റിയാദ്: ഇന്ത്യന്‍ സ്കൂള്‍ മാനേജിങ് കമ്മിറ്റി തെരഞ്ഞെടുപ്പ് വിവാദത്തിലായ സാഹചര്യത്തില്‍ അംബാസഡറുടെ ഇടപെടല്‍. രക്ഷിതാക്കളില്‍ നിന്ന് വീണ്ടും പത്രികകള്‍ ക്ഷണിച്ചു. ആവശ്യത്തിനുള്ള പത്രികകള്‍ ലഭിക്കാത്തത് മൂലം തെരഞ്ഞെടുപ്പ് ഒഴിവാക്കിയതില്‍ രക്ഷിതാക്കളുടെ പ്രതിഷേധം പുകയുമ്പോഴാണ് സ്കൂള്‍ രക്ഷാധികാരി കൂടിയായ അംബാസഡര്‍ അഹ്മദ് ജാവേദ് നേരിട്ട് നാമനിര്‍ദേശം ക്ഷണിച്ചത്. നിശ്ചിത യോഗ്യതയുള്ള രക്ഷിതാക്കള്‍ ഈ മാസം 22 ബുധനാഴ്ച വൈകുന്നേരത്തിനുള്ളില്‍ എംബസിയുടെ വിദ്യാഭ്യാസ വിഭാഗത്തിലേക്ക് നാമനിര്‍ദേശങ്ങള്‍ ഇമെയിലായി അയക്കണം. അറിയിപ്പ് ഇന്ത്യന്‍ എംബസിയുടെയും സ്കൂളിന്‍െറയും വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കും പത്രിക നല്‍കാം. മാനേജിങ് കമ്മിറ്റിയില്‍ സ്ത്രീകള്‍ക്ക് കൂടി അവസരം തുറന്നിടുന്നത് ഇതാദ്യമാണ്.
വോട്ടെടുപ്പ് ഒഴിവാക്കിയെന്നും മാനേജ്മെന്‍റ് കമ്മിറ്റി അംഗങ്ങളെ ഉടന്‍ പ്രഖ്യാപിക്കുമെന്നുമുള്ള സ്കൂള്‍ പ്രിന്‍സിപ്പലിന്‍െറ സര്‍ക്കുലര്‍ ഇക്കഴിഞ്ഞ 15നാണ് സ്കൂള്‍ വെബ്സൈറ്റ് പ്രസിദ്ധീകരിച്ചത്. എന്നാല്‍ ഇതിനെ തള്ളിയാണ് വീണ്ടും വോട്ടെടുപ്പിനുള്ള കളമൊരുക്കി അംബാസഡറുടെ ഇടപെടല്‍. ഏഴംഗ സമിതിയിലേക്ക് അതില്‍ കൂടുതല്‍ പത്രികകള്‍ കിട്ടിയാല്‍ വോട്ടെടുപ്പ് നടത്തേണ്ടി വരും.
ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് ഒരുപറ്റം രക്ഷിതാക്കള്‍ അംബാസഡര്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ പരാതി അയച്ചിരുന്നു. വോട്ടെടുപ്പ് നിറുത്തിവെച്ച നടപടിക്കെതിരെ സൗദി വിദ്യാഭ്യാസ വകുപ്പിനും പരാതി നല്‍കാനുള്ള ഒരുക്കത്തിലായിരുന്നു.
ഈമാസം 24 നാണ് തെരഞ്ഞെടുപ്പ് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍, മതിയായ എണ്ണം പത്രികകള്‍ ലഭിക്കാത്ത സാഹചര്യത്തിലായിരുന്നു തെരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ സ്കൂള്‍ അധികൃതര്‍ തീരുമാനിച്ചത്. ബന്ധപ്പെട്ട അധികാരികളുമായി കൂടിയാലോചിച്ച് ലഭിച്ച പത്രികളില്‍ നിന്നുള്ളവരെയും അംബാസഡര്‍ നേരിട്ട് നിര്‍ദേശിക്കുന്നവരെയും ഉള്‍പ്പെടുത്തി പുതിയ കമ്മിറ്റിയെ പ്രഖ്യാപിക്കാനായിരുന്നു സ്കൂള്‍ അധികൃതരുടെ നീക്കം. തെരഞ്ഞെടുപ്പ് ചട്ടം പരിഷ്കരിച്ച് സ്ഥാനാര്‍ഥിത്വത്തിന് കടുത്ത നിബന്ധനകള്‍ വെച്ചതായിരുന്നു പത്രികകള്‍ കുറയാന്‍ ഇടയാക്കിയത്. എന്നാല്‍ അതേ നിബന്ധനകള്‍ ആവര്‍ത്തിച്ചാണ് ഇപ്പോള്‍ അംബാസഡറും പത്രിക ക്ഷണിച്ചിരിക്കുന്നത്.
സ്ഥാനാര്‍ഥിയാകാനുള്ള നിബന്ധനകള്‍ ഇനി പറയുന്നതാണ്: റിയാദില്‍ താമസിക്കുന്ന ഇന്ത്യന്‍ സ്ത്രീ, പുരുഷന്മാര്‍ക്കാണ് അര്‍ഹത. ബിരുദമാണ് മിനിമം യോഗ്യതയെങ്കിലും ബിരുദാനന്തര ബിരുദത്തിനാണ് ഊന്നല്‍. എം.ബി.ബി.എസ് പോലുള്ള പ്രഫഷനല്‍ യോഗ്യതയുള്ളവരേയും പരിഗണിക്കും.
8000 റിയാല്‍ അടിസ്ഥാന ശമ്പളമുള്ള ഉയര്‍ന്ന ഉദ്യോഗമുണ്ടാകണം. തെരഞ്ഞെടുക്കപ്പെട്ട് കഴിഞ്ഞാല്‍ ഏറ്റവും കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും രക്ഷകര്‍ത്താവായിരിക്കും എന്ന ഉറപ്പുണ്ടാവണം. 11, 12 ക്ളാസുകളില്‍ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് സ്ഥാനാര്‍ഥിയാകാന്‍ കഴിയില്ല. തൊഴിലുടമയില്‍ നിന്ന് നോഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റും ശമ്പള സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം.
തെരഞ്ഞെടുക്കപ്പെട്ടാല്‍ തന്‍െറ കാലയളവില്‍ സ്കൂളിന്‍െറ അക്കാദമിക് പുരോഗതിക്കും കുട്ടികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്താനും വേണ്ടി ആവിഷ്കരിച്ച് നടപ്പാക്കുന്ന പദ്ധതികളെ കുറിച്ച് 100 വാക്കില്‍ കവിയാത്ത ഒരു ഉപന്യാസവും വേണം.
ഈ രേഖകളെല്ലാം ചേര്‍ത്തുള്ള പത്രിക edu.riyadh@mea.gov.in എന്ന ഇമെയില്‍ വിലാസത്തിലേക്കാണ് അയക്കേണ്ടത്. അവസാന തീയതി ഈ മാസം 22.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.