വിസ്ഡം ഇസ്ലാമിക് കോൺഫറൻസിന്റെ ജുബൈൽതല പ്രചാരണ സംഗമത്തിൽ സമീർ മുണ്ടേരി മുഖ്യപ്രഭാഷണം നടത്തുന്നു
ജുബൈൽ: കുടുംബബന്ധങ്ങൾ ദൃഢമായി നിലനിൽക്കുന്ന ഇന്ത്യൻ സമൂഹത്തിലേക്ക് പാശ്ചാത്യ സംസ്കാരത്തിന്റെ ചുവടുപിടിച്ച് നടത്തുന്ന സാംസ്കാരിക അധിനിവേശങ്ങൾ തിരിച്ചറിയണമെന്നും ലിംഗ സമത്വത്തിന്റെയും ലിബറലിസത്തിന്റെയും പേരിൽ വിദ്യാലയങ്ങളിൽ പോലും നടപ്പാക്കാൻ ശ്രമിക്കുന്ന പരിഷ്കാരങ്ങൾ കരുതിയിരിക്കണമെന്നും ജുബൈൽ ദഅവ ആൻഡ് ഗൈഡൻസ് സെൻറർ മലയാള വിഭാഗം തലവൻ സമീർ മുണ്ടേരി ആവശ്യപ്പെട്ടു.
കുടുംബ സംവിധാനങ്ങൾ തകർക്കാനും സമൂഹത്തിൽ അരാജകത്വം സൃഷ്ടിക്കാനും മാത്രമേ അത്തരം നടപടികൾ സഹായിക്കുകയുള്ളൂ. ഫെബ്രുവരി 12ന് കോഴിക്കോട് നടക്കുന്ന വിസ്ഡം ഇസ് ലാമിക് കോൺഫറൻസിന്റെ ജുബൈൽതല പ്രചാരണ സംഗമത്തിൽ മുഖ്യ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ജുബൈൽ ഇന്ത്യൻ ഇസ്ലാഹി സെൻറർ സംഘടിപ്പിച്ച പരിപാടിയിൽ പ്രസിഡൻറ് അർശദ് ബിൻ ഹംസ ആമുഖഭാഷണം നടത്തി. ആത്മീയ വാണിഭം ലക്ഷ്യംവെച്ച് മത പൗരോഹിത്യം കള്ളക്കഥകൾ പ്രചരിപ്പിക്കുന്ന സമയത്ത് ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളിലേക്ക് മടങ്ങുകയും അന്ധവിശ്വാസങ്ങളിൽ അകപ്പെടാതെ ചൂഷണങ്ങൾ തിരിച്ചറിയണമെന്നും അദ്ദേഹം പ്രസ്താവിച്ചു. ‘മാനവരക്ഷക്ക് ദൈവിക ദർശനം’ എന്ന പ്രമേയത്തിൽ നടക്കുന്ന സമ്മേളനത്തിന്റെ പ്രമോഷനൽ വിഡിയോ പ്രദർശിപ്പിച്ചു. ഇന്ത്യൻ ഫാഷിസം, ലിബറലിസം, ആത്മീയ ചൂഷണങ്ങൾ, ഇസ്ലാമിക പ്രമാണങ്ങൾ തുടങ്ങി വിവിധ വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ച ചെയ്യും. ഫാഹിം അൽ ഹികമി സമാപന പ്രസംഗം നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.