കരിപ്പൂര്‍ വിമാനത്താവളം: ഏപ്രില്‍ മൂന്നിന്  പാര്‍ലമെന്‍റ് മാര്‍ച്ച് നടത്തും -പി.കെ.ഫിറോസ് 

ജിദ്ദ: കരിപ്പൂര്‍ വിമാനത്താവളത്തിന്‍െറ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറും ബന്ധപ്പെട്ട വകുപ്പുകളും  നിലപാട് മാറ്റാത്ത സാഹചര്യത്തില്‍  ഏപ്രില്‍ മൂന്നിന് പാര്‍ലമെന്‍റ് മാര്‍ച്ച് നടത്തുമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.  പ്രക്ഷോഭ പരമ്പരയുടെ തുടക്കമാണ് പാര്‍ലമെന്‍റ് മാര്‍ച്ച്. 
ഇക്കാര്യത്തില്‍ സമാന ചിന്താഗതിക്കാരുമായി സഹകരിക്കുന്ന കാര്യം പരിഗണിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കരിപ്പൂര്‍ എയര്‍പോര്‍ട്ടിന്‍െറ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായി  മെച്ചപ്പെട്ട നിലയില്‍ വികസിപ്പിച്ചിരിക്കുകയാണ്. ഇപ്പോഴും ഹജ്ജ് എമ്പാര്‍കേഷന്‍ പോയിന്‍റ് അനുവദിക്കാത്തതും വലിയ വിമാനങ്ങള്‍ ഇറങ്ങാന്‍ പറ്റില്ല എന്ന് പറയുന്നതും നീതീകരിക്കാനാവില്ല.
രണ്ട് ആവശ്യങ്ങളും നേടിയെടുക്കുന്നതു വരെ പ്രക്ഷോഭത്തില്‍ നിന്ന് പിന്മാറില്ല. വലിയ വിമാനങ്ങള്‍ ഇറങ്ങാന്‍ അനുവദിക്കാത്തതിലൂടെ പ്രതിവാരം 2000 ലേറെ സീറ്റുകളാണ് കുറവ് വരുന്നത്. ഇത് പ്രവാസികള്‍ക്ക് ഏറെ ദുരിതം സൃഷ്ടിക്കുന്നുണ്ട് എന്ന് ഫിറോസ് ചൂണ്ടിക്കാട്ടി.  നിയമപരമായും ഇതിനെ നേരിടാന്‍ യൂത്ത് ലീഗ് തയാറാണ്. കരിപ്പൂര്‍ എയര്‍പോര്‍ട്ടിന്‍െറ കാര്യത്തില്‍ പാര്‍ലമെന്‍റിന് അകത്തും പുറത്തും പ്രക്ഷോഭം ശക്തമാക്കും.
സംഘ് പരിവാറിന് ദാസ്യവേല ചെയ്യുന്ന നിലപാടാണ് കേരള പോലീസ് ചെയ്യുന്നതെന്ന്  ഫിറോസ് ആരോപിച്ചു. കൊടിഞ്ഞി ഫൈസലിന്‍െറ കൊലയാളികള്‍ക്കെല്ലാവര്‍ക്കും ജാമ്യം ലഭിച്ചു. 
റേഷന്‍ സംവിധാനവും സംസ്ഥാനത്ത് തകര്‍ന്നിരിക്കുകയാണ്. മുസ്ലിം ലീഗ് ദേശീയ അധ്യക്ഷന്‍ ഇ.അഹമദിന്‍െറ മൃതദേഹത്തോട് കാണിച്ച അനാദരവിനെതിരെ  ശക്തമായ പ്രക്ഷോഭം നടത്തും. യോജിച്ച രാഷ്ട്രീയ മുന്നേറ്റത്തിലൂടെ മാത്രമേ ഫാഷിസത്തെ ചെറുക്കാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. കെ.എം.സി.സി നേതാക്കളായ അഹ്മദ് പാളയാട്ട്, അബൂബക്കര്‍ അരിമ്പ്ര, സി.കെ.ശാക്കിര്‍, പാഴേരി കുഞ്ഞിമുഹമ്മദ് തുടങ്ങിയവരും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു. 

Tags:    
News Summary - Karipur airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.