളിമ്പ്യാഡിൽ സൗദി ടീം മൂന്ന് വെങ്കല മെഡലുകളും മൂന്ന് അഭിനന്ദന സർട്ടിഫിക്കറ്റുകളും ഉൾപ്പെടെ ആറു സമ്മാനങ്ങൾ നേടി.
ഇതോടെ ഈ മത്സരത്തിൽ നേടിയ മൊത്തം അവാർഡുകളുടെ എണ്ണം 12 വെള്ളി മെഡലുകളും 48 വെങ്കല മെഡലുകളും 22 അഭിനന്ദന സർട്ടിഫിക്കറ്റുകളുമായി ഉയർന്നു. ജർമനിയിലെ ബോണിൽ 60 രാജ്യങ്ങളിൽനിന്നുള്ള 226 വിദ്യാർഥിനികളുടെ പങ്കാളിത്തത്തോടെ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന യൂറോപ്യൻ ഗേൾസ് ഒളിമ്പ്യാഡ് ഇൻ ഇൻഫോർമാറ്റിക്സ് 2025ന്റെ അഞ്ചാമത് പതിപ്പിലും സൗദി വിദ്യാർഥികളുടെ വിശിഷ്ടമായ സാന്നിധ്യം രേഖപ്പെടുത്തി. തബൂക്ക് വിദ്യാഭ്യാസ വകുപ്പിലെ വിദ്യാർഥി റിഫാൽ ഖാലിദ് അൽഹസ്മി വെങ്കല മെഡൽ നേടി. ഇതോടെ ഈ മത്സരത്തിൽ രാജ്യം നേടിയ അന്താരാഷ്ട്ര അവാർഡുകളുടെ എണ്ണം ഏഴായി.
ദേശീയ കഴിവുകളെ പിന്തുണക്കുന്നതിലും പ്രത്യേക ശാസ്ത്രമേഖലകളിലെ കഴിവുള്ള വിദ്യാർഥികളുടെ കഴിവുകൾ വികസിപ്പിക്കുന്നതിലും സൗദിയുടെ പ്രതിബദ്ധത സ്ഥിരീകരിക്കുന്നതാണ് ഈ പങ്കാളിത്തം. വിദ്യാഭ്യാസ മന്ത്രാലയവുമായും ബന്ധപ്പെട്ട അധികാരികളുമായും സഹകരിച്ച് ‘മൗഹിബ’ നടപ്പാക്കുന്ന തീവ്രമായ പരിശീലന, യോഗ്യത പരിപാടികളിലൂടെയാണ് അന്താരാഷ്ട്ര ശാസ്ത്ര വേദികളിൽ സൗദി വിദ്യാർഥികൾ ഇത്രയും നേട്ടങ്ങൾ കരസ്ഥമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.