റിയാദ്: ഇന്ത്യൻ എംബസിയിലെ 32 വർഷത്തെ സേവനത്തിന് ശേഷം പത്തനംതിട്ട തിരുവല്ല സ്വദേശി എം.സി. ജേക്കബ് വിരമിച്ചു. ഇക്കഴിഞ്ഞ മെയ് 30നാണ് അദ്ദേഹം ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചത്. വിരമിക്കുമ്പോൾ അവധിക്കാലം പ്രമാണിച്ച് നാട്ടിലായിരുന്നു.
1989 ലാണ് ജേക്കബ് സൗദിയിൽ പ്രവാസം ആരംഭിച്ചത്. റിയാദിലെ ഒരു ബ്രിട്ടീഷ് കമ്പനിയിൽ ജോലിചെയ്തുകൊണ്ടായിരുന്നു തുടക്കം. 1989 സെപ്തംബറിൽ ഇന്ത്യൻ എംബസിയിലെ പാസ്പോർട്ട് വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ചു. പിന്നീട് 1993ൽ ലേബർ സെക്ഷനിലേക്ക് മാറുകയും 2001 വരെ അവിടെ ഉദ്യോഗം തുടരുകയും ചെയ്തു. 2001ൽ വീണ്ടും പാസ്പോർട്ട് സെക്ഷനിലേക്കു മാറ്റം ലഭിക്കുകയും 2010 ൽ തൽമീസ് അഹമ്മദ് അംബാസഡറായിരിക്കുമ്പോൾ പുതുതായി സ്ഥാപിച്ച സാമൂഹികക്ഷേമ വിഭാഗത്തിലേക്ക് മാറ്റി. അന്നുമുതൽ സാമൂഹിക ക്ഷേമ വിഭാഗത്തിൽ പ്രവൃത്തിച്ചു വരികയായിരുന്നു.
പ്രവാസികൾ മരിക്കുമ്പോൾ അനന്തരാവകാശികൾക്ക് തൊഴിലുടമയിൽ നിന്നും മറ്റും ലഭിക്കുന്ന ശമ്പളകുടിശ്ശികയും മറ്റ് ആനുകൂല്യങ്ങളും കൈകാര്യം ചെയ്യുന്ന വകുപ്പിലായിരുന്നു സേവനം. അവിടെ നിന്നാണ് 32 വർഷത്തെ സേവനത്തിന്ന് ശേഷം വിരമിക്കുന്നത്. ഹൈദരാബാദുകാരനായ ഇഷ്റത്ത് അസീസ് അംബാസഡറായിരിക്കുമ്പോഴാൺ ജോലിയിൽ പ്രവേശിച്ചത്. ശേഷം ഒമ്പത് അംബാസഡർമാരുടെ കീഴിൽ ജോലിചെയ്തു. അംബാസഡർമാരായിരുന്ന മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരി, തൽമീസ് അഹമ്മദ്, എം.ഒ.എച്ച് ഫാറൂഖ് എന്നിവരുടെ കീഴിൽ ജോലി ചെയ്യാനായത് സൗഭാഗ്യമായി കരുതുന്നതായി എം.സി. ജേക്കബ് പറയുന്നു.
കിങ് സഉൗദ് മെഡിക്കൽ സിറ്റിയിൽ സ്റ്റാഫ് നഴ്സായ കൊച്ചുമോളാണ് ഭാര്യ. മൂന്ന് മക്കൾ. മൂത്ത മകൻ വിവാഹിതനാണ്. ആസ്ത്രേലിയയിൽ ഗവേഷണ വിദ്യാർഥിയാണ്. രണ്ടാമത്തെ മകൾ ബാംഗളുരുവിൽ പഠിക്കുന്നു. ഇളയമകൾ കോതമംഗലത്ത് ബി.ടെക് വിദ്യാർഥി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.