ഉല്‍സവ നിറവില്‍ മദീന

മദീന: ശാന്തിയുടെയും സ്നേഹത്തിന്‍െറയും പട്ടണമായ മദീനയില്‍ തീര്‍ഥാടന ടൂറിസത്തിലേക്കുള്ള പുതിയ ചുവടുവെപ്പായി ‘ഇസ്ലാമിക ടൂറിസം ഫെസ്റ്റിവ’ലിന് തുടക്കമായതോടെ പ്രവാചക നഗരി ഉല്‍സവ നിറവില്‍. പരിപാടിയോടനുബന്ധിച്ച് ലോകത്തിന്‍െറ നാനാഭാഗത്ത് നിന്നും സര്‍ക്കാറിന്‍െറ അതിഥികളായത്തെുന്നവരെ സ്നേഹപൂര്‍വം സ്വീകരിക്കുന്ന തിരക്കിലാണ് സംഘാടകര്‍. മദീനയിലെ പ്രധാന ഹോട്ടലുകളിലെല്ലാം മേളയുടെ  അതിഥികള്‍ താമസിക്കുന്നു. അവര്‍ക്ക് ചരിത്രഭൂമികളിലൂടെ സഞ്ചാരം സംഘടിപ്പിക്കുന്നു. അറബ് ആതിഥ്യത്തിന്‍െറ ഊഷ്മളതയോടെ അത്താഴവിരുന്നുകളൊരുക്കുന്നു. ഹറം പരിസരത്ത് നിന്ന് മുപ്പത് കിലോമീറ്റര്‍ അകലെ മലയടിവാരത്ത് കിങ് ഫഹദ് സെന്‍ട്രല്‍ ഗാര്‍ഡന്‍ സന്ധ്യയാവുന്നതോടെ  വര്‍ണാഭമായ ഉല്‍സവ നഗരിയായി മാറുന്നു. വിവിധ കലാപരിപാടികളും ചര്‍ച്ചകളും ഇതോടനുബന്ധിച്ച് നടക്കുന്നു.  ടൂറിസം വകുപ്പ് മറ്റ് സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണത്തോടെയാണ് വിപുലമായ മേള നടത്തുന്നത്. പത്ത് തലക്കെട്ടുകളിലായി 300 ഓളം പരിപാടികളാണ് ഒരു വര്‍ഷം സംഘടിപ്പിക്കുന്നത്.  സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉള്‍കൊള്ളുന്നതാണ് പരിപാടികളെന്ന് സംഘാടകര്‍ പറയുന്നു. ലോകത്തിന്‍െറ വിവധ ഭാഗങ്ങളിലുള്ള മസ്ലീം വിശ്വാസി സമൂഹം വിരുന്നുപോകാന്‍ കൊതിയോടെ കാത്തിരിക്കുന്ന സ്ഥലമാണ് മദീന. സ്നേഹത്തിന്‍െറയും വിപ്ളവത്തിന്‍െറയും ചരിത്രം രചിച്ച മണ്ണിലേക്ക് എല്ലാ വിശ്വാസികളും വരൂ എന്ന സന്ദേശമാണ്  ‘മദീന ഇസ്ലാമിക് ടൂറിസത്തിന്‍െറ തലസ്ഥാനം’ എന്ന  പരിപാടി നല്‍കുന്നത്. തീര്‍ഥാടന ടൂറിസത്തിന്‍െറ അനന്ത സാധ്യതയാണ് മദീനയിലുള്ളതെന്ന്  ഒ.ഐ.സി സെക്രട്ടറി ജനറല്‍ ഡോ.യൂസുഫ്  അല്‍ ഉഥൈമീന്‍ പറയുന്നു. ഈ സാധ്യതകളെ ഉപയോഗപ്പെടുത്തുന്ന രീതിയിലാണ് സംഘാടകര്‍ ടൂറിസം ഫെസ്റ്റിവല്‍ ഒരുക്കുന്നത്. അറബ് കലയും സംഗീതവും സര്‍ഗവൈഭവവും അതിന്‍െറ പൂര്‍ണതയോടെ സന്നിവേശിപ്പിച്ചാണ് ഉദ്ഘാടന മഹോല്‍സവം സംഘടിപ്പിച്ചത്. ഈ പരിപാടി നല്‍കുന്ന സന്ദേശം ഒരു മണിക്കൂര്‍ നീണ്ട കലാവിരുന്നില്‍ അഥിതികള്‍ക്ക് മനസ്സിലാക്കിക്കൊടുക്കാന്‍ ഉപകരിക്കുന്നതായിരുന്നു ഉദ്ഘാടന ദിവസത്തെ  പരിപാടികള്‍. ‘ഇസ്ലാമിക് വാര്‍ മ്യൂസിയ’മുള്‍പെടെ  ലോകം ശ്രദ്ധിക്കുന്ന പദ്ധതികളാണ് മേളയോടനുബന്ധിച്ച് നടപ്പിലാവുന്നത്.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.