മക്ക: മക്കയിൽ കോവിഡ് മൂലം ദുരിതത്തിലായ ഇന്ത്യക്കാർക്ക് വിവിധ സഹായങ്ങൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മക്ക ഇന്ത്യൻ അസോസിയേഷൻെറ നേതൃത്വത്തിൽ മക്കയിലെ 21 സന്നദ്ധ സംഘടനകൾ റിയാദിലെ ഇന്ത്യൻ അംബാസഡർ, ജിദ്ദയിലെ കോൺസൽ ജനറൽ, വിദേശകാര്യ സഹമന്ത്രി, വിവിധ എം.പി മാർ എന്നിവർക്ക് നിവേദനം നൽകി. ഇന്ത്യയിൽ നിന്ന് നിരവധി എം. പി മാരും ഈ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഇന്ത്യൻ അംബാസഡർക്കും കോൺസൽ ജനറലിനും കത്തെഴുതിയിട്ടുണ്ട്.
പ്രദേശത്ത് 24 മണിക്കൂറും കർഫ്യു ആയതിനാൽ ചികിത്സ കിട്ടാതെയും ഭക്ഷണം ലഭിക്കാതെയും തൊഴിൽ നഷ്ടപ്പെട്ടും ശമ്പളം ലഭിക്കാതെയും നിരവധി പേർ ദുരിതമനുഭവിക്കുന്നു. ഈ അവസ്ഥയിലും ഇന്ത്യൻ കോൺസുലേറ്റിൽ നിന്ന് ഇതുവരെ ഒരു സഹായവും ലഭിച്ചിട്ടില്ലെന്നും മക്കയിലെ വിവിധ സന്നദ്ധ സംഘടനകൾ നൽകുന്ന ഭക്ഷണവും മറ്റു സഹായങ്ങളുമാണ് തങ്ങൾക്കു ഇതുവരെ തുണയായതെന്നും ഇവർ സാക്ഷ്യപ്പെടുത്തുന്നു.
രോഗികൾക്ക് ആവശ്യമായ ആംബുലൻസ് സംവിധാനം ഏർപ്പെടുത്തുക, കെട്ടിടങ്ങൾ വാടകക്ക് എടുത്തെങ്കിലും ക്വാറൻറീൻ സംവിധാനം ചെയ്യുക, ദുരിതമനുഭവിക്കുന്നവർക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങളും മരുന്നുകളും എത്തിക്കാൻ സൗകര്യം ഒരുക്കുക, യാത്രക്കായി ജംബോ വിമാനങ്ങൾ പ്രവർത്തന സജ്ജമാക്കുക, നാട്ടിൽ പോകാൻ അനുമതി ലഭിക്കുന്നവരെ മക്കയിൽ നിന്ന് ജിദ്ദയിലേക്ക് എത്തിക്കാനുള്ള യാത്ര പെർമിറ്റുകൾ ലഭ്യമാക്കുക, സന്നദ്ധപ്രവർത്തകർക്ക് നിയമപരമായ സഹായ സഹകരണങ്ങൾ ലഭ്യമാക്കുക, പ്രവർത്തനങ്ങളുടെ ഏകോപനത്തിന് ഒരു ലൈസൻ ഓഫീസ് അടിയന്തരമായി ആരംഭിക്കുക, പാസ്പോർട്ട് സംബന്ധമായ സേവനങ്ങൾക്കായി കോൺസുലേറ്റിൽ നിന്ന് മക്കയിലേക്ക് പ്രത്യേകം കോൺസുലർ സന്ദർശനം നടത്തുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
നിലവിൽ ഇന്ത്യക്കാർക്ക് വേണ്ട രീതിയിലുള്ള പരിചരണങ്ങളോ മറ്റു സഹായങ്ങളോ വളരെ പരിമിതമാണ്. ഹജ്ജ് വേളയിൽ മക്കയിൽ ഹാജിമാർക്ക് ഇന്ത്യൻ കോൺസുലേറ്റ് നൽകിവരുന്ന സൗകര്യങ്ങൾ ഇപ്പോഴത്തെ സാഹചര്യങ്ങൾ പരിഗണിച്ചു സജ്ജീകരിക്കണമെന്ന ആവശ്യം മക്കയിലെ സന്നദ്ധ സംഘടനകളിൽ നിന്നും ഉയർന്നിട്ടുണ്ട്. കോവിഡ് വ്യാപനം തടയാൻ ഇന്ത്യൻ കോൺസുലേറ്റിൻെറ ശക്തവും ഫലപ്രദവുമായ ഇടപെടലുകൾ ഉണ്ടാവണമെന്നും സംഘടനാ നേതാക്കൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.