റിയാദ്: വിഷൻ 2030 സംരംഭങ്ങളുടെ 87 ശതമാനം പൂർത്തിയായതായി കൗൺസിൽ ഓഫ് ഇക്കണോമിക് ആന്റ് ഡെവലപ്മെന്റ് അഫയേഴ്സ് വ്യക്തമാക്കി. വിഡിയോ കോൺഫറൻസ് വഴിനടന്ന കൗൺസിൽ യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എണ്ണ ഇതര പ്രവർത്തനങ്ങളുടെ തുടർച്ചയായ വളർച്ചയും ആഗോള ടാർഗറ്റ് നിരക്കിനേക്കാൾ കുറഞ്ഞ പരിധിക്കുള്ളിൽ വാർഷിക പണപ്പെരുപ്പനിരക്ക് 1.6 ശതമാനം എന്ന സ്ഥിരതയുമുള്ളതിനാൽ എല്ലാ വെല്ലുവിളികളും നേരിടാൻ ശക്തമാണ് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെന്ന് കൗൺസിൽ ഊന്നിപ്പറഞ്ഞു. സമ്പദ്വ്യവസ്ഥയുടെ ഭാവി പ്രതീക്ഷകൾ യോഗം പരാമർശിച്ചു.
2024 ആദ്യപാദത്തിലെ ആഗോള, പ്രാദേശിക സമ്പദ്വ്യവസ്ഥയുടെ പ്രകടനത്തെക്കുറിച്ച് സാമ്പത്തിക ആസൂത്രണ മന്ത്രാലയം സമർപ്പിച്ച ത്രൈമാസ അവതരണം ഉൾപ്പെടെ യോഗത്തിൽ നിരവധി റിപ്പോർട്ടുകളും വിഷയങ്ങളും അവലോകനം ചെയ്തു. ആഗോള സമ്പദ്വ്യവസ്ഥയുടെ വളർച്ചാ പ്രവണതകളുടെയും സാധ്യതകളുടെയും വിശകലനം, ദേശീയ സമ്പദ്വ്യവസ്ഥയിൽ അവയുടെ സ്വാധീനം എന്നിവ ചർച്ച ചെയ്തതിലുൾപ്പെടുന്നു. മുൻവർഷത്തെ അപേക്ഷിച്ച് 2023ൽ സംരംഭങ്ങളുടെ പ്രകടനത്തിൽ വർധനവുണ്ടായതായി യോഗം വിലയിരുത്തി. കിരീടാവകാശിയും സാമ്പത്തിക നയ പരിഷ്കരണ സമിതി അധ്യക്ഷനുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ അവതരിപ്പിച്ച കരടിന് സൗദി മന്ത്രിസഭ 2016 ലാണ് അംഗീകാരം നൽകിയത്. രാജ്യത്തെ പൗരന്മാർക്ക് ക്ഷേമവും ജീവിത നിലവാരവും കൈവരിക്കാൻ വിഷൻ 2030 പദ്ധതി വഴി ഇതിനകം തന്നെ സാധ്യമായതായി വിലയിരുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.