കെ.എം.സി.സി ജിദ്ദ കോഴിക്കോട് ജില്ലാ കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു
ജിദ്ദ: കെ.എം.സി.സി ജിദ്ദ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 'സോക്കർ ഫെസ്റ്റ് സീസൺ രണ്ട്' ഏകദിന സെവൻസ് ഫുട്ബാൾ ടൂർണമെന്റ് ജനുവരി 30 ന് വ്യാഴാഴ്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മഹ്ജർ എമ്പറോർ സ്റ്റേഡിയത്തിൽ രാത്രി ഒമ്പത് മണിക്കാരംഭിക്കുന്ന ടൂർണമെന്റിൽ ജിദ്ദയിലെയും പരിസര പ്രദേശങ്ങളിലെയും എട്ട് ടീമുകൾ മാറ്റുരക്കും. വിൻസ്റ്റാർ എഫ്.സി ജിദ്ദ, അബീർ സലാമതക് എഫ്.സി, സംസം മദീന, സമ യുനൈറ്റഡ്, ഇത്തിഹാദ്, സാഗോ എഫ്.സി, അമിഗോസ് എഫ്.സി ജിദ്ദ, ഫോൺ വേൾഡ് തുടങ്ങിയ ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. സമ ഫുട്ബാൾ ലവേഴ്സ്, ഹിലാൽ എഫ്.സി ജിദ്ദ, ബി.എഫ്.സി വൈബ് ജിദ്ദ, ഫ്രൈഡേ എഫ്.സി ജിദ്ദ എന്നീ നാല് വെറ്ററൻസ് ടീമുകളുടെ മത്സരവും ഉണ്ടാവും. ടൂർണമെന്റിലെ വിജയികൾക്ക് 4,001 റിയാൽ കാശ് പ്രൈസും ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് 2,001 റിയാൽ കാശ് പ്രൈസും ട്രോഫിയും സമ്മാനമായി ലഭിക്കും.
ടൂർണമെന്റ് ഉദ്‌ഘാടനത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ലയിലെ വിവിധ കെ.എം.സി.സി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പരേഡുകളും, വനിതാ വിങ്ങിന്റെ കീഴിൽ വിവിധ കലാപരിപാടികളും അരങ്ങേറും. ജിദ്ദയിലെ ഫുട്ബാൾ പ്രേമികൾക്ക് വിരുന്നൊരുക്കുന്നതോടൊപ്പം ടൂർണമെന്റിൽ നിന്നും ബാക്കിയാവുന്ന കാശുപയോഗിച്ച് ജീവകാരുണ്യ പ്രവർത്തന മേഖലയിൽ ഊന്നൽ നൽകുക എന്നതാണ് ലക്ഷ്യമെന്ന് ഭാരവാഹികൾ അറിയിച്ചു.
പ്രസിഡന്റ് ഇബ്രാഹിം കൊല്ലി, ജനറൽ സെക്രട്ടറി സൈനുൽ ആബിദീൻ, ട്രഷറർ ഒ.പി അബ്ദുൽ സലാം, . ഫുട്ബാൾ സബ് കമ്മിറ്റി ചെയർമാൻ സുബൈർ വാണിമേൽ, കൺവീനർ സാലിഹ് പൊയിൽതൊടി, ഓർഗനൈസിങ് സെക്രട്ടറി ഹസ്സൻ കോയ പെരുമണ്ണ, സീനിയർ വൈസ് പ്രസിഡന്റ് ടി.കെ അബ്ദുൽ റഹിമാൻ, വൈസ് പ്രസിഡന്റ് റിയാസ് താത്തോത്ത്, സെക്രട്ടറിമാരായ ഷബീർ അലി, ബഷീർ കീഴില്ലത്ത് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.