നിതാഖാത്തിന്‍െറ പരിധി അഞ്ചംഗ സ്ഥാപനമാക്കി ചുരുക്കാന്‍ നീക്കം

റിയാദ്: സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണത്തിന്‍െറ ഭാഗമായി തൊഴില്‍, സാമൂഹിക ക്ഷേമ മന്ത്രാലയം നടപ്പാക്കിവരുന്ന നിതാഖാത്തിന്‍െറ പരിധിയില്‍ വരാത്ത സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ അംഗസംഖ്യ നിലവിലുള്ള ഒമ്പതിന് പകരം അഞ്ചാക്കി ചുരുക്കാന്‍ നീക്കം നടക്കുന്നതായി മന്ത്രാാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. ഇതനുസരിച്ച് ചെറുകിട സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ അംഗസംഖ്യ ആറിനും 49നുമിടക്കായിരിക്കും. ഒമ്പത് വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങളില്‍ സ്ഥാപന ഉടമ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ മറ്റു സ്വദേശികളെ നിയമിക്കേണ്ടതില്ളെന്ന ഇളവ് ഇതോടെ ഇല്ലാതാവും. പുതിയ പരിഷ്കരണമനുസരിച്ച് അഞ്ചിന് മുകളില്‍ തൊഴിലാളികളുള്ള ചെറിയ സ്ഥാപനങ്ങളിലും നിതാഖാത്ത് അനുപാതമനുസരിച്ച് സ്വദേശികളെ നിയമിക്കാന്‍ സ്ഥാപന ഉടമകള്‍ നിര്‍ബന്ധിതരാവും. സ്വദേശിവത്കരണം വ്യാപകമാക്കുക, ബിനാമി ഇടപാടുകള്‍ തടയുക എന്നീ ലക്ഷ്യത്തോടെയാണ് നിതാഖാത്തിന്‍െറ പരിധി ചുരുക്കാന്‍ തൊഴില്‍ മന്ത്രാലയം ഉദ്ദേശിക്കുന്നത്. രാജ്യത്തെ 15.2 ലക്ഷം സ്ഥാപനങ്ങള്‍ ഒമ്പതിന് താഴെ ജോലിക്കാരുള്ള നന്നേ ചെറിയ സ്ഥാപനങ്ങളുടെ ഗണത്തിലാണുള്ളത്. നിതാഖാത്ത് വ്യവസ്ഥയില്‍ ഇത്തരം സ്ഥാപനങ്ങള്‍ വെള്ള ഗണത്തിലാണ് വരിക.
സൗദിയിലെ മൊത്തം സ്ഥാപനങ്ങളുടെ 85.6 ശതമാനം വരുന്ന ഈ സ്ഥാപനങ്ങളില്‍ സ്വദേശിവത്കരണത്തിന്‍െറ തോത് വളരെ ചെറിയതാണ്.
എന്നാല്‍ ഒമ്പതിന് പകരം അഞ്ച് എന്ന എണ്ണത്തിലേക്ക് പരിമിതപ്പെടുത്തുന്നതോടെ ഈ മേഖലയിലെ സ്വദേശിവത്കരണം ഇരട്ടിയിലധികമാക്കാന്‍ സാധിക്കും. കൂടാതെ നിലവില്‍ ചെറുകിട സ്ഥാപനങ്ങളുടെ തോത് ആരംഭിക്കുന്ന പത്തില്‍ നിന്ന് ആറാക്കി ചുരുക്കുന്നതോടെ ഈ മേഖലയിലും സ്വദേശിവത്കരണത്തിന്‍െറ തോത് വര്‍ധിക്കും. സൗദി ഭരണകൂടത്തിന്‍െറ വിഷന്‍ 2030ന്‍െറ ഭാഗമായി തൊഴില്‍, സമൂഹികക്ഷേമ മന്ത്രാലയം നടപ്പാക്കുന്ന തൊഴിലില്ലായ്മ നിര്‍മാര്‍ജനം വിജയിപ്പിക്കാന്‍ ഇത് അനിവാര്യമാണെന്നും മന്ത്രാലയ വൃത്തങ്ങള്‍ വിശദീകരിച്ചു. സ്വദേശികള്‍ക്കിടയില്‍ നിലവിലുള്ള 12 ശതമാനം തൊഴിലില്ലായ്മ ആറ് ശതമാനമാക്കി ചുരുക്കാനാണ് അധികൃതര്‍ ഉദ്ദേശിക്കുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.