സൗദി അല്‍അഹ്സയില്‍ ചാവേര്‍ ആക്രമണം; നാലുമരണം

ദമ്മാം: അല്‍അഹ്സ പ്രവിശ്യയിലെ മഹാസിനില്‍ ശിയ പള്ളിയിലുണ്ടായ ചാവേര്‍ ആക്രമണത്തിലും വെടിവെപ്പിലും നാലുപേര്‍ കൊല്ലപ്പെട്ടു. 18 പേര്‍ക്ക് പരിക്കേറ്റു. സൗദി അരാംകോയുടെ ജീവനക്കാര്‍ താമസിക്കുന്ന കെട്ടിടങ്ങള്‍ക്ക് സമീപത്തെ ഇമാം റദ പള്ളിയിലാണ് സംഭവം. ജുമുഅ നമസ്കാര സമയത്താണ് ആക്രമണം ഉണ്ടായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രണ്ടുചാവേറുകളാണ് പള്ളിയിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ചത്. സുരക്ഷ ജീവനക്കാര്‍ തടഞ്ഞതോടെ ഇതിലൊരാള്‍ പള്ളിക്ക് പുറത്ത് പൊട്ടിത്തെറിക്കുകയായിരുന്നു. രണ്ടാമത്തെ ചാവേറിനെ പരിസരത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷ ഉദ്യോഗസ്ഥര്‍ പള്ളിയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തടഞ്ഞതിനാല്‍ വന്‍ അപകടം ഒഴിവായി. ആദ്യത്തെ സ്ഫോടനത്തെ തുടര്‍ന്ന് പള്ളിയിലെ വൈദ്യുതി ബന്ധം നഷ്ടപ്പെടുകയും ഉള്ളില്‍ ഇരുട്ട് വ്യാപിക്കുകയും ചെയ്തു. സംഘത്തിലുണ്ടായിരുന്ന രണ്ടാമത്തെ ചാവേര്‍ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സുരക്ഷ ഉദ്യോഗസ്ഥരും നമസ്കരിക്കാനത്തെിയവരും ചേര്‍ന്നു സാഹസികമായി കീഴടക്കി. പൊട്ടിത്തെറിക്കുന്നതിന് മുമ്പ്  ദേഹത്ത് പിടിപ്പിച്ച ബോംബ് നീക്കം ചെയ്യാന്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചു. 200 ലേറെ പേര്‍ ഈ സമയം പള്ളിയിലുണ്ടായിരുന്നു. അക്രമിയെ കീഴ്പ്പെടുത്തുന്ന ദൃശ്യങ്ങള്‍ പ്രാദേശിക ചാനലുകള്‍ സംപ്രേഷണം ചെയ്തു.
 സംഭവത്തിനു ശേഷം സുരക്ഷ സേന സ്ഥലം വളഞ്ഞിരിക്കുകയാണ്.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.