ബിന്‍ലാദിന്‍ കമ്പനി ജീവനക്കാരുടെ വേതന  പ്രതിസന്ധിക്ക് പരിഹാരമായതായി തൊഴില്‍ മന്ത്രാലയം 

ജിദ്ദ : സൗദി ബിന്‍ലാദിന്‍ ഗ്രൂപ്പിന് കീഴില്‍ മക്ക മേഖലയില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ ശമ്പളം താമസിച്ചതുമൂലം ഉടലെടുത്ത പ്രതിഷേധത്തിനു പരിഹാരമായതായി തൊഴില്‍ വകുപ്പ് അറിയിച്ചു. ഉന്നത ഉദ്യോഗസ്ഥരും കമ്പനി അതികൃതരും നടത്തിയ ചര്‍ച്ചയിലാണ് പ്രശ്ന പരിഹാരത്തിനായുള്ള ഫോര്‍മുലക്ക് രൂപം നല്‍കിയത്. കമ്പനിയിലെ രണ്ടായിരത്തോളം വരുന്ന എഞ്ചിനീയര്‍മാര്‍ക്കും മാനേജര്‍മാര്‍ക്കും മറ്റു തൊഴിലാളികള്‍ക്കും നാല് മാസമായി ശമ്പളം തടഞ്ഞുവെച്ചിരുന്നതിനാല്‍ ഇവര്‍ സമരങ്ങളിലേക്കു നീങ്ങുകയും ആയിരത്തോളം തൊഴിലാളികള്‍ കഴിഞ്ഞ ആഴ്ച കമ്പനി ആസ്ഥാന മന്ദിരത്തിനു മുമ്പില്‍ തടിച്ചു കൂടുകയും ചെയ്തിരുന്നു. 
പ്രശ്നം രൂക്ഷമായതോടെ തൊഴില്‍ വകുപ്പിലെ ഉന്നതോദ്യോഗസ്ഥന്‍ ഖാലിദ് അബല്‍ ഖെയ്ലിന്‍െറ നേതൃത്വത്തില്‍ തൊഴിലാളികളുടെ പരാതികള്‍ സ്വീകരിക്കുകയും വിഷയത്തില്‍ ഇടപെടുകയും ചെയ്തു. 
ഇതിന്‍െറ അടിസ്ഥാനത്തിലാണ് പ്രശ്ന പരിഹാരത്തിന് ധാരണയായത്. ഇതനുസരിച്ച് മുഴുവന്‍ ശമ്പളവും ലഭിക്കുന്നതുവരെ തൊഴിലാളികള്‍ ജോലിക്ക് ഹാജരാവേണ്ടതില്ല. 
ജോലിക്ക് ഹാജരാവാത്ത ദിവസങ്ങളിലെ ശമ്പളം ലഭിക്കുകയില്ല. ഇതുവരെയുള്ള ശമ്പളവും മറ്റു ആനുകൂല്യങ്ങളും നല്‍കി തൊഴിലാളികളെ നാട്ടിലേക്ക് കയറ്റി അയക്കുകയോ മറ്റേതെങ്കിലും കമ്പനികളിലേക്ക് സ്പോന്‍സര്‍ഷിപ്പ് മാറ്റാന്‍ അനുവാദം നല്‍കുകയോ ചെയ്യും. 
കമ്പനിയില്‍ ജോലി ചെയ്യുന്ന മലയാളികളുള്‍പ്പെടെ ആയിരക്കണക്കിന് ജീവനക്കാര്‍ക്ക് ആശ്വാസമാകുന്ന നടപടികളാണ് അധികൃതരുടെ ഇടപെടലിലൂടെ ഉണ്ടായത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.