കൂട്ടായ താമസസൗകര്യ വികസന പദ്ധതി; സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കുന്നു
റിയാദ്: രാജ്യത്തെ തൊഴിലാളികൾക്കും വ്യക്തികൾക്കുമായി ഒരുക്കുന്ന കൂട്ടായ താമസസൗകര്യങ്ങളിൽ (Group Housing) സുരക്ഷാ മാനദണ്ഡങ്ങൾക്ക് പരമപ്രധാനമായ മുൻഗണന നൽകുമെന്ന് ദേശീയ താമസസൗകര്യ വികസന പദ്ധതി വ്യക്തമാക്കി. താമസ സാഹചര്യങ്ങൾ ക്രമീകരിക്കുക, പ്രതിരോധ സംവിധാനങ്ങളുടെ നിലവാരം ഉയർത്തുക, താമസക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുക എന്നിവയ്ക്കാണ് പദ്ധതി പ്രാധാന്യം നൽകുന്നത്. അംഗീകൃത വ്യവസ്ഥകളും മാനദണ്ഡങ്ങളും പാലിക്കുക എന്നത് എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്തമാണെന്നും, ഇതിലൂടെ സുരക്ഷിതവും സുസ്ഥിരവുമായ താമസസൗകര്യം ഉറപ്പാക്കാൻ സാധിക്കുമെന്നും അധികൃതർ ഊന്നിപ്പറഞ്ഞു.
ആരോഗ്യപരവും സാങ്കേതികവുമായ നിബന്ധനകൾ, അഗ്നിസുരക്ഷാ-പ്രതിരോധ സംവിധാനങ്ങൾ, അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള സജ്ജീകരണങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് കൂട്ടായ താമസസൗകര്യങ്ങളിലെ സുരക്ഷാ ചട്ടക്കൂട് രൂപപ്പെടുത്തിയിരിക്കുന്നത്. നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുമ്പോൾ ഉണ്ടാകാനിടയുള്ള അപകടസാധ്യതകൾ പൂർണ്ണമായും ഒഴിവാക്കാൻ ഈ വ്യവസ്ഥകൾ കർശനമായി പാലിക്കുന്നതിലൂടെ സാധിക്കും.
സൗദി മുനിസിപ്പാലിറ്റി-ഭവന മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ വിവിധ സർക്കാർ ഏജൻസികളുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. രാജ്യത്തുടനീളമുള്ള നഗരങ്ങളിൽ തൊഴിലാളികൾക്കായി ഒരുക്കുന്ന താമസസ്ഥലങ്ങൾ കൃത്യമായി ക്രമീകരിക്കാനും, അവിടങ്ങളിലെ ജീവിതനിലവാരവും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്താനുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.