ദമ്മാം: സൗദിയുടെ സാംസ്ക്കാരിക തനിമയും പൈതൃകവും വിളിച്ചോതുന്ന അഞ്ചാമത് കിഴക്കൻ പ്രവിശ്യ കടൽത്തീര ഉത്സവത്തിന് ദമ്മാമിൽ കൊടിയുയർന്നു.
പരമ്പരാഗത മത്സ്യ തൊഴിലാളികളുടെ ജീവിത രീതികളെയും മുക്കുവ കുടുംബങ്ങളുടെ സാംസ്‌കാരിക ആഘോഷങ്ങളെയും തനത് ഭാവത്തിൽ പുനരാവിഷ്കരിക്കുന്ന കലാ രൂപങ്ങളാണ് മേളയുടെ ആകർഷണം.
നിരവധി ബോട്ടുകളും ചെറു കപ്പലുകളും അണിനിരത്തിയ ഉത്സവ നഗരിയിൽ വർണാഭമായ കാഴ്ചകളാണ് ഒരുക്കിയിരിക്കുന്നത്. ഖത്തർ, ബഹ്‌റൈൻ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിൽ നിന്നടക്കം 40 ഓളം ഭീമൻ ബോട്ടുകളാണ് ഇത്തവണ മേളയിലുള്ളതെന്ന് കോ^ഒാർഡിനേറ്റർ ഖലീഫ ബിൻ റാഷിദ് അൽ ഉമൈരി അറിയിച്ചു.
കിഴക്കൻ പ്രവിശ്യ നഗരസഭയുടെ ആഭിമുഖ്യത്തിൽ സർക്കാറിെൻറ വിവിധ വകുപ്പുകളുമായി സഹകരിച്ചാണ് മേളക്ക് അരങ്ങൊരുങ്ങിയത്. കിഴക്കൻ പ്രവിശ്യയിലെ ഏറ്റവും വലിയ ഉത്സവങ്ങളിലൊന്നായ കടൽ തീര ഉത്സവത്തിൽ പഴയ കാല സൗദി ജീവിതത്തിെൻറ നേർകാഴ്ച്ചകളായി വ്യത്യസ്ത കരകൗശല വസ്തുക്കൾ, മത്സ്യ ബന്ധന ഉപകരണങ്ങൾ, കൈത്തറി ഉത്പന്നങ്ങൾ, പഴയ ഗൃഹോപകരണങ്ങൾ തുടങ്ങി ൈവവിധ്യമാർന്ന ശേഖരം പ്രദർശനത്തിനും വിൽപനക്കുമുണ്ടാവും.
അറബ് നാടുകളിലെ കടലോര മേഖലകളുടെ ചരിത്രവും പൈതൃകവും പരമ്പരാഗത മത്സ്യ ബന്ധന രീതികളും ജീവിത ശൈലിയും പുതു തലമുറക്ക് പരിചയപ്പെടുത്തലാണ് മേളയുടെ മുഖ്യ ലക്ഷ്യം.
വിവിധ നാടോടി കലാരൂപങ്ങളും നാടകങ്ങളും വഞ്ചിപ്പാട്ടുകളും പരമ്പരാഗത നൃത്തങ്ങളും അരങ്ങേറും. നാടൻ രുചിക്കൂട്ടുകൾ ചേർത്തുണ്ടാക്കിയ ചായയും കഹ്വയും പകർന്നു തരുന്ന പുരാതന ചായക്കട സംഗീത സാന്ദ്രമായ അന്തരീക്ഷത്തിന് ഹൃദ്യത പകരും.
വൈകുന്നേരം നാല് മുതൽ ഒമ്പത് വരെ ദമ്മാം കോർണിഷിൽ, കിങ് അബ്ദുല്ല അബ്ദുൽ അസീസ് പാർക്കിനു സമീപം സജ്ജമാക്കിയ വേദിയിൽ മേള പത്ത് നാൾ നീളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.