???????? ???????????????????????????? ???? ??????

മൊബൈല്‍ കടകള്‍ തുടങ്ങാന്‍ വായ്പ; 204 അപേക്ഷര്‍ക്ക് ധനസഹായം 

റിയാദ്: മൊബൈല്‍ കടകളില്‍ സൗദിവത്കരണം ഏര്‍പ്പെടുത്തിയതിന് പിറകെ ഈ മേഖലയില്‍ സംരംഭങ്ങള്‍ തുടങ്ങാനാഗ്രഹിക്കുന്ന സ്വദേശികള്‍ക്ക് വായ്പ നല്‍കുന്ന പദ്ധതിക്ക് തുടക്കമായി. സൗദി ക്രഡിറ്റ് ആന്‍ഡ് സേവിങ്സ് വഴിയാണ് വായ്പകള്‍ നല്‍കുന്നത്. ഇതുവരെയായി അപേക്ഷിച്ച 204 പേര്‍ക്ക് സഹായം നല്‍കാന്‍ അധികൃതര്‍ തീരുമാനിച്ചു. ഇതില്‍ 186 അപേക്ഷകര്‍ പുരുഷന്മാരും 18 പേര്‍ സ്ത്രീകളുമാണ്. മൊബൈല്‍ കടകളോ റിപ്പയറിങ് കേന്ദ്രങ്ങളോ തുടങ്ങാന്‍ ആഗ്രഹിക്കുന്ന സ്വദേശികള്‍ക്ക് പരമാവധി രണ്ട് ലക്ഷം റിയാലാണ് വായ്പയായി അനുവദിക്കുക. തൊഴില്‍ മന്ത്രാലയത്തിന്‍െറ സഹകരണത്തോടെയാണ് ധനസഹായം നല്‍കുന്നത്. മൊബൈല്‍ കടകളില്‍ നിന്ന് വിദേശികള്‍ ഒഴിഞ്ഞു പോകുന്നതോടെ സ്ഥാപനങ്ങള്‍ വാങ്ങുന്നതിനോ സ്വന്തമായി കടകള്‍ തുടങ്ങുന്നതിനോ വേണ്ടിയാണ് വായ്പ നല്‍കുന്നത്. 18 വയസ്സു കഴിഞ്ഞവരും തൊഴില്‍ വകുപ്പിന്‍െറ പരിശീലന കോഴ്സുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്കുമാണ് അര്‍ഹത. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷ സ്വീകരിച്ചത്. ഇത് പരിശോധിച്ച് ബോധ്യപ്പെട്ടതിന് ശേഷമാണ് അധികൃതര്‍ സാമ്പത്തിക സഹായം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഗ്രാമീണ മേഖലയിലുള്ള വനിതകള്‍ക്ക് സ്വയം തൊഴിലായി മൊബൈല്‍ കടകളും ആവശ്യമായ ഉപകരണങ്ങളും വാങ്ങുന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നത്. ഇവരുടെ അപേക്ഷകളാണ് തുടക്കത്തില്‍ പരിഗണിച്ചത്. www.riyadah.com.sa എന്ന വെബ്സൈറ്റ് വഴിയാണ് വായ്പക്കുള്ള അപേക്ഷ സ്വീകരിക്കുന്നത്. അപേക്ഷകരെ പിന്നീട് അധികൃതര്‍ അഭിമുഖത്തിന് ക്ഷണിച്ചു. എങ്ങനെയാണ് പുതിയ സംരംഭം തുടങ്ങേണ്ടതെന്നത് സംബന്ധിച്ച് അഞ്ചു ദിവസത്തെ പരിശീലനം നല്‍കി. വായ്പ ലഭിച്ചവര്‍ ഒരു വര്‍ഷത്തിന് ശേഷമാണ് തിരിച്ചടക്കേണ്ടത്. വിദേശികള്‍ ഒഴിഞ്ഞു പോകുന്നതോടെ മൊബൈല്‍ മേഖലയില്‍ മാന്ദ്യമുണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ എന്ന രീതിയിലാണ് അധികൃതര്‍ സംരംഭകരായി മുന്നോട്ടു വരുന്നവര്‍ക്ക് സഹായ വാഗ്ദാനവുമായി രംഗത്തത്തെിയിരിക്കുന്നത്. ധനസഹായത്തിന് ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ളത് റിയാദ് മേഖലയിലാണ്. ബാങ്കിന്‍െറ നേതൃത്വത്തില്‍ നടന്ന പരിശീലന പരിപാടിയില്‍ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു. 1393 പേരാണ് റിയാദില്‍ നിന്ന് മാത്രം സംരംഭം തുടങ്ങാന്‍ മുന്നോട്ടു വന്നിരിക്കുന്നത്. മക്ക 1135, മദീന 516, ഖസീം 552, കിഴക്കന്‍ പ്രവിശ്യ 559, അസീര്‍ 663 എന്നിങ്ങനെയാണ് മറ്റു മേഖലയിലുള്ളവരുടെ കണക്കുകള്‍. 


 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.