ഷെല്ലാക്രമണങ്ങളില്‍ മരിച്ചവരുടെ  ബന്ധുക്കള്‍ക്ക്  42,23,673   രൂപ സമാഹരിച്ചു നല്‍കി

ജീസാന്‍: സാംതയില്‍ ഹൂതി വിമതരുടെ ഷെല്ലാക്രമണങ്ങളില്‍ മരിച്ച പ്രവാസികളുടെ ബന്ധുക്കള്‍ക്ക് ജീസാനിലെ മലയാളികള്‍ 42,23,673   രൂപ സമാഹരിച്ചു നല്‍കി. കുടുംബത്തിന്‍െറ എല്ലാ ഭാരങ്ങളും തലയിലേറ്റി പ്രവാസം തെരഞ്ഞെടുത്ത് ജീസാനില്‍ ജോലി ചെയ്ത നാല് പ്രവാസി മലയാളികളുടെ അപ്രതീക്ഷിത മരണം പ്രവിശ്യയിലെ മലയാളികളുടെ ദുഃഖമായി മാറിയിരുന്നു. എല്ലാ പ്രതീക്ഷകളും അസ്തമിച്ച് പ്രതിസന്ധിയിലായ കുടുംബങ്ങള്‍ക്ക് ആശ്വാസം പകരാനാണ് ജീസാനിലെ പ്രവാസി സമൂഹം  മുന്നിട്ടിറങ്ങിയത്.  2,500 ഓളം പ്രവാസി മലയാളികളില്‍ നിന്നാണ് ഇത്രയും തുക കണ്ടത്തൊനായത്.  
യമന്‍ ഹൂതി വിമതര്‍ സാംതയിലും പരിസര പ്രദേശങ്ങളിലും നടത്തിയ ഷെല്ലാക്രമണങ്ങളില്‍ കൊല്ലപ്പെട്ട എറണാകുളം മട്ടാഞ്ചേരി സ്വദേശി കെ.ടി. ഫാറൂഖ് (20,95,621 രൂപ), കൊല്ലം കൊട്ടിയം സ്വദേശി വിഷ്ണു വിജയന്‍ (13,91,567 രൂപ), കൊല്ലം പെരിനാട് സ്വദേശി ജെറീസ് മത്തായി (4,36,485 രൂപ) എന്നിവരുടെ കുടുംബങ്ങള്‍ക്കും കഴിഞ്ഞ നവംബറില്‍ സബിയയിലുണ്ടായ ടാങ്കര്‍ തീ പിടിത്തത്തില്‍ മരിച്ച മലപ്പുറം പരപ്പനങ്ങാടി സ്വദേശി അബ്ദുറഹ്മാന്‍െറ (മൂന്ന് ലക്ഷം രൂപ) കുടുംബത്തിനുമായാണ് സഹായധനം സമാഹരിച്ച് നല്‍കിയത്. കുടുംബങ്ങളുടെ കടബാധ്യതകള്‍ പരിഗണിച്ചാണ് സഹായധന തുക നിശ്ചയിച്ചത്. 
കുടുംബ സഹായ കമ്മിറ്റിയുടെ മുഴുവന്‍ പ്രവര്‍ത്തന ചെലവുകളും ഭാരവാഹികള്‍ സ്വയം വഹിക്കുകയായിരുന്നു. കൂടാതെ ഫണ്ട് സമാഹരണം സുതാര്യമാക്കുന്നതിനായി സംഭാവന നല്‍കിയവരുടെ പേരും തുകയും വിവരങ്ങളും ഉള്‍പ്പെടുത്തി വിശദമായ ലിസ്റ്റും കമ്മിറ്റി പ്രസിദ്ധീകരിച്ചു.
കെ.എം.സി.സി, ജീസാന്‍ ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍ (ജല), ഒ.ഐ.സി.സി, തനിമ, ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ, ഇസ്ലാമിക് സെന്‍റര്‍, സാംത പ്രവാസി സംഘം എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് കൂട്ടായ്മ രൂപീകരിച്ച് കുടുംബ സഹായ ഫണ്ട് സമാഹരിച്ചത്. ജല ജീസാനും അസീര്‍ പ്രവാസി സംഘം ദര്‍ബ് യൂണിറ്റും സംഘടനകളുടെ ജീവകാരുണ്യ ഫണ്ടില്‍ നിന്ന് സംഭാവന നല്‍കി.  കുടുംബ സഹായ കമ്മിറ്റി യോഗത്തില്‍ ജനറല്‍ കണ്‍വീനര്‍ ഡോ. മുബാറക്ക് സാനി റിപ്പോര്‍ട്ടും ട്രഷറര്‍ എം.താഹ കണക്കും അവതരിപ്പിച്ചു. ചെയര്‍മാന്‍ ഹാരിസ് കല്ലായി അധ്യക്ഷത വഹിച്ചു. ഷംസു പൂക്കോട്ടൂര്‍, ദേവന്‍ വെന്നിയൂര്‍, മുഹമ്മദ് വിളക്കോട്, ഫ്രാന്‍സിസ് പാലക്കാട്, സുല്‍ഫിക്കര്‍ മൂവാറ്റുപുഴ, താഹ കോഴിക്കോട്, എന്‍.എം മൊയ്തീന്‍ ഹാജി, മുനീര്‍ ഹുദവി ഉള്ളണം, ശശി വള്ളിക്കാവ്, അജി ശൂരനാട്, കെ. രമേശ് ബാബു, റസാഖ് വെളിമുക്ക്, നിസാര്‍ ശൂരനാട് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.  പ്രവാസി കുടുംബ സഹായ ഫണ്ട് വിജയിപ്പിക്കുന്നതിന് സഹകരിച്ച സംഘടനകള്‍ക്കും സാമൂഹിക പ്രവര്‍ത്തകര്‍ക്കും മുഴുവന്‍ പ്രവാസികള്‍ക്കും കമ്മിറ്റി  നന്ദി അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.