ജുബൈൽ: ഒരുവർഷത്തോളമായി ജോലിയും ശമ്പളവും ഭക്ഷണവുമില്ലാതെ ദുരിതത്തിൽ കഴിയുന്ന 170 തൊഴിലാളികളെ കാണാനും പരാതി സ്വീകരിക്കാനുമായി ഗുരുവായൂർ എം.എൽ.എയും പ്രവാസിസംഘം കേരള സംസ്ഥാന സെക്രട്ടറിയുമായ കെ.വി. അബ്ദുൽ ഖാദിർ എത്തി. ഏറെനാളായി കഷ്ടപ്പാടിൽ കഴിയുന്ന ഇവർക്ക് സാമൂഹിക പ്രവർത്തകരും സംഘടനകളും നൽകിയിരുന്ന ഭക്ഷണ സാധനങ്ങളും കിംസ് ആശുപത്രി നൽകിയിരുന്ന വൈദ്യ സഹായവുംകൊണ്ടാണ് ജീവിതം മുന്നോട്ടു പോയിരുന്നത്. ആദ്യമായാണ് നാട്ടിൽ നിന്നുള്ള ജനപ്രതിനിധി അന്തേവാസികളുടെ ദുരിതങ്ങൾ നേരിട്ടറിയാൻ എത്തുന്നത്.
നവോദയയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച ഉച്ചക്ക് ക്യാമ്പ് അങ്കണത്തിൽ ഒരുക്കിയ വേദിയിൽ എം.എൽ.എ തൊഴിലാളികളോട് സംവദിച്ചു. ഇത് വലിയ മനുഷ്യാവകാശ പ്രശ്നമാണെന്നും, കേന്ദ്ര ഗവൺമെൻറ് സൗദി സർക്കാറുമായി നയതന്ത്ര തലത്തിൽ ചർച്ച നടത്തി എത്രയുംവേഗം പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വർഷങ്ങളായി കമ്പനിക്കു വേണ്ടി അധ്വാനിക്കുന്ന മനുഷ്യർക്ക് നാട്ടിൽ പോകുന്നതിനോ തൊഴിൽ മാറുന്നതിനോ ആശുപത്രിയിൽ ചികിത്സ തേടുന്നതിനോ പോലും നിർവാഹമില്ലാത്ത ദുരവസ്ഥയിലാണ്. കേന്ദ്ര പ്രവാസി സഹമന്ത്രി ഇതിൽ എത്രയുംവേഗം ഇടപെടണം. സംസ്ഥാന സർക്കാറുമായി ആലോചിച്ച് വേണ്ടതെല്ലാം ഉടൻ ചെയ്യുമെന്ന് അദ്ദേഹം തൊഴിലാളികൾക്ക് ഉറപ്പുനൽകി. തൊഴിലാളികളുടെ ആവശ്യങ്ങളടങ്ങിയ നിവേദനം സുനിൽ വൈപ്പിെൻറ നേതൃത്വത്തിൽ കൈമാറി. അറൈഫി ഏരിയ ഏരിയ സെക്രട്ടറി സജീവൻ കണ്ണൂർ അധ്യക്ഷത വഹിച്ചു.
എം.എൽ.എ പുലരി-2019െൻറ ടീസർ പ്രകാശനവും നിർവഹിച്ചു. ഉമേഷ് കളരിക്കൽ സംസാരിച്ചു. സുഭീഷ് മാവൂരിന് യാത്രയയപ്പ് നൽകി. പ്രേമരാജ്, ഉണ്ണികൃഷ്ണൻ, പ്രജീഷ് കറുകയിൽ, പ്രജീഷ് കോറോത്ത്, ദിനേശ് കോഴിക്കോട്, ജയൻ മുഴുവേലി, സേതുമാധവൻ, രഞ്ജിത്ത് നെയ്യാറ്റിൻകര, നൂഹ് പാപ്പിനിശ്ശേരി, ഷംസുദ്ദീൻ പള്ളിയാളി, ബാപ്പു തേഞ്ഞിപ്പലം, അനസ് മാള തുടങ്ങിയവർ പങ്കെടുത്തു. വിജയൻ പട്ടാക്കര സ്വാഗതവും കൃഷ്ണകുമാർ നന്ദിയും പറഞ്ഞു. തൊഴിലാളികൾക്കൊപ്പമിരുന്ന് ഓണസദ്യ കഴിച്ചതിനു ശേഷമാണ് എം.എൽ.എ മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.