എയര്‍ ഇന്ത്യ റിയാദില്‍ നിന്ന്  നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്കുകള്‍ കുറച്ചു 

റിയാദ്: റിയാദില്‍ നിന്ന് കൊച്ചി, തിരുവനന്തപുരം, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലേക്ക് ടിക്കറ്റ് നിരക്കില്‍ ഇളവ് ഏര്‍പ്പെടുത്തിയതായി എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. കൊച്ചിയിലേക്ക് റിട്ടേണ്‍ ടിക്കറ്റിന് 500 റിയാലാണ് നികുതി ഒഴിച്ചുള്ള നിരക്ക്. ഇത് നികുതി കൂടി ചേര്‍ത്ത് 1410 റിയാലിന് ലഭിക്കും. തിരുവനന്തപുരത്തേക്ക് 600 റിയാലാണ് അടിസ്ഥാന നിരക്ക്. നികുതിയടക്കം 1540 റിയാല്‍ നല്‍കിയാല്‍ മതി. നേരത്തേ കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും 900 റിയാലായിരുന്നു അടിസ്ഥാന നിരക്ക്. ഇതാണ് 500ഉം 600മായി കുറച്ചിരിക്കുന്നത്. മുംബൈയിലേക്ക് 1290 റിയാലും ഡല്‍ഹിയിലേക്ക് 1440 മാണ് ടിക്കറ്റ് നിരക്ക്. നവംബര്‍ 30 വരെയാണ് ഈ ഇളവ് ലഭിക്കുക. നവംബര്‍ അഞ്ചുവരെ ടിക്കറ്റ് എടുക്കുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുകയെന്ന് എയര്‍ ഇന്ത്യ സ്റ്റേഷന്‍ മാനേജര്‍ കുന്ദന്‍ലാല്‍ ഗൊതുവാല്‍ അറിയിച്ചു. ഉപഭോക്താക്കളുടെ സൗകര്യാര്‍ഥം എയര്‍ ഇന്ത്യ ഓഫിസിന്‍െറ പ്രവൃത്തി സമയവും വര്‍ധിപ്പിച്ചിട്ടുണ്ട്. റിസര്‍വേഷനും ടിക്കറ്റിനുമുള്ള ഓഫിസ് ഞായര്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ 8.30 മുതല്‍ രാത്രി 7.30 വരെ പ്രവര്‍ത്തിക്കും. വെള്ളിയാഴ്ച അവധിയാണ്. ശനിയാഴ്ച രാവിലെ 8.30 മുതല്‍ ഉച്ച ഒന്നു വരെയും വൈകിട്ട് നാലു മുതല്‍ 7.30 വരെയും പ്രവര്‍ത്തിക്കും. മലബാറിലുള്ള മലയാളികള്‍ക്ക് ഏറെ ആശ്വാസമായി ഡിസംബര്‍ രണ്ടു മുതല്‍ റിയാദില്‍ നിന്ന് കോഴിക്കോട്ടേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് നേരിട്ട് സര്‍വീസ് നടത്താനും നേരത്തേ തീരുമാനിച്ചിട്ടുണ്ട്. തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ എന്നീ ദിവസങ്ങളിലായിരിക്കും സര്‍വീസ്. ഉച്ചക്ക് 1.15ന് വിമാനം റിയാദില്‍ നിന്ന് പുറപ്പെടും. നേരത്തേ സര്‍വീസുണ്ടായിരുന്ന എയര്‍ ഇന്ത്യ ആഴ്ചയില്‍ മൂന്ന് ദിവസങ്ങളിലായിരുന്നു പറന്നിരുന്നത്. റണ്‍വേ അറ്റകുറ്റപ്പണികള്‍ക്കായി കരിപ്പൂര്‍ വിമാനത്താവളം ഭാഗികമായി അടച്ചിടുകയും വലിയ വിമാനങ്ങള്‍ക്ക് അനുമതി നിഷേധിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് റിയാദില്‍ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ട് സര്‍വീസ് നടത്തിയിരുന്ന എയര്‍ ഇന്ത്യ വിമാനം നിര്‍ത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.